“അമേരിക്കയില്‍ ആണും പെണ്ണും മതി,ഭിന്നലിംഗക്കാർ വേണ്ട “- ട്രംപ്
അമേരിക്കയില്‍ ആണും പെണ്ണും എന്ന രണ്ട് ലിംഗങ്ങൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ: ട്രംപ്
ഫീനിക്‌സ് (അരിസോണ) : ‘ട്രാൻസ്‌ജെൻഡർ ഭ്രാന്ത്’ അവസാനിപ്പിക്കുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ടൊണാള്‍ഡ് ട്രംപ്. ട്രാൻസ്‌ജെൻഡർ വിഭാഗത്തെ സൈന്യത്തിൽ നിന്നും പ്രൈമറി വിദ്യാലയങ്ങളിൽ നിന്നുമടക്കം പുറത്താക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. എൽജിബിടിക്യു സമൂഹത്തിന്‍റെ അവകാശങ്ങൾക്കെതിരായ മുന്നേറ്റം തുടരുമെന്നും ട്രംപ് പറഞ്ഞു.
‘അധികാരത്തിലെത്തിയാൽ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാനും, ട്രാൻസ്‌ജെൻഡർ വിഭാഗത്തെ സൈന്യത്തിൽ നിന്നും പ്രാഥമിക വിദ്യാലയങ്ങളിൽ നിന്നും മിഡിൽ സ്‌കൂളുകളിൽ നിന്നും ഹൈസ്‌കൂളുകളിൽ നിന്നും പുറത്താക്കാനുമുള്ള എക്‌സിക്യൂട്ടീവ് ഉത്തരവുകളിൽ ഞാൻ ആദ്യം ഒപ്പിടും’- അരിസോണയിലെ ഫീനിക്‌സിൽ യുവ കണ്‍സര്‍വേറ്റീവുകള്‍ക്കായി നടന്ന പരിപാടിയിൽ ട്രംപ് പറഞ്ഞു.
പുരുഷന്മാരെ സ്‌ത്രീകളുടെ കായിക ഇനങ്ങളിൽ നിന്ന് അകറ്റി നിർത്തുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കൻ ഗവൺമെന്‍റിന്‍റെ ഔദ്യോഗിക നയ പ്രകാരം അമേരിക്കയില്‍ ആണും പെണ്ണും എന്ന രണ്ട് ലിംഗങ്ങൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നും ട്രംപ് വ്യക്തമാക്കി.