ഖത്തർ അമീറിന്റെ ഔദ്യോഗിക വസതി ചുറ്റിക്കണ്ട് ട്രംപ്

ദോഹ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഖത്തർ അമീറിന്റെ ഔദ്യോഗിക വസതിയായ അൽ വജ്ബ പാലസ് സന്ദർശിച്ചു . മിഡിൽഈസ്റ്റ് പര്യടനത്തിന്റെ ഭാഗമായി ഇന്നലെയാണ് ട്രംപ് ഖത്തറിലെത്തിയത്. അമീറിന്റെ വസതിയിലെത്തിയ ട്രംപിന് വലിയ സ്വീകരണമായിരുന്നു ഒരുക്കിയിരുന്നത്. പാലസ് മുഴുവനും ട്രംപ് ചുറ്റിക്കണ്ടു. അമീറാണ് പാലസിനെപ്പറ്റിയുള്ള കാര്യങ്ങൾ ട്രംപിന് പറഞ്ഞുകൊടുത്തത്. പാലസ് ചുറ്റിക്കാണുന്നതിനിടയിൽ അടിപൊളി വീടാണിതെന്ന് ട്രംപ് പറയുകയും ചെയ്തു.
22 വർഷത്തിനിടെയിൽ ഇതാദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്റ് ഖത്തർ സന്ദർശിക്കാനെത്തുന്നത്. ഇന്നലെ രാവിലെ റിയാദിൽ നടന്ന ജി.സി.സി ഉച്ചകോടിയിൽ പങ്കെടുത്തതിനു പിന്നാലെ പ്രാദേശിക സമയം ഉച്ചക്ക് 2.20ഓടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അമേരിക്കൻ പ്രസിഡന്റിനെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ഖത്തർ വ്യോമാതിർത്തിയിൽ പ്രവേശിച്ച യുഎസ് പ്രസിഡന്റിന്റെ വിമാനത്തെ അമീരി വ്യോമസേനയുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. ദോഹ കോർണിഷ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ അമേരിക്കൻ, ഖത്തർ ദേശീയ പതാകകൾ കൊണ്ട് അലങ്കരിച്ചിരുന്നു. വൻ സുരക്ഷാ ക്രമീകരണമാണ് നഗരത്തിലുടനീളം ഒരുക്കിയിരുന്നത്.