യുഎസില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അടച്ച് പൂട്ടാന്‍ ട്രംപ്; ഉത്തരവില്‍ ഒപ്പിട്ടു

വാഷിങ്‌ടണ്‍: അമേരിക്കയില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അടച്ച് പൂട്ടാനുള്ള ഉത്തരവില്‍ ഒപ്പിട്ട് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ ചുമതല പൂര്‍ണമായും സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന ലക്ഷ്യത്തോടെയുള്ളതാണ് ഉത്തരവ്. വകുപ്പില്‍ ഇനി ഫെഡറല്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടാകില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
വൈറ്റ് ഹൗസിലെ ഈസ്‌റ്റ് റൂമില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമിരുന്നാണ് ഉത്തരവില്‍ ട്രംപ് ഒപ്പിട്ടത്. ഈ തീരുമാനം ശരിയാണെന്ന് എല്ലാവര്‍ക്കും അറിയാം. നമ്മുടെ കുട്ടികളെ പഠിപ്പിക്കണം. രാജ്യത്തെ വിദ്യാഭ്യാസ കാര്യങ്ങളില്‍ വളരെ നന്നായി പ്രവര്‍ത്തിക്കണം. എന്നാല്‍ ഏറെ നാളായി അത്തരത്തിലല്ല കാര്യങ്ങള്‍ നടക്കുന്നത്. വളരെക്കാലമായി അതങ്ങനെയല്ലെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.ഒരു പ്രയോജനവുമില്ലാത്ത വകുപ്പാണിത്. എത്ര വേഗത്തില്‍ സാധിക്കുമോ അത്രയും വേഗം അടച്ചുപൂട്ടുമെന്നും കുട്ടികള്‍ക്ക് വിദ്യാഭ്യാസ നല്‍കാനുള്ള ചുമതല തിരികെ സംസ്ഥാനങ്ങള്‍ നല്‍കുകയാണെന്നും ഉത്തരവില്‍ ഒപ്പിട്ടതിന് ശേഷം ട്രംപ് പറഞ്ഞു.1979ലാണ് അമേരിക്കയില്‍ വിദ്യാഭ്യാസ വകുപ്പിന് രൂപം നല്‍കിയത്. സാധാരണ കോണ്‍ഗ്രസ് അംഗീകാരമില്ലാതെ വകുപ്പ് നിലനിര്‍ത്താന്‍ സാധിക്കില്ല. എന്നാല്‍ ചെലവ് ചുരുക്കല്‍ കണക്കിലെടുത്ത് സ്‌റ്റാഫുകളെ പിരിച്ചുവിടാന്‍ ട്രംപ് തീരുമാനമെടുത്തു. കോണ്‍ഗ്രസിനും ഇത് അംഗീകരിക്കേണ്ടി വരും.തെരഞ്ഞെടുപ്പ് പ്രചാരണ സമയങ്ങളിലെ ട്രംപിന്‍റെ പ്രധാന വാഗ്‌ദാനങ്ങളിലൊന്നായിരുന്നു വിദ്യാഭ്യാസ ചുമതല സംസ്ഥാനങ്ങളെ ഏല്‍പ്പിക്കുമെന്നത്. ഉത്തരവില്‍ ഒപ്പിട്ട അദ്ദേഹം ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് മടക്കി നല്‍കുന്ന പ്രക്രിയ വേഗത്തിലാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.