ഇന്ത്യ ഇറക്കുമതി തീരുവ ഗണ്യമായി കുറയ്ക്കുമെന്ന് ട്രംപ്

0

വാഷിങ്ടൺ: ഇന്ത്യ താരിഫ് ഗണ്യമായി കുറയ്ക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇന്നു (02-04-2025) മുതൽ രാജ്യങ്ങൾക്ക് പരസ്പര നികുതി ചുമത്താനിരിക്കെയാണ് ട്രംപിൻ്റെ പ്രസ്താവന. വൈറ്റ് ഹൗസ് ഓവല്‍ ഓഫിസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയ്ക്ക് പുറമേ മറ്റ് രാജ്യങ്ങളും ഇറക്കുമതിച്ചുങ്കം കുറയ്ക്കുമെന്നും ട്രംപ് പ്രതികരിച്ചു.

“ഇന്ത്യ അവരുടെ താരിഫ് ഗണ്യമായി കുറയ്ക്കുമെന്ന് ഞാൻ കേട്ടു. എന്തുകൊണ്ടാണ് ആരും ഇത് മുമ്പേ ചെയ്യാത്തത് എന്നാണ് ഞാൻ ചോദിക്കുന്നത്. വർഷങ്ങളായി അമേരിക്കയ്ക്ക് അന്യായമായി താരിഫ് ചുമത്തുന്ന നിരവധി രാജ്യങ്ങൾ അവരുടെ താരിഫ് കുറയ്ക്കുമെന്ന് ഞാൻ കരുതുന്നു” എന്നും ട്രപ് പറഞ്ഞു.

ട്രംപിൻ്റെ അഭിപ്രായ പ്രകടനത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ്, അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ 100 ശതമാനം താരിഫ് ചുമത്തുന്നുവെന്ന് വൈറ്റ് ഹൗസ് പറഞ്ഞിരുന്നു. മറ്റ് രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉയർന്ന താരിഫുകൾ യുഎസ് ഉൽപ്പന്നങ്ങൾ ആ രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്നത് ഏകദേശം അസാധ്യമാക്കി എന്നും വൈറ്റ് ഹൗസ് അഭിപ്രായപ്പെട്ടിരുന്നു.
“ഒന്നാമതായി, നിർഭാഗ്യവശാൽ, ഈ രാജ്യങ്ങൾ വളരെക്കാലമായി നമ്മുടെ രാജ്യത്തെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്, അമേരിക്കൻ തൊഴിലാളിയോടുള്ള അവരുടെ അവജ്ഞ അവർ വളരെ വ്യക്തമാക്കുന്നു,” വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് തിങ്കളാഴ്ച പറഞ്ഞു.

“അമേരിക്കൻ പാലുൽപ്പന്നങ്ങൾക്ക് യൂറോപ്യൻ യൂണിയനിൽ നിന്ന് 50 ശതമാനം നികുതിയുണ്ട്, അമേരിക്കൻ അരിക്ക് ജപ്പാനിൽ നിന്ന് 700 ശതമാനം നികുതിയുണ്ട്. അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ നിന്ന് 100 ശതമാനം നികുതിയുണ്ട്. അമേരിക്കൻ വെണ്ണയ്ക്കും ചീസിനും കാനഡയിൽ നിന്ന് ഏകദേശം 300 ശതമാനം നികുതിയുണ്ട്,” ലീവിറ്റ് പറഞ്ഞു.

“ഇത് അമേരിക്കൻ ഉൽപ്പന്നങ്ങൾ ഈ വിപണികളിലേക്ക് ഇറക്കുമതി ചെയ്യുന്നത് അസാധ്യമാക്കുന്നു, കൂടാതെ കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി ഇത് ധാരാളം അമേരിക്കക്കാരെ ബിസിനസ്സിൽ നിന്നും ജോലിയിൽ നിന്നും പുറത്താക്കി,” എന്നും ലിവീറ്റ് പറഞ്ഞു.

ബുധനാഴ്ച മുതലാണ് ട്രംപ് പ്രഖ്യാപിച്ച പരസ്പര നികുതി (പകരച്ചുങ്കം) നിലവില്‍വരിക. ഇത് ഈടാക്കാന്‍ തുടങ്ങുന്ന ഏപ്രില്‍ രണ്ട് അമേരിക്കയുടെ ‘വിമോചനദിന’മായിരിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *