ഹൂത്തികളെ തീര്‍ക്കുമെന്ന് ട്രംപ് :യെമനെ ഞെട്ടിച്ച് അമേരിക്കയുടെ വ്യോമാക്രമണം

സന: യെമന്‍റെ തലസ്ഥാനമായ സനയിൽ വൻ വ്യോമാക്രമണവുമായി അമേരിക്ക. ആക്രമണത്തില്‍ 15ഓളം പേര്‍ കൊല്ലപ്പെട്ടെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൂത്തി വിമതര്‍ക്കുള്ള ശക്തമായ തിരിച്ചടിയുടെ ഭാഗമാണ് ഈ ആക്രമണമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.
യെമനിലെ ഹൂത്തി വിമതർക്കെതിരെ അമേരിക്ക “നിർണായകവും ശക്തവുമായ” വ്യോമാക്രമണം ആരംഭിച്ചതായി ട്രംപ് പറഞ്ഞു. ചെങ്കടലിൽ കപ്പലിന് നേരെ ഹൂത്തികള്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയാണ് ഈ വ്യോമാക്രമണമെന്നും അദ്ദേഹം വ്യക്തമാക്കി. ഹൂത്തികളെ ഇല്ലാതാക്കുന്നത് വരെ ആക്രമണം തുടരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
“ഇറാൻ അവര്‍ക്ക് ധനസഹായം നൽകി, ഹൂത്തി ഗുണ്ടകൾ യുഎസ് വിമാനങ്ങൾക്ക് നേരെ മിസൈലുകൾ തൊടുത്തുവിടുകയും നമ്മുടെ സൈനികരെയും സഖ്യകക്ഷികളെയും ലക്ഷ്യം വയ്ക്കുകയും ചെയ്‌തു,” ട്രംപ് കുറിച്ചു. ഹൂത്തികള്‍ നടത്തുന്ന കടൽക്കൊള്ള, അക്രമം, ഭീകരത എന്നിവയ്ക്കുള്ള തിരിച്ചടിയായാണ് വ്യോമാക്രമണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൗദി അറേബ്യയുടെ അതിർത്തിയിലുള്ള ഹൂത്തി വിമതരുടെ ശക്തികേന്ദ്രമായ സനയിലും വടക്കൻ പ്രവിശ്യയായ സാദയിലും ശനിയാഴ്‌ച വൈകുന്നേരമാണ് തുടർച്ചയായ സ്ഫോടനങ്ങൾ നടന്നത്. ഇസ്രയേലിനെ ശത്രുവായി കണക്കാക്കുന്ന ഇറാൻ പിന്തുണയുള്ള വിമത സംഘമാണ് ഹൂത്തികള്‍. ഹമാസ്-ഇസ്രയേല്‍ യുദ്ധകാലത്ത് പലസ്‌തീനെ പിന്തുണച്ച് കൊണ്ട് ഇസ്രയേലിലേക്കും ഹൂത്തികള്‍ വ്യോമാക്രമണം നടത്തിയിരുന്നു.
“അമേരിക്കൻ ഷിപ്പിങ്, വ്യോമ, നാവിക വസ്‌തുക്കളെ സംരക്ഷിക്കുന്നതിനും ഷിപ്പിങ് നടത്താനുള്ള സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതിനുമായി നമ്മുടെ യുദ്ധവിമാനങ്ങൾ ഇപ്പോൾ തീവ്രവാദികളുടെ താവളങ്ങളില്‍ മിസൈൽ വ്യോമാക്രമണം നടത്തുകയാണ്,” ട്രംപ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. “ലോകത്തിലെ ജലപാതകളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കുന്നതിൽ നിന്ന് അമേരിക്കൻ വാണിജ്യ, നാവിക കപ്പലുകളെ ഒരു തീവ്രവാദ ശക്തിക്കും തടയാൻ കഴിയില്ല.” എന്നും അദ്ദേഹം പറഞ്ഞു. ഹൂത്തികളെ പിന്തുണയ്ക്കുന്നത് നിർത്തണമെന്ന് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി.
വ്യോമാക്രമണങ്ങൾ തങ്ങളെ പിന്തിരിപ്പിക്കില്ലെന്നും അമേരിക്കയെ തിരിച്ചടിക്കുമെന്നും ഹൂത്തി മീഡിയ ഓഫിസ് ഡെപ്യൂട്ടി ഹെഡ് നസ്‌റുദ്ദീൻ ആമർ പറഞ്ഞു. “ഗാസയെ സംരക്ഷിക്കുന്നതിന് അവര്‍ക്ക് പിന്തുണയും പരിചയുമായി ഹൂത്തികള്‍ തുടരും, എന്ത് വെല്ലുവിളികൾ ഉണ്ടായാലും അതില്‍ നിന്ന് പിന്നോട്ടില്ല,” അദ്ദേഹം സോഷ്യൽ മീഡിയയിൽ കൂട്ടിച്ചേർത്തു.
ഹൂത്തികൾ അന്താരാഷ്ട്ര ഷിപ്പിങ് റൂട്ടുകളെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന ട്രംപിന്‍റെ വാദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് ഹൂത്തി വക്താവ് മുഹമ്മദ് അബ്‌ദുള്ൾ സലാം വ്യക്തമാക്കി. ഗാസയിൽ ഇസ്രയേൽ ഏർപ്പെടുത്തിയ പുതിയ ഉപരോധത്തിന് മറുപടിയായി ഇസ്രയേലി കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂത്തികൾ പ്രഖ്യാപിച്ചതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് അമേരിക്കയുടെ വ്യോമാക്രമണം ഉണ്ടായത്.