ഓഗസ്റ്റ് 1 മുതൽ ഇന്ത്യയ്ക്ക് 25 ശതമാനം താരിഫ് ഏർപ്പെടുത്തിട്രംപ്

വാഷിങ്ടണ്‍: ഓഗസ്റ്റ് 1 മുതൽ ഇന്ത്യയ്ക്ക് 25 ശതമാനം താരിഫ് ഏർപ്പെടുത്തി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നതിന് ഇന്ത്യ അധിക പിഴ നൽകേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു. പുതിയ വ്യാപാര കരാർ ഓഗസ്റ്റ് ഒന്നിന് മുന്‍പ് അന്തിമമായില്ലെങ്കിൽ കൂടുതല്‍ തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. കാലാവധി തീരാൻ രണ്ട് ദിവസം ബാക്കി നിൽക്കവേയാണ് ട്രംപിൻ്റെ പുതിയ പ്രഖ്യാപനം.ഏപ്രിൽ 2 ന് നടന്ന ‘ലിബറേഷൻ ഡേ’ സമ്മേളനത്തിൽ 26% ആയിരുന്നു ട്രംപ് പ്രഖ്യാപിച്ച താരിഫ് നിരക്ക്. ഇന്ത്യയെ ഒരു ‘സുഹൃത്ത്’ എന്ന് വിശേഷിപ്പിച്ച ട്രംപ് റഷ്യയുമായുള്ള ബന്ധത്തെ വിമർശിച്ചു. ‘സുഹൃത്താണെങ്കിലും വർഷങ്ങളായി ചെറുകിട വ്യാപാര ബന്ധങ്ങൾ മാത്രമാണ് ഇന്ത്യയുമായി നടന്നു വരുന്നത്. ഇതിന് കാരണം ഇന്ത്യയുടെ ഉയർന്ന കയറ്റുമതി താരിഫ് ആണ്’ എന്നും ട്രംപ് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
‘ഇന്ത്യയുടെ സൈനിക ഉപകരണങ്ങളിൽ ഭൂരിഭാഗവും റഷ്യയിൽ നിന്നാണ് വാങ്ങിയിരുന്നത്. യുക്രെയ്‌നിലെ സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന സമയത്ത് പോലും ചൈനക്കൊപ്പം റഷ്യയുടെ ഏറ്റവും വലിയ വ്യാപാര ഇടപാടുകളിൽ ഇന്ത്യ പങ്കാളി ആയിരുന്നു’ എന്നും പോസ്‌റ്റിൽ പറയുന്നു.