ട്രംപ് എഫക്റ്റ് :നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണത്തിലേയ്ക്ക് , വില ഇനിയും കൂടും

0
GOLS

തിരുവനന്തപുരം: അമേരിക്കയിലെ ട്രംപ് ഭരണകൂടം ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക താരിഫ് ചുമത്തിയതിനെത്തുടര്‍ന്ന് സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ വര്‍ധിച്ചതോടെ സ്വര്‍ണത്തിന് റെക്കോര്‍ഡ് വില. ദേശീയ തലസ്ഥാനത്ത് 10 ഗ്രാം സ്വര്‍ണത്തിന് ഒറ്റ ദിവസംകൊണ്ട് 3,600 രൂപ വര്‍ധിച്ച് വില 1,02,620 രൂപയിലെത്തി. ഈ വില വര്‍ധനവ് കേരളത്തിലെ ഉപഭോക്താക്കളെയും സ്വര്‍ണ വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

കേരളത്തെ സംബന്ധിച്ചിടത്തോളം, വിവാഹങ്ങള്‍ കൂടുതലായി നടക്കുന്ന ചിങ്ങം മാസത്തിനു തൊട്ടുമുമ്പുള്ള ഈ വിലക്കയറ്റം മലയാളികള്‍ക്ക് വലിയ തിരിച്ചടിയാണ്. വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്ന കുടുംബങ്ങള്‍ ഇപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ്. വില ഇനിയും ഉയരുമെന്ന ഭയത്തില്‍ പലരും ഉയര്‍ന്ന വില നല്‍കി സ്വര്‍ണം വാങ്ങാന്‍ നിര്‍ബന്ധിതരാകുകയാണ്.

സംസ്ഥാനത്ത് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ഇന്ന് പവന് 160 രൂപ കൂടി 75,200 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണവില 75,000 രൂപയ്ക്ക് മുകളിലാണ് തുടരുന്നത്.

ഇന്നലെ 75,040 രൂപയിലായിരുന്നു വ്യാപാരം അവസാനിച്ചത്. ഇന്ന് ഗ്രാമിന് 20 രൂപ വര്‍ധിച്ച് വില 9,400 രൂപയിലെത്തി. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് സ്വര്‍ണവില 75,000 കടക്കുന്നത്. നേരത്തെ ജൂലൈ 23ന് പവന്‍ വില 75,040 രൂപയിലെത്തിയിരുന്നു.നിലവിലെ വില അനുസരിച്ച്, 5% പണിക്കൂലിയും മറ്റ് നികുതികളും ഉള്‍പ്പെടെ ഒരു പവന്‍ സ്വര്‍ണ്ണം വാങ്ങാന്‍ ഏകദേശം 80,000 രൂപയോളം ചെലവ് വരും. 24 കാരറ്റ് സ്വര്‍ണത്തിന് പവന് 82,040 രൂപയും ഗ്രാമിന് 10,255 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വര്‍ണ്ണത്തിന് പവന് 61,528 രൂപയും ഗ്രാമിന് 7,691 രൂപയുമാണ് വില.ഈ വര്‍ഷം തുടക്കം മുതല്‍ സ്വര്‍ണവിലയില്‍ വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ജനുവരി 22-ന് ആദ്യമായി 60,000 രൂപ കടന്ന സ്വര്‍ണവില, പിന്നീട് അതിവേഗമാണ് ഉയര്‍ന്നത്. ഫെബ്രുവരി 11-ന് 64,000 രൂപയും മാര്‍ച്ച് 14-ന് 65,000 രൂപയും കടന്നു. ഏപ്രില്‍ 12-ന് 70,000 രൂപയിലെത്തിയ സ്വര്‍ണവില, ഏപ്രില്‍ 17-ന് 71,000 രൂപയും ഏപ്രില്‍ 22-ന് 74,000 രൂപയും കടന്നിരുന്നു.സ്വര്‍ണത്തിന് പുറമെ വെള്ളി വിലയിലും വലിയ വര്‍ധന രേഖപ്പെടുത്തി. വെള്ളി കിലോഗ്രാമിന് 1,500 രൂപ ഉയര്‍ന്ന് 1,14,000 രൂപയിലെത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *