തൃശൂർ പൂരത്തിനുള്ള ആനകളുടെ സുരക്ഷയ്‌ക്ക് ക്രമീകരണം
തൃശൂർ: തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷയ്‌ക്കുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ. നാട്ടാന പരിപാലനം ജില്ലാതല മോണിറ്ററിങ് സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കവേ ആനകളുടെ ആരോഗ്യ പരിശോധന ഉൾപ്പെടെ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നൽകി.
അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച വൊളന്റിയർമാരെ നിയോഗിക്കും. കർശന നിരീക്ഷണത്തിന് ഓരോ ആനയുടെയും സമീപത്തായി ഒരു വൊളന്റിയറുടെ സേവനമുണ്ടാകും. പൊതുജനങ്ങൾ ആനകൾക്ക് പ്രകോപനം സൃഷ്ടിക്കുന്ന രീതിയിലുള്ള പ്രവൃത്തികൾ നടത്തരുത്. ഘടകപൂരങ്ങൾക്ക് അടക്കം പങ്കെടുക്കുന്ന ആനകളുടെയും പാപ്പാന്മാരുടെയും പട്ടിക തിരുവമ്പാടി, പാറമേക്കാവ് കമ്മിറ്റിക്കാർ പൊലീസ് സൂപ്രണ്ടിന് ഉടനെ ലഭ്യമാക്കണമെന്നും കലക്ടർ നിർദേശിച്ചു.
കടുത്ത വേനലിൽ ആനകളുടെ പരിപാലനത്തിൽ ഏറെ ശ്രദ്ധ ചെലുത്തണം. തണുപ്പ് നിലനിർത്തുന്നതിന് നിലത്ത് ചാക്കിട്ട് ഇടയ്‌ക്കിടെ വെള്ളം നനയ്‌ക്കും. മതിയായ വിശ്രമം, ഭക്ഷണം, വെള്ളം എന്നിവ ഉറപ്പാക്കും. തണ്ണിമത്തൻ, കരിമ്പ് തുടങ്ങിയവ ധാരാളം നൽകണം. പൂരത്തോടനുബന്ധിച്ച് ആനകൾക്ക് അടിയന്തര ചികിത്സ ആവശ്യമായി വന്നാൽ നൽകാനുള്ള സൗകര്യവും ഒരുക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു. ആന പാപ്പാൻമാർ, കമ്മിറ്റിക്കാർ, ഭാരവാഹികൾ ഉൾപ്പെടെയുള്ളവരെ ആൽക്കോമീറ്റർ ഉപയോഗിച്ച് കർശന പരിശോധന നടത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകൻ വ്യക്തമാക്കി.