ജൂൺ 10 മുതൽ ട്രോളിങ് നിരോധനം
തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ ട്രോളിങ് നിരോധനം ജൂൺ 9 അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമായിരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ, ജില്ലാ കലക്റ്റർമാർ, ജില്ലാ പൊലീസ് സൂപ്രണ്ടുമാർ, കോസ്റ്റൽ പൊലീസ് മേധാവി, മറൈൻ എൻഫോഴ്സ്മെന്‍റ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ഇന്ത്യൻ നേവി, ഫിഷറീസ്, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
ട്രോളിങ് നിരോധന കാലയളവിൽ ട്രോളിംഗ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി യോഗത്തിൽ ഉറപ്പു നൽകി. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ട്രോളിങ് നിരോധനം നടപ്പാക്കുന്നതിനായി ജില്ലാ കലക്റ്റർമാരുടെ അദ്ധ്യക്ഷതയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കളുടെയും യോഗം വിളിച്ചുകൂട്ടി ജില്ലാതല തീരുമാനങ്ങൾ കൈക്കൊള്ളണം. അന്യസംസ്ഥാന ബോട്ടുകൾ ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുമ്പ് കേരളതീരം വിട്ടുപോകുന്നതിന് ബന്ധപ്പെട്ട തീരദേശ ജില്ലാ കലക്റ്റർമാർ നിർദ്ദേശം നൽകണമെന്നും മന്ത്രി അറിയിച്ചു