തൃത്താലയിൽ നി൪മാണത്തിലിരിക്കുന്ന വീടിന്‍റെ വയറിങ്ങും സ്വിച്ചുകളും ഊരി 1.5 ലക്ഷത്തിന്‍റെ മോഷണം
തൃത്താല : പാലക്കാട് തൃത്താലയിൽ നി൪മാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം. പുതുതായി നിർമ്മിക്കുന്ന വീടിന്‍റെ വയറിങ്ങിനായി ഉപയോഗിച്ച കേബിളുകളും ഇലക്ട്രിക് ഉപകരണങ്ങളുമാണ് മോഷണം പോയത്. പുലർച്ചെ നടന്ന മോഷണം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ തൃത്താല പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ദിവസം അത്താണിക്കൽ കൊപ്പത്തെ ഇസ്ഹാക്കിൻറെ നി൪മാണം നടക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. പുല൪ച്ചെ നാലു മണിയോടെയാണ് കള്ളനെത്തിയത്. പുതുതായി പണിയുന്ന വീടായതിനാൽ വാതിലുകൾ ഒന്നും ഫിറ്റ് ചെയ്തിരുന്നില്ല. വീട്ടിലെത്തിയ കള്ളൻ വയറിംഗ് ചെയ്ത കേബിളുകൾ മുഴുവനായും ഊരിയെടുത്തു. സ്റ്റോ൪ റൂമിൽ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപയുടെ വയറിംഗ് അനുബന്ധ ഉപകരണങ്ങളും മോഷ്ടാവ് അടിച്ച് മാറ്റി. എല്ലാം വീട്ടിലുണ്ടായിരുന്ന ചാക്കിൽ കെട്ടി തലയിലേറ്റി നടന്നു.
ഇന്നലെ രാവിലെ ജോലിക്കായി വയറിംഗ് തൊഴിലാളികളെത്തിയപ്പോയാണ് മോഷണവിവരം പുറത്തറിഞ്ഞത്. ഇവർ ഇസ്ഹാക്കിനെ വിവരമറിച്ചു. പിന്നാലെ വീട്ടുടമ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ തൃത്താല പൊലീസ് കേസെടുത്തു. സിസിടിവി കേന്ദ്രീകരിച്ച് കള്ളനായി തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.