ആവശ്യം കൂടുമ്പോൾ എളുപ്പവഴി ആസിഡോ? ഉപ്പിലിട്ടതു കഴിച്ച കുട്ടിക്കു വായിൽ പൊള്ളലേറ്റു
കോഴിക്കോട്∙ ഉപ്പിലിട്ടതെന്നു കേട്ടാൽ നാവിൽ വെള്ളംവരാത്തവരായി ആരുമില്ല. മാങ്ങ, നെല്ലിക്ക, പൈനാപ്പിൾ, കാരറ്റ്, അമ്പഴങ്ങ തുടങ്ങി ഉപ്പിലിട്ടതെല്ലാം മലയാളികൾക്ക് പ്രിയങ്കരമാണ്. കോഴിക്കോട് നഗരത്തിലെ തട്ടുകടകളിലെ ഉപ്പിലിട്ട മാങ്ങയ്ക്കും നെല്ലിക്കയ്ക്കും ആരാധകരേറെ.
പക്ഷേ സമീപകാലത്ത് ചില കടക്കാർ നടത്തുന്ന മായം ചേർക്കൽ എല്ലാ തട്ടുകടക്കാരെയും പ്രതിസന്ധിയിലാക്കുന്ന സ്ഥിതിയാണ്. പതിറ്റാണ്ടുകളായി ബീച്ചിലും പരിസരപ്രദേശത്തും കച്ചവടം നടത്തുന്നവരെ ജനങ്ങൾക്കെല്ലാം സുപരിചിതമാണ്. എന്നാൽ ചിലർ ഉപ്പിലിട്ട മാങ്ങയിലും നെല്ലിക്കയിലുമൊക്കെ മായം ചേർക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്.
കഴിഞ്ഞ ബുധനാഴ്ചയാണ് കടപ്പുറത്തെ ഒരു തട്ടുകടയിൽനിന്ന് ഉപ്പിലിട്ടതു കഴിച്ച കുട്ടിക്ക് വായിൽ പൊള്ളലേറ്റത്. വട്ടോളി സ്വദേശിക്കാണ് പൊള്ളലേറ്റത്. തുടർന്ന് ആരോഗ്യവിഭാഗം കട പൂട്ടിച്ചു. ഉപ്പിലിടാൻ നിയമം ലംഘിച്ച് ആസിഡ് ഉപയോഗിച്ചോ എന്നറിയാൻ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
2 വർഷം മുൻപാണ് കാസർകോടുനിന്ന് എത്തിയ സംഘത്തിലെ വിദ്യാർഥികൾ ഉപ്പിലിട്ടതു വിൽക്കുന്ന കടയിലെ കുപ്പിയിൽവച്ച വെള്ളം എടുത്തുകുടിച്ച് പൊള്ളലേറ്റത്. ഉപ്പിലിട്ടതു കഴിച്ച കുട്ടി എരിവ് അനുഭവപ്പെട്ടപ്പോൾ കടയിലെ കുപ്പിയിലിരുന്ന വെള്ളം എടുത്തു കുടിക്കുകയായിരുന്നു. വായപൊള്ളിയതോടെ പുറത്തേക്ക് തുപ്പി. തൊട്ടടുത്തുനിന്ന കുട്ടിക്കും പൊള്ളലേറ്റു. വീര്യം കൂടിയ വിനാഗിരി അഥവാ അസറ്റിക്ക് ആസിഡ് ആയിരുന്നു കുപ്പിയിലുണ്ടായിരുന്നതെന്ന് അന്ന് കോർപറേഷൻ ആരോഗ്യ വിഭാഗം കണ്ടെത്തിയിരുന്നു.
ആവശ്യം കൂടുമ്പോൾ എളുപ്പവഴി ആസിഡോ?
കോഴിക്കോട്∙ പല വസ്തുക്കളും ഉപ്പിലിട്ടാൽ അത് പാകമായി വരാൻ ഏറെക്കാലമെടുക്കും. എന്നാൽ എളുപ്പത്തിൽ ഉപ്പുപിടിച്ച് പാകമാകാനാണ് ആസിഡ് ചേർക്കുന്നത്. സാധാരണയായി അസറ്റിക്ക് ആസിഡ് നേർപ്പിച്ച് പല കടക്കാരും ഉപ്പിലിടാൻ ഉപയോഗിക്കാറുണ്ടെന്ന് അന്ന് കണ്ടെത്തിയിരുന്നു. ഉപ്പുവെള്ളം ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ രുചി ലഭിക്കുമെന്നതും മറ്റൊരു കാരണമാണ്. സാധാരണയായി ഉപ്പും വെള്ളവുമുപയോഗിച്ച് മാങ്ങയും മറ്റും ഉപ്പിലിടുമ്പോൾ ഭരണിക്കകത്ത് വെള്ളനുരയും കലക്കവും വരാറുണ്ട്. എന്നാൽ ബാറ്ററി വാട്ടറും മറ്റും ഉപയോഗിച്ച് ഉപ്പിലിട്ടാൽ ഇതുണ്ടാവില്ലെന്നും അധികൃതർ പറഞ്ഞു.
സുരക്ഷാ മാനദണ്ഡം അനുസരിക്കുന്നതായി കച്ചവടക്കാർ
കോഴിക്കോട്∙ ഭക്ഷ്യസുരക്ഷാ മാനദണ്ഡം അനുസരിച്ചുതന്നെയാണ് കോഴിക്കോട്ടെ ഒട്ടുമിക്ക കടകളിലും ഉപ്പിലിട്ടത് ഉണ്ടാക്കുന്നതെന്ന് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത 2 കച്ചവടക്കാർ പറഞ്ഞു.
ആരോഗ്യവിഭാഗത്തിന്റെ പരിശോധനകൾ പതിവായി നടക്കാറുണ്ട്. തിരക്കേറുമ്പോഴാണ് വിരലിലെണ്ണാവുന്ന ചിലർ മായം ചേർത്ത് ലാഭമുണ്ടാക്കാൻ ശ്രമിക്കുന്നതായി പരാതി ഉയരുന്നതെന്നും കടയുടമകൾ പറഞ്ഞു.
ഭക്ഷണത്തിലെ മായം: കൂടുതൽ കേസുകൾ കോഴിക്കോട്ട്
കോഴിക്കോട്∙ ഭക്ഷ്യവസ്തുക്കളിൽ മായം ചേർത്തു വിൽപന നടത്തിയതിന് 2023–2024 വർഷത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ റജിസ്റ്റർ ചെയ്തത് കോഴിക്കോട്ടാണ്. സംസ്ഥാനത്ത് മൊത്തം 988 കേസുകൾ വിവിധ കോടതികളിൽ ഫയൽ ചെയ്തതിൽ കോഴിക്കോട് മാത്രം 230 കേസുകളുണ്ട്.
പഞ്ഞിമിഠായി മുതൽ കുഴിമന്തി വരെയുള്ള ഭക്ഷണ പദാർഥങ്ങളും മുളക്, മല്ലി അടക്കമുള്ള ഭക്ഷ്യവസ്തുക്കളും ഇങ്ങനെ മായം ചേർത്തതായി കണ്ടെത്തിയിരുന്നു. സംശയമുള്ള ഭക്ഷണ പദാർഥങ്ങൾ ഭക്ഷ്യവകുപ്പിന്റെ അനലിറ്റിക്കൽ ലാബിൽ പരിശോധിച്ചാണ് ഗുണനിലവാരം വിലയിരുത്തിയത്.
ആകെ പരിശോധിച്ച 1727 സാംപിളുകളിൽ 74 സാംപിളുകളുടെ പരിശോധന ഫലം അപകടകരമായും 8 സാംപിളുകളുടെ ഫലം ഗുണനിലവാരമില്ലാത്തതായും 15 എണ്ണം തെറ്റായി ബ്രാൻഡ് ചെയ്തതായും കണ്ടെത്തിയിരുന്നു.