ഫോർട്ട് കൊച്ചിയിൽ ചികിത്സയ്‌ക്കെത്തിയ ഫ്രഞ്ച് പൗരന് കാനയിൽ വീണ് പരുക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊച്ചി∙ നടപ്പാത നിർമാണത്തിനായി തുറന്നിട്ടിരുന്ന കാനയിൽ വീണ് ഫ്രഞ്ച് പൗരന് പരുക്ക്. ചികിത്സയ്‌ക്കായി എത്തിയ ഫ്രഞ്ച് സ്വദേശി ലാൻഡനാണ് പരുക്കേറ്റത്. ഇയാളുടെ തുടയെല്ലിന് പൊട്ടലുണ്ട്. ഫോർട്ട് കൊച്ചിയിൽ കസ്റ്റംസ് ബോട്ട് ജട്ടിയിലാണ് നടപ്പാത നിർമാണത്തിനായി കാന തുറന്നിട്ടിരിക്കുന്നത്. ഈ കാനയിലേക്ക് വീണ ലാന്‍ഡനെ നാട്ടുകാരാണ് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. ആദ്യം എറണാകുളം ജനറൽ ആശുപത്രിയിലാണ് കൊണ്ടുവന്നതെങ്കിലും പിന്നീട് കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കാലിന് ശസ്ത്രക്രിയ വേണ്ടി വരും എന്നാണ് വിവരം. തകർന്നു കിടക്കുന്ന നടപ്പാതയെക്കുറിച്ച് വ്യാപകമായ പരാതികളും ഉയരുന്നുണ്ട്.