പശ്ചിമ ബംഗാളിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം: 15 മരണം
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. 15 പേർ അപകടത്തിൽ മരിച്ചതായി റിപ്പോർട്ട്. 25-ഓളം പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 9.30 ഓടെ ചരക്കു തീവണ്ടിയും കാഞ്ചന്‍ജംഗ എക്സ്പ്രസും കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്.
ത്രിപുരയിലെ അഗർത്തലയിൽനിന്ന് പശ്ചിമ ബംഗാളിലെ സെൽഡയിലേക്ക് യാത്ര തിരിച്ച 13174 കാഞ്ചന്‍ജംഗ എക്സ്പ്രസിലേക്ക് ചരക്കുതീവണ്ടി ഇടിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. ചരക്കു തീവണ്ടി സിഗ്നൽ മറികടന്ന് പാസഞ്ചർ ട്രെയിനിലേക്ക് ഇടിച്ചുകയറിയെന്നാണ് റിപ്പോർട്ട്. ന്യൂ ജൽപായ്ഗുഡി സ്റ്റേഷനിൽനിന്ന് യാത്ര തുടങ്ങിയ എക്സ്പ്രസ് സിലിഗുരിക്ക് സമീപം രംഗപാണി സ്റ്റേഷനടുത്തുവെച്ചാണ് അപകടത്തിലായത്. ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്റെ മൂന്ന് കോച്ചുകൾ പാളംതെറ്റിയിരുന്നു.
ദുരന്തനിവാരണ സേന, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കി. പരിക്കേറ്റവർക്ക് ഉടൻ ചികിത്സ ലഭ്യമാക്കാൻ ഡോക്ടർമാരുടെ സംഘവും സജ്ജരാണ്.
രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുകയാണെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. റെയിൽവേ, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് സംഘങ്ങളും ഏകോപിച്ച് പ്രവർത്തിക്കുന്നു. റെയിൽവേയുടെ മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.