ട്രാക്കിൽ 70 കിലോയുടെ സിമന്റ് കട്ടകൾ: രാജസ്ഥാൻ
രാജസ്ഥാനിലെ അജ്മീറിൽ ട്രെയിൻ പാളം തെറ്റാനുള്ള ശ്രമം പരാജയപ്പെട്ടു, ട്രാക്കിൽ സിമൻ്റ് കട്ടകൾ കണ്ടെത്തി
ജയ്പുർ∙ രാജസ്ഥാനിലെ അജ്മീറിൽ ട്രെയിൻ അട്ടിമറിക്ക് ശ്രമം. ഫുലേര–അഹമ്മദാബാദ് പാതയിലെ റെയിൽവേ ട്രാക്കിൽ 70 കിലോ വീതം ഭാരമുള്ള രണ്ടു സിമന്റുകട്ടകൾ കണ്ടെത്തി. സിമന്റുകട്ടകൾ തകർത്ത് ട്രെയിൻ മുന്നോട്ടുപോയി. സംഭവത്തിൽ റെയിൽവേ അധികൃതരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം യുപിയിലെ കാൻപുരിൽ പാചകവാതക സിലിണ്ടർ ഉപയോഗിച്ച് റെയിൽപാളത്തിൽ സ്ഫോടനം നടത്തി കാളിന്ദി എക്സ്പ്രസ് പാളം തെറ്റിക്കാനും ശ്രമമുണ്ടായി. സിലിണ്ടർ ഇടിച്ചുതെറിപ്പിച്ചെങ്കിലും അപകടമുണ്ടായില്ല. പൊലീസും ഭീകരവിരുദ്ധസേനയും കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
മൂന്നാഴ്ച മുൻപ് അഹമ്മദാബാദിലേക്കുള്ള സബർമതി എക്സ്പ്രസ് കാൻപുരിൽ ട്രാക്കിലെ അജ്ഞാതവസ്തുവിലിടിച്ചു പാളം തെറ്റിയതുമായി സംഭവത്തിനു ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നു. സംഭവസ്ഥലത്തുനിന്നു ലഭിച്ച മധുരപലഹാരങ്ങളുടെ പെട്ടിക്ക് പ്രതികളുമായി ബന്ധമുണ്ടെന്ന നിഗമനത്തിൽ പൊലീസ് സംഘം കനൗജിലേക്കും പുറപ്പെട്ടു. ഞായറാഴ്ച രാത്രി 8.20ന് ആണ് അട്ടിമറിശ്രമം ഉണ്ടായത്.
ഒരാഴ്ചയ്ക്കിടെ ഇത്തരം മൂന്നുസംഭവങ്ങൾ കണ്ടെത്തിയെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. സോളാപുർ, ജോധ്പുർ, ജബൽപുർ എന്നിവിടങ്ങളിലാണ് അട്ടിമറി ശ്രമം ഉണ്ടായത്. ട്രാക്കിൽ തടസ്സമുണ്ടാക്കിയതിന് കഴിഞ്ഞവർഷം ഏഴു കേസ് എടുത്തിരുന്നു.