ഓർമയുണ്ടോ ബിപിഎൽ കളർ ടിവി? പാലക്കാട് നിന്ന് ഇന്ത്യക്കാരുടെ സ്വീകരണമുറി കീഴടക്കിയ ‘കേരള’ ബ്രാൻഡ്

0

തൊണ്ണൂറുകളിലേക്ക് തിരിഞ്ഞുനോക്കിയാൽ ഇന്ത്യയിലെമ്പാടും നിരവധി വീടുകളിലെ സ്വീകരണമുറിയിലെ താരമായിരുന്നു ബിപിഎൽ. ബിപിഎൽ കളർ ടിവി എന്നത് ഇപ്പോഴും ഒട്ടേറെപ്പേർക്ക് ഗൃഹാതുരത്വവും സമ്മാനിക്കും. പാലക്കാട്ടു നിന്ന് രാജ്യവ്യാപകമായി വൻ സ്വീകാര്യത നേടിയ മുൻനിര ഇലക്ട്രോണിക്സ് ബ്രാൻഡായി ബിപിഎല്ലിനെ മാറ്റിയ വ്യക്തിയായിരുന്നു സ്ഥാപക ചെയർമാനായിരുന്ന ടി.പി. ഗോപാലൻ നമ്പ്യാർ എന്ന ടി.പി.ജി. നമ്പ്യാർ. കൺസ്യൂമർ ഇലക്ട്രോണിക്സ്, ടെലികമ്യൂണിക്കേഷൻ രംഗത്ത് ഇന്ത്യയിലെ തന്നെ ശ്രദ്ധേയ കമ്പനിയായി ബിപിഎൽ വളർന്നപ്പോൾ വ്യാവസായിക രംഗത്ത് കേരളത്തിലെ പൊൻതൂവൽ കൂടിയായിരുന്നു അത്.

വലിയ സ്ക്രീനുള്ള ടിവിയും വിസിആറും ഇന്ത്യക്കാർക്ക് പരിചയപ്പെടുത്തിയത് ബിപിഎൽ ആയിരുന്നു. 1982ലെ ഏഷ്യൻ ഗെയിംസിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്ത്യയിൽ കളർ ടിവികളുടെ ഉദയം. ഇത് അവസരമാക്കി മാറ്റിയ ബിപിഎൽ, ഈ രംഗത്ത് വൻ കുതിച്ചുചാട്ടം നടത്തി, വിപണിയിൽ താരമായി. പാലക്കാടും ബംഗളൂരുവിലുമായിരുന്നു ബിപിഎല്ലിന്റെ പ്ലാന്റുകൾ.

ബിപിഎല്ലിന്റെ കഥ

യുകെയിലും യുഎസിലും നിന്ന് സ്വന്തമാക്കിയ അനുഭവപരിചയവുമായാണ് ടി.പി.ജി. നമ്പ്യാർ ഇലക്ട്രോണിക്സ് രംഗത്തേക്ക് ചുവടുവച്ചത്. 1961ൽ അദ്ദേഹം ബ്രിട്ടീഷ് ഫിസിക്കൽ ലബോറട്ടറീസിനെ എറ്റെടുത്തു. കമ്പനിയെ അദ്ദേഹം ബിപിഎൽ ലിമിറ്റഡ് എന്ന് പുനർനാമകരണവും ചെയ്തു. 1963ൽ ഇലക്ട്രോകാർഡിയോഗ്രാഫ് മെഷീനുകളും പാനൽ മീറ്ററുകളും സ്ഥാപിച്ചായിരുന്നു തുടക്കം. വൈകാതെ ലോകോത്തര നിലവാരമുള്ള കൺസ്യൂമർ ഉൽപന്ന നിർമാണത്തിലേക്കും ബിപിഎൽ ചുവടുവച്ചു.

1990കളിൽ ടെലിവിഷൻ, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ തുടങ്ങിയവയിലേക്ക് കടന്നു. ഉന്നത നിലവാരവും വേറിട്ടതും ഭംഗിയുള്ളതുമായ രൂപകൽപനകളും മികച്ച സാങ്കേതികവിദ്യകളും ബിപിഎല്ലിനെ സാധാരണക്കാരുടെ പ്രിയ ബ്രാൻഡാക്കി. ബിപിഎൽ ടിവിയും റഫ്രിജറേറ്ററുകളും പല വീടുകളുടെയും ഭാഗമായി. 1980ൽ ജാപ്പനീസ് കമ്പനി സാന്യോ ഇലക്ട്രിക്കുമായി ചേർന്നായിരുന്നു ബിപിഎൽ‌ സാങ്കേതിക സംവിധാനങ്ങൾ സജ്ജമാക്കിയിരുന്നത്. 1990കളുടെ അവസാനത്തിലും 2000ന്റെ തുടക്കത്തിലുമായി 2,500 കോടി രൂപയ്ക്കുമേൽ വിറ്റുവരവുള്ള സ്ഥാപനമായും ബിപിഎൽ വളർന്നു. 2002ൽ മാത്രം ലക്ഷക്കണക്കിന് ടിവിയാണ് ബിപിഎൽ വിറ്റഴിച്ചത്.

വെല്ലുവിളികളും തിരിച്ചുവരവും

സ്വീകാര്യതയുടെ പെരുമയിൽ ബിപിഎൽ നിൽക്കുമ്പോൾ നേരിട്ടത് നിരവധി വെല്ലുവിളികളുമായിരുന്നു. 1990കളിൽ വിദേശ കമ്പനികൾക്ക് കേന്ദ്രസർക്കാർ ഇന്ത്യയുടെ വാതിൽ തുറന്നുകൊടുത്തു. അതോടെ ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് ഭീമന്മാരായ സാംസങ്ങും എൽജിയും അടക്കമുള്ളവ ഇന്ത്യയിലെത്തി. പിന്നാലെ അത്യാധുനിക ടെക്നോളജിയുടെയും വളർച്ചയായിരുന്നു.

എന്നാൽ, ഈ സാഹചര്യങ്ങളിലും വിപണിയിൽ ശക്തമായി പിടിച്ചുനിൽക്കാൻ ബിപിഎല്ലിന് കഴിഞ്ഞു. എന്നാൽ, ബിസിനസിൽ പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടതിന് ബിപിഎല്ലിന് ചില പ്രതിബന്ധങ്ങളുണ്ടായി. ബിസിനസ് സംബന്ധിച്ച് കുടുംബാംഗങ്ങൾക്കിടയിലെ തർക്കം കോടതി വ്യവഹാരങ്ങളിലേക്ക് നീങ്ങിയത് കമ്പനിയുടെ പ്രവർത്തനത്തെ ബാധിച്ചു. മെല്ലെ ബിപിഎൽ‌ പിൻനിരയിലേക്കും പോയി.

എന്നാൽ, അജിത് നമ്പ്യാരുടെ നേതൃത്വത്തിൽ 2015-16ഓടെ ബിപിഎൽ വീണ്ടും വിപണിയിൽ തിരിച്ചുവരവ് നടത്തി. മെഡിക്കൽ ഉപകരണ നിർമാണം, പിസിബി എന്നിവയ്ക്ക് പുറമേ കൺസ്യൂമർ ഉൽപന്ന രംഗത്ത് ബിപിഎൽ വലിയ ശ്രദ്ധ ചെലുത്താൻ തുടങ്ങി. ടിവിക്കും എസിക്കും പുറമേ കൂടുതൽ ഉൽപന്നനിരകളിലേക്ക് ബിപിഎൽ കടന്നു.

നിലവിൽ‌ എൽഇ‍ഡി ടിവി, റഫ്രിജറേറ്റർ, എ.സി., മിക്സർ ഗ്രൈൻഡർ, വാഷിങ് മെഷീൻ, വയർലെസ് ഹെഡ്സെറ്റുകൾ, ബ്ലൂടൂത്ത് നെക്ക്ബാൻഡ്, ഫാനുകൾ, ഹോം തിയേറ്റർ തുടങ്ങിയ ഉൽപന്നങ്ങൾ ബിപിഎൽ വിപണിയിലെത്തിക്കുന്നുണ്ട്. പുറമേ ടെലികോം, മെഡിക്കൽ ഉൽപന്നങ്ങൾ, പ്രിന്റഡ് സർക്യൂട്ട് ബോർഡ് (പിസിബി) നിർമാണ മേഖലയിലും സാന്നിധ്യമുണ്ട്. ടി.പി.ജി. നമ്പ്യാരുടെ മകൻ അജിത് നമ്പ്യാരാണ് നിലവിൽ കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറും. 2023-24ൽ 13.40 കോടി രൂപ സംയോജിത ലാഭവും 71.93 കോടി രൂപ വിറ്റുവരവും ബിപിഎൽ നേടിയിരുന്നു. തൊട്ടുമുൻവർഷം ലാഭം 5.05 കോടി രൂപയും വിറ്റുവരവ് 62.10 കോടി രൂപയുമായിരുന്നു.

എൻഎസ്ഇയിലും ബിഎസ്ഇയിലും വ്യാപാരം ചെയ്യുന്ന ലിസ്റ്റഡ് കമ്പനിയുമാണ് ബിപിഎൽ. 530 കോടി രൂപയാണ് വിപണിമൂല്യം. ഇന്ന് ഓഹരിവിലയുള്ളത് 1.6% താഴ്ന്ന് 108.05 രൂപയിൽ. കഴിഞ്ഞ 5 വർഷത്തിനിടെ 460 ശതമാനവും ഒരുവർഷത്തിനിടെ 30 ശതമാനവും നേട്ടമുണ്ടാക്കിയ ഓഹരിയുമാണ് ബിപിഎൽ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *