കടലാക്രമണം; വിനോദസഞ്ചാര പ്രവർത്തനങ്ങൾ താത്കാലികമായി നിരോധിച്ചു
തിരുവനന്തപുരം: കടലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ തീരപ്രദേശങ്ങളിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ താത്കാലികമായി നിരോധിക്കാൻ തീരുമാനം.ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയാണ് നിർദേശം നൽകിയത്. തീരദേശ മേഖല ഉൾപ്പെടുന്ന തിരുവനന്തപുരം, നെയ്യാറ്റിൻകര, വർക്കല, ചിറയിൻകീഴ് തഹസിൽദാർമാർ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. വേലിയേറ്റ സമയത്തുണ്ടായ വെള്ളം തിരിച്ചു കടലിലേക്ക് ഇറക്കിവിടുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും നിർദേശംമുണ്ട്.
വെള്ളം കയറിയ വീടുകൾ, ക്യാമ്പുകൾ എന്നിവ കേന്ദ്രീകരിച്ച് ഫസ്റ്റ് എയ്ഡ് കിറ്റുകളും അവശ്യ ജീവൻ രക്ഷാ മരുന്നുകളും എത്തിക്കാൻ ഡിഎംഒയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കടലാക്രമണ ബാധിത പ്രദേശങ്ങളിൽ റിലീഫ് ക്യാമ്പുകൾ ആരംഭിക്കുന്നതിനായി ബന്ധപ്പെട്ട ക്യാമ്പുകൾ തുടങ്ങാൻ നേരത്തെ തയ്യാറാക്കിയിട്ടുള്ള സ്ഥാപനങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനം. ജില്ലകളിലെ സാഹചര്യമനുസരിച്ച് കളക്ടർമാർക്ക് ഇതിൽ തീരുമാനമെടുക്കാം.