ടൂറിസ്റ്റ് ബസുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ക്ക് ഇളവുനല്‍കി എം.വി.ഡി
തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഇളവുനല്‍കി മോട്ടോര്‍ വാഹനവകുപ്പ്. വടക്കാഞ്ചേരിയില്‍ ഒമ്പത് വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് അപകടത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ആണ് ഇളവ്.
വിദ്യാര്‍ഥികളുമായി വിനോദയാത്രയ്‌ക്ക് പോകുന്നതിന് ഏഴ് ദിവസം മുമ്പ് വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കണമെന്നായിരുന്നു മോട്ടോര്‍ വാഹനവകുപ്പിന്റെ നിര്‍ദേശം. എന്നാല്‍, പുതിയ ഉത്തരവ് അനുസരിച്ച് ടൂറിസ്റ്റ് ബസുകള്‍ 30 ദിവസത്തില്‍ ഒരിക്കല്‍ മാത്രം പരിശോധനയ്‌ക്ക് എത്തിച്ചാല്‍ മതിയെന്നാണ് അറിയിച്ചിരിക്കുന്നത്. ബസിന്റെ പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്തുന്നതിനാണ് പരിശോധന നടത്തുന്നത്.
കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ മാസത്തില്‍ ഒരുതവണ മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധിച്ച് വാഹനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനൊപ്പം ബസുകളില്‍ അനധികൃത ലൈറ്റുകള്‍, എയര്‍ ഹോണ്‍ ഉള്‍പ്പെടെയുള്ളവ, തീവ്രത കൂടിയ ശബ്ദസംവിധാനങ്ങള്‍ തുടങ്ങിയവ ഇല്ലെന്ന് ഉറപ്പാക്കുന്നതിനാണ് പരിശോധന നടത്തുന്നതെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്.
വടക്കാഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന് പിന്നാലെ ഇത്തരം വാഹനങ്ങളില്‍ നടത്തുന്ന നിയമലംഘനങ്ങള്‍ക്കെതിരേ ഹൈക്കോടതി രംഗത്തെത്തിയിരുന്നു. നിരോധിത ലൈറ്റുകളും ശബ്ദ സംവിധാനങ്ങളുമായി ഒരു ബസുകളും ഇനി നിരത്തുകളില്‍ ഇറങ്ങരുതെന്നായിരുന്നു ഹൈക്കോടതി ഇത്തരം വാഹനങ്ങളുടെ കാര്യത്തില്‍ സ്വീകരിച്ച നിലപാട്. നിയമലംഘനങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിരത്തുകളില്‍ പരിശോധന നടത്താനും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.