ടൂറിസം പ്രമോഷന്‍ പരിപാടി സംഘടിപ്പിച്ച് ഇന്ത്യന്‍ എംബസി
കുവൈത്ത് സിറ്റി: അവന്യൂസില്‍ മാളില്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ‘എക്‌സ്‌പ്ലോര്‍, എക്‌സ്പീരിയന്‍സ് ആന്‍ഡ് എന്‍ജോയ് ഇന്‍ക്രെഡിബിള്‍ ഇന്ത്യ’ എന്ന പേരില്‍ രണ്ട് ദിവസത്തെ ടൂറിസം പ്രമോഷന്‍ പരിപാടി സംഘടിപ്പിച്ചു. ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദര്‍ശ് സകൈ്വയും കുവൈത്ത് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഒസാമ അല്‍ മെഖ്യാലും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ഷെയ്ഖ ഹലാഹ് ബദര്‍ അല്‍ സബാഹ് ഉള്‍പ്പെടെയുള്ള കുവൈത്തിലെ പ്രമുഖരും മാധ്യമങ്ങളും ടൂറിസം സ്റ്റാളുകള്‍ സന്ദര്‍ശിച്ചു.
സമ്മര്‍ ടൂറിസം, ഇന്ത്യയുടെ ലക്ഷ്വറി ട്രെയിനുകള്‍, ചികിത്സ , പുനരുജ്ജീവനം, ഗോള്‍ഡന്‍ ട്രയാംഗിള്‍ അഡ്വഞ്ചര്‍, വൈല്‍ഡ് ലൈഫ് തുടങ്ങിയ ഇന്ത്യന്‍ ടൂറിസത്തിന്റെ വൈവിധ്യമാര്‍ന്ന മേഖലകള്‍ പരിചയപ്പെടുത്തി. കാശ്മീര്‍ മുതല്‍ ഷിംല, കുലു മണാലി മുതല്‍ മുസ്സൂറി, വടക്ക് പ്രദേശത്തെ നൈനിറ്റാള്‍ , കിഴക്ക് ഡാര്‍ജിലിംഗ്, ഗാംഗ്‌ടോക്ക്, കലിംപോങ്, തെക്ക് ഊട്ടി എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമാക്കിയിരുന്നു.
ആഡംബര തീവണ്ടികള്‍ ആയി അറിയപ്പെടുന്ന പാലസ് ഓണ്‍ വീല്‍സ്, മഹാരാജ എക്‌സ്പ്രസ്, ഗോള്‍ഡന്‍ ചാരിയറ്റ്, ഡെക്കാന്‍ ഒഡീസി ട്രെയിനുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ടൂറിസം പാതകളും പ്രദര്‍ശിപ്പിച്ചു. കേരളത്തിലെ വെല്‍നസ് ടൂറിസത്തെ കുറിച്ചുള്ള പ്രദര്‍ശനം ധാരാളം സന്ദര്‍ശകരെ ആകര്‍ഷിച്ചു. വൈല്‍ഡ് ലൈഫ് വിനോദസഞ്ചാരത്തിന്റെയും സാഹസിക കായിക വിനോദങ്ങളുടെയും പ്രമേയങ്ങള്‍ യുവാക്കളുടെ ശ്രദ്ധ ആകര്‍ഷിച്ചു. ഇന്ത്യയിലെ വിവിധ വിനോദസഞ്ചാര മേഖലകളെക്കുറിച്ചുള്ള ടൂറിസം ലഘുലേഖകളും വിതരണം ചെയ്തു.
കുവൈത്തില്‍ നിന്നുള്ള പ്രമുഖ ടൂര്‍, ട്രാവല്‍ ഏജന്‍സികളുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത് .നാടോടി നൃത്തങ്ങളും ജനപ്രിയ സമകാലീന ബോളിവുഡ് നൃത്തങ്ങളും കൂടാതെ ഭരതനാട്യം, കഥക്, കുച്ചിപ്പുടി, മോഹിനിയാട്ടം തുടങ്ങിയ വിവിധ ഇന്ത്യന്‍ കലാരൂപങ്ങളും നൃത്തരൂപങ്ങളും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. സന്ദര്‍ശകരുമായി ഇടപഴകുന്നതിനായി മൈലാഞ്ചി ഡിസൈനുകള്‍, സര്‍ദോസി കലാസൃഷ്ടികള്‍, തല്‍ക്ഷണ ക്വിസ് തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. കുവൈത്തി വിനോദ സഞ്ചാരികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതിനായി നടത്തി വരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.