കണ്ണൂരിൽ പേമാരിയും വെള്ളപ്പൊക്ക0: ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

കണ്ണൂർ: ജില്ലയിൽ കനത്ത മഴ തുടരുന്നതിനെ തുടർന്ന് കക്കുവ പുഴയും ബാവലി പുഴയും കരകവിഞ്ഞൊഴുകി. പലയിടങ്ങളിലും വീടുകളിൽ വെള്ളം കയറിയതോടെ ജനജീവിതം ദുരിതത്തിലായി.
കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പല കുടുംബങ്ങളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മുണ്ടയാംപറമ്പ് നടുക്കുന്നിയിൽ ഏഴ് കുടുംബങ്ങളെയും, ആറളം ഫാം ബ്ലോക്ക് 13-ൽ അഞ്ച് കുടുംബങ്ങളെയും ആർആർടി ഓഫിസിനു സമീപമുള്ള അങ്കണവാടിയിലേക്ക് മാറ്റിപ്പാർപ്പിച്ചു. ആറ് കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മാറ്റിയിട്ടുണ്ട്. ആറളം ഫാം ബ്ലോക്ക് 11-ൽ വെള്ളം കയറിയതിനെ തുടർന്ന് അവിടുത്തെ കുടുംബങ്ങളെയും അങ്കണവാടിയിലേക്ക് മാറ്റി.അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി – മുണ്ടയാംപറമ്പ് മേഖലയിൽ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. വൈകുന്നേരം ഏഴ് മണിയോടെയാണ് വെള്ളം ഉയരാൻ തുടങ്ങിയതെങ്കിലും രാത്രി ഒമ്പത് മണിയോടെ വെള്ളം താഴ്ന്നു തുടങ്ങി. കരിക്കോട്ടക്കരി കളരിക്കൽ പാലത്തിൽ വെള്ളം കയറിയതിനെ തുടർന്ന് പൂർണമായും ഗതാഗതം തടസപ്പെട്ടു. മുണ്ടയാംപറമ്പ് മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ ആളുകളെ മാറ്റിപ്പാർപ്പിച്ചു. ഇരിട്ടി അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ശക്തമായ കാറ്റും മഴയും കാരണം നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോളിത്തട്ടിൽ, ശക്തമായ കാറ്റിൽ വളകുഴി ദാസൻ്റെ വീടിന് മുകളിൽ മരം വീണ് വീട് ഭാഗികമായി തകർന്നു. വീട്ടിലുണ്ടായിരുന്നവർക്ക് അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഇനിയൊരു അറിയിപ്പ് കൂടാതെ തുറക്കും
കനത്ത മഴയെ തുടർന്ന് പഴശ്ശി റിസർവോയറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ഈ സാഹചര്യത്തിൽ പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഇനിയൊരു അറിയിപ്പ് കൂടാതെ തുറക്കുമെന്ന് പഴശ്ശി ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഡാമിന്റെ താഴെ ഭാഗത്ത് ഇരു കരകളിലുമുള്ള ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവരും, താഴ്ന്ന പ്രദേശങ്ങളിലുള്ളവരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറാകണം.
കണ്ണൂർ ജില്ലയിൽ വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ കൂടുതൽ ശ്രദ്ധ പുലർത്തുകയും ആവശ്യമെങ്കിൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുകയും ചെയ്യണം. അനാവശ്യ യാത്രകൾ ഒഴിവാക്കാനും പുഴകളിലും ജലാശയങ്ങളിലും ഇറങ്ങുന്നത് ഒഴിവാക്കാനും നിർദേശമുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയും വെള്ളപ്പൊക്കവും ജില്ലയിൽ സാധാരണ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വൈദ്യുതി തടസങ്ങളും ഗതാഗത പ്രശ്നങ്ങളും പലയിടങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും, അടിയന്തര സാഹചര്യങ്ങളെ നേരിടാൻ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.