തക്കാളി വില വീണ്ടും സെഞ്ചറിയടിച്ചു; മഴക്കെടുതിയും വൈറസ് ആക്രമണവും തിരിച്ചടി
രാജ്യത്ത് തക്കാളി വില മികച്ച ഫോമിൽ മുന്നേറുന്നു. പലയിടത്തും വില സെഞ്ചറിയും കടന്ന് മുന്നേറ്റം തുടങ്ങി. കേരളത്തിൽ ഹോൾസെയിൽ വില കിലോയ്ക്ക് 75 രൂപയും ചില്ലറ വില 85-90 രൂപ നിരക്കിലുമാണ്. ഉൾനാടൻ കടകളിൽ വില 100 രൂപയ്ക്കടുത്തുമായിട്ടുണ്ട്. ഓണക്കാലത്തിന് പിന്നാലെയാണ് കേരളത്തിൽ തക്കാളി വില കുതിപ്പ് തുടങ്ങിയത്. ഓണത്തിന് വില കിലോയ്ക്ക് 20-25 രൂപയായിരുന്നു. സെപ്റ്റംബറിലെ അവസാന ആഴ്ചയിലാണ് വില കിലോയ്ക്ക് 60 രൂപ കടന്നത്. തുടർന്ന്, ഒരാഴ്ച പിന്നിട്ടപ്പോഴേക്കും 100 രൂപയ്ക്ക് അടുത്തുമെത്തി.മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞത് വില വർധനയുടെ ആക്കംകൂട്ടുകയാണ്. പ്രമുഖ ഉൽപാദന സംസ്ഥാനമായ മഹാരാഷ്ട്രയിലെ നാസിക്കിൽ വിളവ് നേരിടുന്ന ഭീഷണികളാണ്, ജനങ്ങളുടെ അടുക്കള ബജറ്റിന്റെ താളംതെറ്റിച്ച് തക്കാളി വില കുതിക്കാൻ മുഖ്യകാരണം. കാലംതെറ്റിയുള്ള മഴയും വൈറസ് ആക്രമണവും ഉൽപാദനത്തെ ബാധിച്ചു. നാസിക്കിൽ 20 കിലോ വരുന്ന പെട്ടിക്ക് വില ഇപ്പോൾ 1,500-1,600 രൂപയാണ്. മഹാരാഷ്ട്രയിൽ ചില്ലറവില 100-120 രൂപ നിരക്കിലുമാണുള്ളത്. മഴക്കെടുതിയിൽ ഭൂരിഭാഗം വിളവും നശിച്ചുവെന്ന് നാഷിക്കിലെ കർഷകർ പറയുന്നു. ഇതാണ് ഒറ്റയാഴ്ച കൊണ്ട് വില റോക്കറ്റിലേറാനും കാരണം. നേരത്തേ വില കിലോയ്ക്ക് 10 രൂപവരെയായി കുത്തനെ ഇടിഞ്ഞുനിന്നതു മൂലം നിരവധി പേർ കൃഷി ഉപേക്ഷിക്കുകയോ കുറയ്ക്കുകയോ ചെയ്തതും ഉൽപാദനത്തെ ബാധിച്ചിട്ടുണ്ട്. മറ്റൊരു പ്രമുഖ ഉൽപാദന സംസ്ഥാനമായ കർണാടകയിലും വിളവ് കുറഞ്ഞിട്ടുണ്ട്. ഇതും കേരളത്തിലേക്കുള്ള വരവിനെ ബാധിച്ചു. ഉത്തരേന്ത്യയിൽ നവരാത്രി, ദസ്സറി, ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമായെന്നിരിക്കേ വില ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകൾ. ഈ വർഷം ജൂണിലും തക്കാളി വില കിലോയ്ക്ക് 100 രൂപ കടന്നിരുന്നെങ്കിലും പിന്നീട് കുറഞ്ഞിരുന്നു.