കരിപ്പൂർ വിമാനദുരന്തം നടന്നിട്ട് ഇന്ന് 5 വർഷം ! :നഷ്ട്ടപരിഹാരതുക ലഭിക്കാത്തവർ ഇപ്പോഴും…

മലപ്പുറം: കേരളത്തിന് ഒരിക്കലും മറക്കാനാവാത്ത കരിപ്പൂർ വിമാനദുരന്തം നടന്നിട്ട് ഇന്നേയ്‌ക്ക് അഞ്ച് വർഷം!
2020 ഓഗസ്റ്റ് 7 ന് ദുബായിൽ നിന്ന് കാബിൻ ക്രൂ ഉൾപ്പെടെ 190 പേരുമായി കേരളത്തിലേക്കെത്തിയ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനമാണ് സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിയാതെ വന്നപ്പോൾ അപകടത്തിൽപ്പെട്ടത് . ഏരിയക്ക് പുറത്ത് ഇടിച്ചുനിന്ന വിമാനം നെടുകെ പിളർന്നു. ഏറെ പ്രതീക്ഷകളുമായി തങ്ങളുടെ ഉറ്റവരെ കാണാൻ വിമാനം കയറിയ പ്രവാസികളെ കാത്തിരുന്നത് ആക്‌സമിക ദുരന്തം ! അഞ്ച് വർഷങ്ങള്‍ പിന്നിടുമ്പോൾ മലയാളികളുടെ മനസ്സിൽ ഇന്നും ഇത് നടുക്കം വിട്ടുമാറാത്ത ഒരോർമ്മയാണ്.
രണ്ട് പൈലറ്റുമാരും 19 യാത്രക്കാരും ഉൾപ്പെടെ 21 മരണം. 169 പേർക്കു പരിക്ക്. നാല് കാബിൻ ക്രൂ ഉൾപ്പെടെ 190 പേരുള്ള വിമാനത്തിലെ മിക്ക യാത്രക്കാരും ജീവിതത്തിലേക്കു തിരിച്ചുവന്നതിൻ്റെ കാരണം അന്നത്തെ മഹാ രക്ഷാപ്രവർത്തന ദൗത്യമായിരുന്നു. മഴയും കൊവിഡ് ഭീഷണിയുമെല്ലാം അവഗണിച്ച് മൂന്നായി പിളർന്ന വിമാന ഭാഗങ്ങള്‍ക്കിടയിൽ നിന്ന് ജീവനു വേണ്ടി നിലവിളിക്കുന്ന യാത്രക്കാരെ ചേർന്ന് പിടിച്ച് ആശുപത്രികളിലേക്ക് പാഞ്ഞ മലയാളികളെ അത്ര പെട്ടെന്നൊന്നും മറക്കാൻ ആർക്കും കഴിയില്ല.വിമാനം ഏതുസമയവും പൊട്ടിത്തെറിക്കാമെന്ന മുന്നറിയിപ്പോ കൊവിഡ് ഭീതിയോ അവരെ പിന്തിരിപ്പിച്ചില്ല. എല്ലാം മറന്ന് അവർ രക്ഷാപ്രവർത്തനത്തിനിറങ്ങി. പ്രദേശത്തുകാരുടെ ഓട്ടോറിക്ഷ മുതൽ ലോറി വരെ ആംബുലൻസുകളായി മാറി. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും പരിക്കേറ്റവരെ എത്തിച്ചു. ആ രക്ഷാപ്രവർത്തനത്തെ പിന്നീട് ലോകം വാഴ്‌ത്തി.
വിമാനം റൺവേയിൽ നിന്ന് ലാൻഡിങ്ങിനിടെ തെന്നി മാറി താഴ്‌ചയിലേക്കു പതിച്ച് വിമാനം പിളരുകയായിരുന്നു.പിന്നീട് അപകടത്തിൻ്റെ കാരണം എന്താണെന്ന അന്വഷണ റിപ്പോർട്ട് പുറത്ത് വന്നു.അപകടം അന്വേഷിച്ച എയർ ക്രാഫ്റ്റ് ആക്‌സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ തയാറാക്കിയ റിപ്പോർട്ടിൽ അപകടം പൈലറ്റിൻ്റെ പിഴവിലേക്കു വിരൽചൂണ്ടുന്നതായിരുന്നു. എന്നാൽ, വിമാനത്താവളത്തിൻ്റെ പരിമിതികളും ആവശ്യമായ നിർദേശങ്ങളും പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ദുരന്ത കാരണത്തെക്കുറിച്ച് തര്‍ക്കങ്ങൾ പലതുണ്ടായി. ഒടുവിലാണ് അന്തിമ റിപ്പോർട്ടിന് രൂപമായത്.വൈപ്പര്‍ തകാരാറില്‍ ആയിരുന്നിട്ടും ഓട്ടോ പൈലറ്റ് രീതിയില്‍ ഇറക്കുന്നതിനു പകരം സ്വന്തം നിയന്ത്രണത്തില്‍ മാത്രം വിമാനമിറക്കാന്‍ ശ്രമിച്ചത്, സഹപൈലറ്റ് അഖിലേഷ് നല്‍കിയ നിര്‍ദേശങ്ങളെല്ലാം ലംഘിച്ചത്, കരിപ്പൂരിലെ ലാന്‍ഡിങ് ദുഷ്‌കരമെന്ന് തിരിച്ചറിഞ്ഞ് കൊച്ചി, കോയമ്പത്തൂര്‍ തുടങ്ങി മറ്റ് വിമാനത്താവളില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കാഞ്ഞത് തുടങ്ങിയവയെല്ലാം മുഖ്യ പൈലറ്റ് ക്യാപ്റ്റന്‍ സാഥെയുടെ പിഴവായി അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.
വിമാനാപകടത്തിനു പിന്നാലെ കേന്ദ്രം പ്രഖ്യാപിച്ച നഷ്‌ട പരിഹാരത്തുക ഇനിയും ലഭിക്കാത്തവരുണ്ട്. എയർ ഇന്ത്യയുടെ ഭാഗത്തുനിന്നു നഷ്‌ടപരിഹാരം ലഭിച്ചു. സംസ്ഥാന സർക്കാർ പരിക്കേറ്റവരുടെ ചികിത്സ ഏറ്റെടുത്തിരുന്നു. എന്നാൽ, നഷ്‌ടപരിഹാരത്തുക നൽകും വരെ ചികിത്സ എയർ ഇന്ത്യയാണ് നൽകിയിരുന്നത്. പിന്നീട് ചികിത്സ നിർത്തി. നൂറോളം യാത്രക്കാർ വൻതുക ചെലവിട്ട് ഇപ്പോഴും ചികിത്സ തുടരുന്നുണ്ട്. പലരുടെയും ജീവിതം ഇന്ന് വീൽ ചെയറിലേക്ക് മാറിയിരിക്കുന്നു.