പരിശുദ്ധ റമസാനിലെ വിധി നിർണായക രാത്രി ഇന്ന്

ഈ രാത്രിയിൽ ചെയ്യുന്ന പുണ്യപ്രവൃത്തികൾ, ആയിരം മാസങ്ങൾ കൊണ്ട് ചെയ്യുന്ന പ്രവൃത്തിയേക്കാൾ ഉത്തമമാണെന്ന് വിശുദ്ധ ഖുർആൻ പറയുന്നു…
മുംബൈ. സഹനത്തിൻ്റെയും സഹിഷ്ണുതയുടെയും സഹജീവി സ്നേഹത്തിൻ്റെയും ദിനരാത്രങ്ങൾ ആണ് പരിശുദ്ധ റമസാൻ. വ്രതമാസത്തിലെ മൂന്നാമത്തെ പത്തിലെ ഒറ്റയായ ഒരു രാത്രിയിൽ ‘ലൈലത്തുൽ ഖദ്ർ’ (വിധി നിർണായക രാത്രി) സംജാതമാകും എന്നാണ് വിശ്വാസം.ആ പുണ്യരാത്രി ഇന്ന് ആകാം എന്ന് പണ്ഡിതർ പറയുന്നു.ദൈവത്തിന്റെ മാലാഖമാർ ഭൂമിയിലേക്കിറങ്ങിവന്ന് വിശ്വാസികളുടെ കർമങ്ങൾക്ക് സാക്ഷിയാകുമെന്ന് വിശ്വസിക്കുന്ന ലൈലത്തുൽ ഖദർ പ്രതീക്ഷിച്ച് റമദാനിലെ ഇരുപത്തിയേഴാം രാവിൽ മക്ക മദീന ഹറമുകളിൽ ലക്ഷങ്ങൾ സംഗമിക്കുന്നു.റമസാനിലെ ആദ്യ രണ്ടു പത്തുകളിൽ പൂർണവ്രതം നോറ്റവർക്ക് ദൈവകാരുണ്യവും പാപമോചനവും ലഭിക്കും അവസാന പത്തിൽ നരക മോചന പ്രാർത്ഥനകളാലും ആത്മീയ ചൈതന്യം കൈവരിക്കപ്പെടുമെന്നും വിശ്വസിക്കുന്നു.
ഇന്ന് രാത്രി പള്ളികളിലും ഭവനങ്ങളിലും ഉറക്കം വെടിഞ്ഞ് പ്രാർത്ഥനകളിൽ മുഴുകും.ഇരുപത്തിയേഴാം രാവിൽ ആണ് ഖുർ ആൻ അവതരിക്കപ്പെട്ടതെന്നും. ഈ വിശുദ്ധ രാത്രിയിൽ മനമുരുകി പ്രാർത്ഥിക്കുന്നവർക്ക് വേണ്ടി മരണാനന്തരം സ്വർഗകവാടം തുറക്കപ്പെടും എന്നും വിശ്വസിക്കുന്നു.
റമസാൻ വിടചൊല്ലാൻ ദിവസങ്ങൾ അവശേഷിക്കവെ സക്കാത്ത് എന്ന ദാന കർമ്മം സജീവമായിട്ടുണ്ട്.
( സലിം താജ് )