ഇന്ന് ദേശീയ സമ്മതിദായക ദിനം: കണ്ണൂർക്കാരി റീഷ്‌മ രമേശൻ ഐപിഎസിന് ആദരവ്

0

 

ന്യൂഡൽഹി : ദേശീയ സമ്മതിദായക ദിനമായ ഇന്ന് , ഝാർഖണ്ഡിലെ പ്രധാന മാവോയിസ്റ്റ് മേഖലകളിൽ ഒന്നായ പലാമു ജില്ലയിൽ സമാധാനപരമായി ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ സാധ്യമാക്കിയതിന്
കണ്ണൂരുകാരിയായ ഐപിഎസ് ഓഫീസറെ തിരഞ്ഞെടുപ്പ് കമ്മീഷൻ ആദരിക്കും.
കണ്ണൂരിലെ കതിരൂർ ‘രശ്‌മി’ യിൽ ഡോ. രമേശന്‍റെയും ഡോ. രോഹിണി രമേശന്‍റെയും മകളാണ് റീഷ്‌മ രമേശന്‍.
.2020ലാണ് റീഷ്‌മ പലാമു ജില്ലയുടെ ചുമതല ഏൽക്കുന്നത്. പലാമുവിൽ എസ്പിയായി സേവനമനുഷ്ഠിക്കുന്ന ആദ്യ വനിത . മാധ്യമങ്ങളൊക്കെ വലിയരീതിയിൽ ആഘോഷിച്ചൊരു വർത്തകൂടിയായിരുന്നു അത്.
സര്‍ക്കാര്‍ 10 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവിനെ പിടികൂടിയ സുരക്ഷാ ദൗത്യസംഘത്തിൻ്റെയടക്കം ഭാഗമാകാൻ റീഷ്മയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല,ഡൽത്തോൻഗഞ്ചിലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ വേളയിൽ, സമാധാനവും ക്രമസമാധാനവും നിലനിർത്തുന്നതിന് 700 പോലീസുകാരെ വിന്യസിച്ചതിന് മേൽനോട്ടം വഹിച്ച് സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല വഹിച്ചു .കമ്മ്യൂണിറ്റി പോലീസിംഗ് സമീപനത്തിന് ഊന്നൽ നൽകി പോലീസിനെ പൊതുജനങ്ങളിലേക്ക് അടുപ്പിക്കുന്നതിൽ സജീവമായി പ്രവർത്തിച്ചു .നക്‌സലൈറ്റ് പ്രവർത്തനങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും പേരുകേട്ട ജില്ലകളിലെ നിയമപാലനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ജാർഖണ്ഡിൽ വിവിധ പദവികളിൽ റീഷ്മ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എസ്‌പി ആയിരിക്കെ കൽക്കരി മാഫിയ പ്രവർത്തനങ്ങൾക്ക് പേരുകേട്ട ധൻബാദ് റൂറലിലെ പ്രദേശത്ത് ക്രമസമാധാനം കൈകാര്യം ചെയ്യുന്നതിൽ മുഖ്യ പങ്കുവഹിച്ചു.

ദേശീയ വോട്ടർ ദിനം ജനുവരി 25 ന്: ഇന്ത്യയിൽ 99 കോടി വോട്ടർമാർ

കണ്ണൂർ ചിന്മയ വിദ്യാലയത്തിൽ നിന്ന് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ റീഷ്‌മ അങ്കമാലി ഫിസാറ്റിൽ നിന്ന് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബിരുദം നേടി.
2017 ബാച്ചിലാണ് റീഷ്‌മ രമേശന്‍ ഐപിഎസ് നേടിയത്. സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമിയിൽ (SVPNPA) ആയിരുന്നു പരിശീലനം. പെരിന്തൽമണ്ണ എഎസ്‌പി ആയിട്ടായിരുന്നു ആദ്യ നിയമനം. കണ്ണൂരിൽ നാർകോട്ടിക്ക് സെൽ എഎസ്‌പി ആയും സേവനമനുഷ്‌ഠിച്ചിരുന്നു.
കേരള കേഡര്‍ ആയിരുന്ന റീഷ്‌മ ജാർഖണ്ഡ് സ്വദേശിയായ ഐപിഎസ് ഉദ്യോഗസ്ഥൻ അഞ്ജനി അഞ്ജനെ വിവാഹം കഴിച്ച ശേഷമാണ് കേരളം വിടുന്നത്.. ആന്‍റി കറപ്ഷൻ ബ്യൂറോയിൽ എസ്‌പിയാണ് ഭർത്താവ് അഞ്ജനി അഞ്ജൻ.
മുപ്പതിലേറെ വർഷങ്ങൾക്കുശേഷമാണ് പലാമു ജില്ലയിൽ സമാധാനപരമായി ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ നടന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു.
ഇത്തവണ ജാര്‍ഖണ്ഡില്‍ വോട്ടെടുപ്പിനെതിരെ പോസ്‌റ്റർ പ്രചരണം പോലും ഉണ്ടായിരുന്നില്ല എന്നതാണ് കൗതുകം. 2019 ലെ തെരഞ്ഞെടുപ്പിൽ ബൂത്തിന് പുറത്ത് സംഘർഷം ഉണ്ടായപ്പോൾ സ്ഥാനാർഥി തന്നെ തോക്ക് പുറത്തെടുത്തത് വലിയ വാർത്തയായിരുന്നു. കഴിഞ്ഞ മേയിൽ ആയിരുന്നു ലോകസഭ തെരഞ്ഞെടുപ്പ്. നവംബറിൽ രണ്ട് ഘട്ടമായി നിയമസഭ തെരഞ്ഞെടുപ്പും നടന്നു. സംസ്ഥാനത്ത് സമാധാന പൂർണമായി തെരഞ്ഞെടുപ്പ് നടത്തിയതിന് 8 പൊലീസ് ഉദ്യോഗസ്ഥരെയാണ് ആദരിക്കുന്നത്. തന്‍റെ കൂടെ ജോലി ചെയ്‌ത മുഴുവൻ ടീമിനാണ് ഈ ആദരമെന്ന് റീഷ്‌മ പറഞ്ഞു.

 

 

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *