ഒന്നരകോടി രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാക്കൾ പിടിയിൽ

കൊല്ലം: ലോറിയിൽ കടത്താൻ ശ്രമിച്ച ഒന്നരകോടി രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. മംഗലാപുരം സ്വദേശി സവാദ്(38), മലപ്പുറം, പൊന്നാനി, വെളിയങ്കോട് തറയിൽ വീട്ടിൽ അഷ്‌റഫ് മകൻ അമീർ(38) എന്നിവരാണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. അന്യസംസ്ഥാന തൊഴിലാളികളേയും സ്‌കൂൾ കോളേജ് വിദ്യാർത്ഥികളേയും യുവാക്കളേയും ലക്ഷ്യമിട്ട് മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് കടത്താൻ ശ്രമിച്ച ഒന്നരകോടി രൂപ വിലമതിക്കുന്ന 225 ചാക്ക് പുകയില ഉൽപ്പന്നങ്ങളാണ് ചാത്തന്നൂർ എ.സി.പി അലക്‌സാണ്ടർ തങ്കച്ചന്റെ നേതൃത്വത്തിൽ കൊട്ടിയം, ചാത്തന്നൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടേയും ഡാൻസാഫ് സംഘത്തിന്റേയും കൂട്ടായ പരിശ്രമത്തിലൂടെ പിടികൂടാനായത്.
കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച (25/07/2025) പുലർച്ചെ നടത്തിയ പരിശോധനയിലാണ് കുപ്പിവെള്ളത്തിന്റെ മറവിൽ കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. ചാത്തന്നൂർ ഇൻസ്‌പെക്ടർ അനൂപ്, കൊട്ടിയം ഇൻസ്‌പെക്ടർ പ്രദീപ്.പി, കൊട്ടിയം എസ്.ഐ നിതിൻനളൻ, എന്നിവരോടൊപ്പം എസ്.ഐ സായിസേനന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.