പി.വി. അൻവർ ഡിഎംകെയിലേക്ക്? തമിഴ്‌നാട് ലീഗ് നേതാക്കളുമായും കൂടിക്കാഴ്ച
ചെന്നൈ∙ രാഷ്ട്രീയ വിവാദങ്ങൾക്കിടെ ഡിഎംകെ നേതാക്കളുമായി ചർച്ച നടത്തി പി.വി. അൻവർ എംഎൽഎ. നാളെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് അപ്രതീക്ഷിത കൂടിക്കാഴ്ച. തമിഴ്നാട്ടിലെ ലീഗ് നേതാക്കളെയും അൻവർ കണ്ടു.ചെന്നൈയിലെ കെടിഡിസി റെയിൻ ഡ്രോപ്സ് ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച. മുസ്‍ലിം ലീഗിന്റെ തമിഴ്നാട് ജനറൽ സെക്രട്ടറി കെ.എ.എം.മുഹമ്മദ് അബൂബക്കർ, ലീഗിന്റെ മറ്റ് സംസ്ഥാന നേതാക്കൾ എന്നിവർ ചെന്നൈയിലെ കൂടിക്കാഴ്ചയിൽ പങ്കെടുത്തതായാണ് വിവരം.കൂടിക്കാഴ്ചയിൽ ഡിഎംകെയുടെ രാജ്യസഭാംഗം എംപി എം.എം.അബ്ദുള്ളയും പങ്കെടുത്തു. അതേസമയം, കൂടിക്കാഴ്ചയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ കെ.എ.എം.മുഹമ്മദ് അബൂബക്കർ തയാറായില്ല. അതിനിടെ അൻവറിന്റെ മകൻ സെന്തിൽ ബാലാജിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്തകളും പുറത്തുവരുന്നു.