‘തിരൂർ സതീഷ് നാവ് മാത്രം, തിരക്കഥ എകെജി സെന്ററിന്റേത്; സംസ്ഥാന പ്രസിഡന്റാകാൻ എനിക്ക് അയോഗ്യതയില്ല’
തൃശൂർ∙ ഉപതിരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റത്തിലേക്ക് നീങ്ങുന്നതിനിടെയാണ് പാർട്ടിയെ തകർക്കാൻ ഒരു ഉപകരണവുമായി സിപിഎം രംഗപ്രവേശനം ചെയ്തിരിക്കുന്നതെന്ന് ശോഭാ സുരേന്ദ്രൻ. പദ്ധതിക്കു പിന്നിൽ എകെജി സെന്ററും പിണറായി വിജയനുമാണെന്നും ഒരു വെടിക്ക് രണ്ടു പക്ഷികളെ തീർക്കാനുള്ള ശ്രമമാണ നടക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു. ‘‘എം.കെ കണ്ണനാണ് ഇവിടെ സതീഷിന് വായ്പ് നൽകിയത്. കപ്പലണ്ടി കച്ചവടത്തിൽ തുടങ്ങിയ കണ്ണൻ, സഹകരണ ബാങ്ക് തലപ്പത്ത് വരെ എത്തി. ഒന്നര വർഷം മുൻപാണ് സതീഷിനെ പാർട്ടിയിൽനിന്നു പുറത്താക്കിയത്. ഒരു വർഷം മുൻപ് കണ്ണന്റെ നേതൃത്വത്തിലുള്ള സൊസൈറ്റി, സതീഷിന് വായ്പ നൽകുകയും ചെയ്തു.’’ – ശോഭാ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.