‘മുറുക്കാൻ കടയ്ക്ക് ലൈസൻസ് വേണം, സ്കൂളിന് വേണ്ട’: അനുമതിയില്ലാത്ത സ്കൂളുകൾ പൂട്ടും: ശിവൻകുട്ടി
തിരുവനന്തപുരം∙ സർക്കാരിന്റെ അനുവാദമില്ലാതെ പ്രവർത്തിക്കുകയും അമിതമായ പ്രവേശനഫീസ് ഈടാക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ തുറന്ന് പ്രവർത്തിക്കാന്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കൊച്ചിയിലും തൃശൂരിലും വിദ്യാർഥികളെ അധ്യാപകർ തല്ലിച്ചതച്ച സംഭവത്തിൽ നിയമസഭയിൽ കെ.ജെ.മാക്സിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.ആർക്കും എവിടെയും വിദ്യാലയം ആരംഭിക്കാവുന്ന സാഹചര്യമാണെന്ന് ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു.
സർക്കാരിന്റെ അനുവാദമില്ലാതെ ധാരാളം വിദ്യാലയം ആരംഭിക്കുന്നു. അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതയും ഫീസും സിലബസുമെല്ലാം നിശ്ചയിക്കുന്നത് സ്കൂളുകളാണ്. ഇതിനെല്ലാം സർക്കാരിന്റെ അനുവാദം വേണമെന്നാണ് ചട്ടം. മുറുക്കാൻ കട തുടങ്ങാൻ ലൈസൻസ് വേണം. അപ്പോഴാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈ രീതി. സ്കൂളുകളിൽ ഡൊണേഷനായി 25,000 രൂപ മുതൽ ലക്ഷങ്ങൾവരെ വാങ്ങുന്നുണ്ട്. വിദ്യാഭ്യാസ കച്ചവടം അനുവദിക്കാൻ കഴിയില്ല.
ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ സ്ഥാപനങ്ങളെ പ്രവർത്തിപ്പിക്കില്ല. സർക്കാരിന്റെ അനുവാദമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പട്ടിക തയാറാക്കാൻ വിദ്യാഭ്യാസ ഡയറക്ടറോട് നിർദേശിച്ചു. ഒരു മാസത്തിനകം പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നൽകണം. ചട്ടങ്ങൾ പാലിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതിനുശേഷം നോട്ടിസ് നൽകും. വിദ്യാർഥി പ്രവേശനത്തിനു കോഴ വാങ്ങിയ സ്ഥാപനങ്ങൾക്കും നോട്ടിസ് നൽകാൻ നിർദേശിച്ചു. വിദ്യാഭ്യാസ കച്ചവടം അവസാനിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.