മീനങ്ങാടി മൈലമ്പാടി അപ്പാട് പ്രദേശങ്ങളെ വിറപ്പിച്ച കടുവ കൂട്ടിലായി

വയനാട്: മീനങ്ങാടി മൈലമ്പാടി, അപ്പാട് പ്രദേശങ്ങളെ വിറപ്പിച്ച കടുവ കൂട്ടിലായി. പാമ്പുംകൊല്ലി കാവുങ്ങൽ കുര്യന്റെ വീടിനു സമീപത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഇന്നലെ രാത്രി 9.15 ഓടെയാണ് സംഭവം. കഴിഞ്ഞ ദിവസം രണ്ടിടങ്ങളിൽ മൂന്നു വളർത്തു മൃഗങ്ങളെ കടുവ കൊന്നിരുന്നു. രണ്ട് ആടിനേയും ഒരാട്ടിന്‍കുട്ടിയേയുമാണ് കടുവ കൊന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.
നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്നായിരുന്നു വനംവകുപ്പ് കൂടുസ്ഥാപിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് കൂടുസ്ഥാപിച്ചത്. ഈ കൂട്ടിലാണ് 24 മണിക്കൂറിനുള്ളില്‍ കടുവ കുടുങ്ങിയത്. കടുവയെ താത്കാലികമായി സുല്‍ത്താന്‍ബത്തേരി കുപ്പാടിയിലുള്ള പരിചരണകേന്ദ്രത്തിലേക്ക് മാറ്റും. കഴിഞ്ഞ ഒരു മാസത്തിലേറെയായി പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നു.