തുഷാറിന്റെ റോഡ് ഷോ; അഭിവാദ്യങ്ങളുമായ് പതിനായിരങ്ങൾ

0

കോട്ടയം: മാറ്റം കൊതിക്കുന്ന കോട്ടയത്തിന്റെ മനസാക്ഷിയിലേക്ക് ആവേശ തരംഗമായി എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ റോഡ് ഷോ. അക്ഷരനഗരം ഇതുവരെ കാണാത്ത അലമാലകള്‍ തീര്‍ത്ത തുഷാര്‍ വെള്ളാപ്പളളിയുടെ തുറന്ന വാഹനത്തിലെ നഗര പര്യടനം ദേശീയ ജനാധിപത്യ സഖ്യത്തിന്റെ വിജയകുതിപ്പിന്റെ കാഹളമായി മാറി.

വരണം വരണം മോഡി. നാടിന്റെ ജീവനാഡി എന്നു തുടങ്ങുന്ന പ്രചാരണ ഗാനം നഗരവീഥികളിലാകെ അലയടിച്ചുയര്‍ന്ന അന്തരീഷത്തിലായിരുന്നു റോഡ് ഷോ. കോട്ടയം പോലീസ് പരേഡ് മൈതാനത്ത് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കര്‍ ഷോ ഫ്‌ളാഗ് ഒഫ് ചെയ്തു. കേരളം ഇക്കുറി നരേന്ദ്രമോദിക്ക് വോട്ടു ചെയ്യുമെന്ന് ഉറപ്പാണെന്ന് റോഡ് ഷോ ഉദ്ഘാടനം ചെയതു ജാവദേക്കര്‍ പറഞ്ഞു. വിവേചനമില്ലാത്ത വികസനമാണ് നരേന്ദ്രമോദിയുടെ പ്രത്യേകത. അത് കേരളത്തിലെ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. നല്ല മോദി നന്ദി മോദി എന്നതാണ് മലയാളത്തിന്റെ മനസ്. തനിക്ക് അത് വായിച്ചെടുക്കാന്‍ കഴിയും. കോട്ടയത്ത് തുഷാര്‍ വെളളാപ്പള്ളി ചരിത്ര വിജയം നേടും.

വഴിയില്‍ പലയിടത്തും പ്രധാനമന്ത്രിയുടെ കട്ടൗട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വര്‍ണ ചിത്രങ്ങളും, ബലൂണുകളും ബിജെപിയുടെയും ബിഡിജെഎസിന്റെയും കൊടികളും ഉയര്‍ത്തി റോഡ് ഷോയ്‌ക്കൊപ്പം മുദ്രാവാക്യം വിളിച്ചു പ്രവര്‍ത്തകരും നാട്ടുകാരും അണിചേര്‍ന്നു. കൈവീശി കോട്ടയത്തെ അഭിവാദ്യം ചെയ്ത് ഹൃദയങ്ങള്‍ കീഴടക്കി തുഷാര്‍ വെള്ളാപ്പള്ളിയും. റോഡിന് ഇരുവശവും കെട്ടിടങ്ങളുടെ മുകളിലും നിന്ന് നഗരാവലി റോഡ് ഷോയ്ക്ക് കൈകൂപ്പിയും കൈകള്‍ ഉയര്‍ത്തിയും പിന്തുണ അറിയിച്ചു.പുതിയ കേരളം പുതിയ കോട്ടയം മോദിയുടെ ഗ്യാരന്റി എന്ന ഉറപ്പോടെ കോട്ടയത്തിന്റെ രാഷ്ട്രീയ കളരിയിലേക്ക് പതറാത്ത ചുവടുകളോടെ തുഷാര്‍ വെള്ളാപ്പള്ളി. കോട്ടയത്തിന്റെ അഭിവാദ്യം സ്വീകരിച്ച് തുഷാര്‍ വെള്ളാപ്പള്ളിക്ക് ഒപ്പം ബിജെപി ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ എന്‍ഡിഎ ജില്ലാ ചെയര്‍മാന്‍ ജി.ലിജിന്‍ലാല്‍, തുഷാറിന്റെ പത്‌നി ആശാ തുഷാര്‍ എന്നിവരും.

പോലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്നും നഗരത്തിലെ തിരുനക്കരയിലെത്തിയപ്പോഴേക്കും പ്രവര്‍ത്തകരുടെ ആവേശം വാനോളം ഉയര്‍ന്നു. നരേന്ദ്രമോദിയുടെ തുടര്‍ സര്‍ക്കാരിന് കോട്ടയം ഇക്കുറി പ്രതിനിധിയെ നല്‍കുമെന്ന് ഉറക്കെ ഉറക്കെ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. തകര്‍ന്നടിഞ്ഞ കാര്‍ഷിക മേഖല, കൂപ്പുകുത്തിയ റബര്‍ വില, നട്ടം തിരിയുന്ന കര്‍ഷകര്‍. വാഗ്ദാന പെരുമഴയൊഴുക്കിപാര്‍ലമെന്റില്‍ നിശബ്ദനായിരിക്കുന്ന പ്രതിനിധികളെ ഇനി കോട്ടയത്തിന് വേണ്ടെന്നുളള വികാരത്തിന്റെ പരസ്യപ്രകടനമായി റോഡ് ഷോ മാറി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *