തൃശൂർ പൂരം കലക്കൽ: ആംബുലൻസിൽ വന്നതിന് സുരേഷ് ഗോപിക്കെതിരെ കേസ്
തൃശൂർ∙ പൂരം വേദിയിലേക്ക് ആംബുലൻസിൽ വന്നതിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂർ ഈസ്റ്റ് പൊലീസാണ് കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തത്. ഐപിസി ആക്ട്, മോട്ടർ വാഹന നിയമത്തിലെ വകുപ്പുകൾ എന്നിവ ഉൾപ്പെടുത്തിയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. രോഗികളെ മാത്രം കൊണ്ടുപോകാൻ അനുമതിയുള്ള ആംബുലൻസിൽ, മനുഷ്യനു ജീവഹാനി വരാൻ സാധ്യതയുള്ള വിധത്തിൽ ജനത്തിരക്കിനിടയിലൂടെ ഓടിച്ചെന്നാണ് കേസ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 279,34 വകുപ്പുകൾ, മോട്ടോർ വാഹന നിയമത്തിലെ 179,184,188,192 വകുപ്പുകൾ പ്രകാരം ഇന്ന് പുലർച്ചെയാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരിക്കുന്നത്.
സുരേഷ് ഗോപിക്ക് ഒപ്പമുണ്ടായിരുന്ന അഭിജിത്ത് നായർ, ആംബുലൻസ് ഡ്രൈവർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അഭിഭാഷകനായ തൃശൂർ പുല്ലഴി സ്വദേശി സുമേഷ് ഭാവദാസ് തൃശൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് നടപടി. ഇന്നലെ രാത്രിയാണ് പരാതി ലഭിച്ചതെന്നും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ആംബുലൻസിൽ പൂരനഗരിയിലേക്ക് വന്നത് സുരേഷ് ഗോപി നിഷേധിച്ചിരുന്നുവെങ്കിലും, ദൃശ്യങ്ങൾ പുറത്ത് വന്നതോടെ സുരേഷ് ഗോപിക്ക് തന്നെ ഇതു സമ്മതിക്കേണ്ടി വന്നിരുന്നു.
എഫ്ഐആറിൽ പറയുന്നത് : ‘‘ 20.04. 2024ന് പുലർച്ചെ 3.00 മണിയോടെ തൃശൂർ ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാർഥിയായിരുന്നു സുരേഷ് ഗോപിയും മറ്റു പ്രതികളും പരസ്പരം ഉത്സാഹികളായി പ്രവർത്തിച്ച് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണ തന്ത്രത്തിന്റെ ഭാഗമായി തിരുവമ്പാടി ദേവസ്വം ഭാരവാഹികളുമായി സംസാരിക്കുന്നതിന് രോഗികളെ മാത്രം കൊണ്ടുപോകാൻ അനുമതിയുള്ള സേവാഭാരതി എന്ന സംഘടനയുടെ പേരിലുള്ള ആംബുലൻസിൽ, തൃശൂർ പൂരത്തിന്റെ ഭാഗമായി വാഹനങ്ങൾക്ക് പൊലീസ് നിയന്ത്രണം നിലനിൽക്കെ ആയത് ലംഘിച്ച് തൃശൂർ റൗണ്ടിലൂടെ ഓടിച്ച് വന്ന് മനുഷ്യ ജീവന് ഹാനിവരാൻ സാധ്യതയുള്ള വിധത്തിൽ പൂര ദിവസം ജനത്തിരക്കിനിടയിലൂടെ ആംബുലൻസിന്റെ നിയമപരമായ ഉദ്ദേശ്യ ലക്ഷ്യത്തിന് വിരുദ്ധമായി സഞ്ചരിച്ച് വന്നു.’’