അജിത്കുമാറിന്റെ പൂരം റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറി, വീണ്ടും അന്വേഷണം

0

 

തിരുവനന്തപുരം ∙ തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം.ആര്‍.അജിത് കുമാര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി തള്ളി. വിഷയത്തില്‍ വീണ്ടും അന്വേഷണം നടത്താന്‍ ആഭ്യന്തര സെക്രട്ടറി നിര്‍ദേശിച്ചു. എഡിജിപിക്കെതിരെയും അന്വേഷണം ഉണ്ടാകും. ഡിജിപി ദര്‍വേഷ് സാഹിബ് ഉന്നയിച്ച കാര്യങ്ങളിലാണ് അന്വേഷണ ശുപാര്‍ശ. എഡിജിപിക്കെതിരെ ഡിജിപിതല അന്വേഷണം വേണമെന്നാണു ശുപാര്‍ശ. പൂരം കലക്കലില്‍ മറ്റൊരു അന്വേഷണം കൂടി വേണമെന്നും ശുപാര്‍ശയുണ്ട്.

ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വന്നശേഷം വിഷയത്തില്‍ തീരുമാനമെടുക്കാമെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിരുന്നത്. എഡിജിപിയുടെ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ ചെയ്തതോടെ മുഖ്യമന്ത്രിയുടെ തീരുമാനം നിര്‍ണായകമാകും.

തൃശൂര്‍ പൂരം നടത്തിപ്പില്‍ എഡിജിപി എം.ആര്‍.അജിത്കുമാറിന്റെ മേല്‍നോട്ടത്തില്‍ വീഴ്ചയുണ്ടായെന്ന് ഡിജിപി എസ്.ദര്‍വേഷ് സാഹിബ് മുഖ്യമന്ത്രിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ അറിയിച്ചിരുന്നു. ഇതു പരിഗണിച്ചാണ് എഡിജിപിക്കെതിരെയും അന്വേഷണത്തിനു ശുപാര്‍ശ ചെയ്തിരിക്കുന്നത്. എഡിജിപിയുടെ വീഴ്ചകള്‍ അക്കമിട്ടു നിരത്തിയ ഡിജിപി, പൂരം അലങ്കോലപ്പെട്ടതിലെ ഗൂഢാലോചന വിശദമായി അന്വേഷിക്കണമെന്നും ശുപാര്‍ശ ചെയ്തു. അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിക്കാന്‍ സാധ്യതയുണ്ട്.

പൂരം അലങ്കോലപ്പെട്ടതില്‍ തൃശൂര്‍ പൊലീസ് കമ്മിഷണറായിരുന്ന അങ്കിത് അശോകനെ മാത്രം കുറ്റപ്പെടുത്തുന്നതായിരുന്നു അജിത്കുമാറിന്റെ റിപ്പോര്‍ട്ട്. സാധാരണ കീഴുദ്യോഗസ്ഥര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അതേപടി ആഭ്യന്തര വകുപ്പിനു കൈമാറുകയാണ് ഡിജിപി ചെയ്തിരുന്നത്. എന്നാല്‍, ഈ വിഷയത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ആക്ഷേപമുള്ളതിനാല്‍ റിപ്പോര്‍ട്ട് ഡിജിപി വിശദമായി പരിശോധിച്ചു. തുടര്‍ന്ന് പൂരസമയത്ത് തൃശൂരില്‍ ഉണ്ടായിരുന്ന എഡിജിപി എം.ആര്‍.അജിത് കുമാര്‍ വരുത്തിയ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്കു കൈമാറിയത്.

പൂരം കലങ്ങിയതു സംബന്ധിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടും എഡിജിപി 5 മാസം കാലതാമസം വരുത്തിയതായി ഡിജിപി ചൂണ്ടിക്കാട്ടി. പൂരം നടത്തിപ്പിന് എസ്പിയും പരിചയസമ്പന്നരായ കീഴുദ്യോഗസ്ഥരും ചേര്‍ന്നു തയാറാക്കിയ ക്രമീകരണങ്ങളില്‍ അവസാനനിമിഷം മാറ്റം വരുത്തി. സംഭവം നിയന്ത്രണത്തിന് അപ്പുറമായിട്ടും തൃശൂര്‍ പൊലീസ് ക്ലബ്ബിലുണ്ടായിരുന്ന എഡിജിപി ഇടപെട്ടില്ലെന്നു ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നതായാണു സൂചന. മന്ത്രിമാര്‍ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെ അദ്ദേഹം തൃശൂരില്‍നിന്നു മൂകാംബിക ക്ഷേത്രത്തിലേക്കു പോയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *