ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ. മുരളീധരൻ; അജിത് കുമാർ പൂരം കലക്കിയെങ്കിൽ പിന്നിൽ പിണറായി

0

കോട്ടയം: തൃശ്ശൂര്‍ പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന കെ. മുരളീധരന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനല്‍കും. ജുഡീഷ്യല്‍ അന്വേഷണത്തില്‍ കുറഞ്ഞ ഒന്നുകൊണ്ടും ആരും തൃപ്തിപ്പെടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ഡീലിന്റെ ഭാഗമായാണോ പൂരം കലക്കിയത് എന്ന ചോദ്യത്തിന് ‘തീര്‍ച്ചയായും’ എന്നായിരുന്നു മുരളീധരന്റെ ഉത്തരം.

ഒരു കമ്മിഷണര്‍ വിചാരിച്ചാല്‍ പൂരം കലങ്ങില്ലെന്ന് അന്ന് ഞാന്‍ പറഞ്ഞു. പിന്നില്‍ ചില കരങ്ങളുണ്ട്. ആ കരങ്ങളാണ് അജിത് കുമാറിലൂടെ പുറത്തുവന്നത്. സുരേഷ് ഗോപിയെ വിജയിപ്പിച്ച് കരുവന്നൂര്‍ ബാങ്കിലെ അഴിമതി ആരോപണങ്ങള്‍ ഇല്ലാതാക്കാനും മുഖ്യമന്ത്രിക്കെതിരായ കേസുകള്‍ പിന്‍വലിക്കാനുമുള്ള നിര്‍ദേശം പ്രകാശ് ജാവദേക്കര്‍ ഇ.പി. ജയരാജനു മുന്നില്‍വെച്ചിരുന്നു. അത് ഫലവത്താകാത്തതുകൊണ്ടാണ് മുഖ്യമന്ത്രി കൂടുതല്‍ വിശ്വസ്തനായ എ.ഡി.ജി.പി. അജിത് കുമാറിനെ ഇതിനുവേണ്ടി നിയോഗിച്ചത്. അജിത് കുമാര്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ മുഖ്യമന്ത്രി അറിഞ്ഞിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ലെന്ന് വി.എസ്. സുനില്‍കുമാര്‍ പറയുന്നു. റിപ്പോര്‍ട്ട് പുറത്തുവരില്ലെന്ന് ഞാന്‍ പറയുന്നു. സത്യസന്ധമായ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍, പൂരം കലക്കിയതിന്റെ വ്യക്തമായ ചിത്രം പുറത്തുവരും. പൂരം കലക്കിയതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. ഇതുസംബന്ധിച്ച് ഇന്നോ നാളെയോ മുഖ്യമന്ത്രിക്ക് കത്തുനല്‍കും. ജുഡീഷ്യല്‍ അന്വേഷണത്തില്‍ കുറഞ്ഞ് ഒന്നുകൊണ്ടും ആരും തൃപ്തിപ്പെടില്ല. കേസുകള്‍ അട്ടിമറിക്കാന്‍ നേതൃത്വം നല്‍കിയ ആളെ ലോ ആന്‍ഡ് ഓര്‍ഡറില്‍നിന്ന് മാറ്റിനിര്‍ത്തുകപോലും ചെയ്യാതെയാണ് അന്വേഷണ പ്രഹസനം പ്രഖ്യാപിച്ചത്. ഇത് കേട്ടാല്‍ ചിരിവരും, ഏത് ഉദ്യോഗസ്ഥന് എതിരെയാണോ അന്വേഷണം അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥരെയാണ് അതിന് നിയോഗിച്ചിരിക്കുന്നത്’, കെ. മുരളീധരന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *