കുളിക്കാനിറങ്ങിയ മൂന്നുപേര്‍ പമ്പാനദിയില്‍ മുങ്ങിമരിച്ചു.
- ഒന്നര മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞത്.
പത്തനംതിട്ട: പമ്പാനദിയിലെ മുണ്ടപ്പുഴ പമ്പ് ഹൗസിന് സമീപത്തെ കുളിക്കടവില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട നാലുപേരിൽ മൂന്നുപേര്‍ മുങ്ങിമരിച്ചു.ഒരാളെ നാട്ടുകാര്‍ രക്ഷിച്ചു.ഉച്ചകഴിഞ്ഞ് 3.40-ഓടെയാണ് നാലുപേരും അപകടത്തില്‍പ്പെട്ടത്. റാന്നി ഉതിമൂട് കരിംകുറ്റിക്കല്‍, പുഷ്പമംഗലത്ത് വീട്ടില്‍ അനില്‍ കുമാര്‍ (50), മകള്‍ നിരഞ്ജന (17), അനില്‍ കുമാറിന്റെ സഹോദരന്‍ സുനിലിന്റെ മകന്‍ മകന്‍ ഗൗതം (15) എന്നിവരാണ് മുങ്ങിമരിച്ചത്. സുനില്‍ കുമാറിന്റെ സഹോദരി ആശയെയാണ് നാട്ടുകാര്‍ രക്ഷിച്ചത്.
ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ഡൈവിങ് ടീമിന്റെ നേതൃത്വത്തിലായിരുന്നു തിരച്ചില്‍. ഗൗതമാണ് ആദ്യം ഒഴുക്കില്‍പ്പെട്ടത്. ഗൗതമിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അനില്‍കുമാറും മകള്‍ നിരഞ്ജനയും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഒന്നര മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞത്. മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മന്ത്രി മന്ത്രി റോഷി ആഗസ്റ്റിന്‍, എസ്.പി വി. അജിത് എന്നിവര്‍ രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.