പെരുമ്പാവൂരിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം
എറണാകുളം : പെരുമ്പാവൂരിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം. സംഭവത്തിൽ ഒരാൾ മരിച്ചു. മലയാറ്റൂർ സ്വദേശി സദനാണ്(53) ആണ് മരിച്ചത്. യാത്രക്കാരായ അഞ്ച് പേർക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ ആറ് മണിയോടെ എംസി റോഡിൽ പുല്ലുവഴി വില്ലേജ് ജംഗ്ഷനിലാണ് സംഭവം.
ഇന്നോവ കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ഓട്ടോറിക്ഷയിലും മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂന്ന് വാഹനങ്ങളും തകർന്നു. മൂവാറ്റുപുഴ ഭാഗത്തുനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ഇന്നോവ. വലിയ ശബ്ദം കേട്ടെത്തിയ നാട്ടുകാർ ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ ദിവസം എറണാകുളം കോതമംഗലത്ത് ബൈക്ക് ലോറിയിൽ ഇടിച്ചു കയറി രണ്ട് യുവാക്കൾ മരിച്ചിരുന്നു. കോട്ടപ്പടി സ്വദേശികളായ അഭിരാമൻ (21), ആൽബിൻ (21) എന്നിവരാണ് മരിച്ചത്. തങ്കളം-കാക്കനാട് ദേശീയപാതയിൽ രാത്രി പത്ത് മണിയോടെയാണ് അപകടം നടന്നത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുടെ പിന്നിലിടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൻ്റെ മുൻഭാഗം തകർന്നു. പരിക്കേറ്റവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അപകട കാരണം വ്യക്തമല്ല