കശ്‌മീരില്‍ മൂന്ന് ഭീകരരെ വധിച്ചു, മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

0

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ കത്വ ജില്ലയില്‍ ഭീകരരും പൊലീസും തമ്മില്‍ വൻ ഏറ്റുമുട്ടല്‍. വെടിവയ്പ്പിൽ മൂന്ന് ഭീകരരെ വധിക്കുകയും മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിക്കുകയും ചെയ്‌തു. ഒരു ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഉൾപ്പെടെ ഏഴ് പേർക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ-ഇ-മുഹമ്മദ് (ജെ‌ഇ‌എം) സംഘടനയിൽപ്പെട്ട തീവ്രവാദികൾക്കായി ജമ്മു കശ്‌മീര്‍ പൊലീസിന്‍റെ നേതൃത്വത്തിൽ നടന്ന തെരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഒരുദിവസം നീണ്ടുനിന്ന വലിയ ഏറ്റുമുട്ടലാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം (മാര്‍ച്ച് 27) രാവിലെ 8 മണിയോടെ ഏറ്റമുട്ടല്‍ ആരംഭിച്ചിരുന്നു. വലിയ രീതിയില്‍ വെടിവയ്പ്പും സ്ഫോടനങ്ങളും ഉണ്ടായതായി ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്ബാഗിലെ ഘാട്ടി ജുത്താന പ്രദേശത്തെ ജാഖോലെ ഗ്രാമത്തിന് സമീപമാണ് ഏറ്റുമുട്ടൽ നടന്നത്. ഏകദേശം അഞ്ച് ഭീകരർ ഉൾപ്പെടുന്ന ഒരു സംഘവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ 3 പേരെ വധിച്ചു. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്.

സൈന്യത്തിന്‍റെയും സിആർപിഎഫിന്‍റെയും സഹായത്തോടെ ജമ്മു കശ്‌മീർ പൊലീസിന്‍റെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്‍റെ (എസ്ഒജി) നേതൃത്വത്തിലാണ് ഓപ്പറേഷൻ നടന്നത്. വെള്ളിയാഴഅച പുലർച്ചെയോടെ ഓപ്പറേഷൻ പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രണ്ട് തീവ്രവാദികൾ കൂടി പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. അതേസമയം ഏറ്റുമുട്ടലില്‍ പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജെയ്‌ഷെ മുഹമ്മദിന്‍റെ അനുബന്ധ സംഘടനയായ പീപ്പിൾസ് ആന്‍റ് ഫാസിസ്റ്റ് ഫ്രണ്ട് വെടിവയ്പ്പിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഹെലികോപ്‌റ്ററുകള്‍, ഡ്രോണുകൾ, ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ എന്നിവയുൾപ്പെടെ നൂതന സാങ്കേതിക വിദ്യകളും നിരീക്ഷണ ഉപകരണങ്ങളും ഉപയോഗിച്ച് പൊലീസ്, കരസേന, എൻഎസ്‌ജി, ബിഎസ്എഫ്, സിആർപിഎഫ് എന്നിവ ഉൾപ്പെട്ട സംയുക്ത ഓപ്പറേഷനാണ് കഴിഞ്ഞ ദിവസം നടത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *