മരിച്ചയാളുടെ പേരിൽ കള്ളവോട്ട്; പോളിംഗ് ഓഫീസർ അടക്കം മൂന്ന് പേർക്ക് സസ്പെൻഷൻ
പത്തനംതിട്ടയിൽ ആറ് വർഷം മുൻപ് മരിച്ച വയോധികയുടെ പേരിൽ കള്ളവോട്ട് ചെയ്ത സംഭവത്തിൽ പോളിംഗ് ഓഫീസർ അടക്കം മൂന്നുപേർക്ക് സസ്പെൻഷൻ. പത്തനംതിട്ട മെഴുവേലിയിൽ മരിച്ച വയോധികയുടെ അതേ പേരിലുള്ള മരുമകളാണ് വായോധികയുടെ പേരിൽ കള്ള വോട്ട് ചെയ്തത്.
ആറു വര്‍ഷം മുന്‍പ് മരിച്ച 94 കാരി അന്നമ്മയുടെ പേരിലാണ് പത്തനംതിട്ട മെഴുവേലിയില്‍ കള്ള വോട്ട് ചെയ്തത്. 874 ആയിരുന്നു അന്നമ്മയുടെ വോട്ടര്‍ പട്ടികയിലെ ക്രമനമ്പര്‍. ഇത് നീക്കം ചെയ്യാതെ 876 ആംക്രമനമ്പര്‍ ഉള്ള അന്നമ്മയുടെ മകന്റെ ഭാര്യ 65 വയസ്സുകാരി അന്നമ്മയെ കൊണ്ടാണ് മരിച്ചയാള്‍ക്ക് വേണ്ടി വോട്ട് ചെയ്യിച്ചത്. മെഴുവേലി പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് കോണ്‍ഗ്രസ് മെമ്പര്‍ ഉള്‍പ്പെടെ അറിഞ്ഞാണ് കള്ളവോട്ട് നടന്നതെന്നും ഇതിൽ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി നല്‍കിയിരുന്നത്, കള്ളവോട്ട് നടന്നു എന്നത് ബിഎല്‍ഓയും സ്ഥിരീകരിച്ചിരുന്നു.
അന്നമ്മ പറയുന്നത് കള്ളമാണെന്നും മരിച്ച ആളുടെ പേരിലാണ് വോട്ട് ചെയ്യാനുള്ള അപേക്ഷ നല്‍കിയിരുന്നത് എന്നും പരാതിക്കാർ വക്തമാക്കി. കള്ളവോട്ട് വാർത്ത പുറത്ത് വന്നതോടെ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തക്കതായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. ഗുരുതരമായ വീഴ്ചയാണ് പോളിംഗ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയതോടെയാണ് മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. അറിയാതെ സംഭവിച്ച വീഴ്ച അല്ല എന്നും തെരഞ്ഞെടുപ്പ് രേഖകൾ പരിശോധിച്ചു ഉറപ്പുവരുത്തേണ്ട ഉദ്യോഗസ്ഥർ അത് ചെയ്തില്ല എന്നും കമ്മീഷൻ കണ്ടെത്തി. ഇതോടെ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ സസ്പെൻഷൻ ഓർഡറും പുറത്തിറങ്ങിയത്. നിലവിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുവെങ്കിലും ബാലറ്റിൽ രേഖപ്പെടുത്തിയ കള്ളവോട്ട് റദ്ദാക്കിയിട്ടില്ല.