മൂന്നുകുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തി : അമ്മയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയില്‍ മൂന്ന് കുട്ടികള്‍ സംശയാസ്‌പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ. 12, 10, 8 വയസ് പ്രായമുള്ള മൂന്ന് കുട്ടികളെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളുടെ അമ്മ വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സയിലാണ്.
അമീൻപൂരിലെ രാഘവേന്ദ്ര കോളനിയിലാണ് സംഭവം. വാട്ടർ ടാങ്കർ ഡ്രൈവറായി ജോലി ചെയ്‌തു വരുന്ന ചെന്നൈയ്യയുടെ കുടുംബമാണിത്. വ്യാഴാഴ്‌ച രാത്രി 9 മണിയോടെ ദമ്പതികളും അവരുടെ മൂന്ന് കുട്ടികളും ഒന്നിച്ചാണ് വീട്ടിൽ നിന്ന് അത്താഴം കഴിച്ചത്. ചെന്നൈയ്യ ചോറും പരിപ്പും ഭാര്യയും കുട്ടികളും ചോറും തൈരുമാണ് കഴിച്ചത്. അത്താഴത്തിന് ശേഷം ചെന്നൈയ്യ ജോലിക്കായി ചന്ദനഗറിൽ പോയി രാത്രി 11 മണിയോടെ വീട്ടിൽ മടങ്ങിയെത്തി.
പുലർച്ചെ 3 മണിയോടെയാണ് രജിതയ്ക്ക് കടുത്ത വയറു വേദന അനുഭവപ്പെട്ടത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ചെന്നൈയ്യ ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇന്ന് (28-03-2025) രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ മൂന്ന് കുട്ടികളും അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. പരിശോധനയിൽ മൂന്ന് കുഞ്ഞുങ്ങളും മരിച്ചതായി ഡോക്‌ടര്‍മാര്‍ സ്ഥിരീകരിച്ചതായും പൊലീസ് സംഭവത്തെക്കുറിച്ച് വിശദീകരിച്ചു.
ചെന്നൈയ്യയുടെയും രജിതയുടെയും മക്കളായ സായ്‌കൃഷ്‌ണ (12), മധുപ്രിയ (10), ഗൗതം (8) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഭക്ഷ്യവിഷബാധയാണോ മറ്റെന്തെങ്കിലും കാരണമാണോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് അമീൻപൂർ പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.