മൂന്ന് ബാങ്കുകള്‍ക്ക് മൂന്ന് കോടി രൂപ പിഴ

0

 

ന്യൂഡൽഹി: റെഗുലേറ്ററി മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, കാനറ ബാങ്ക്, സിറ്റി യൂണിയന്‍ ബാങ്ക് എന്നീ ബാങ്കുകള്‍ക്കു മേല്‍ മൊത്തം ഏകദേശം മൂന്ന് കോടി രൂപ പിഴ ചുമത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. 2014ലെ ഡെപ്പോസിറ്റര്‍ എജ്യുക്കേഷന്‍ അവയര്‍നസ് ഫണ്ട് സ്കീമുമായി ബന്ധപ്പെട്ട ചില മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് എസ്ബിഐയ്ക്ക് രണ്ട് കോടി രൂപ പിഴ ചുമത്തിയതാണ് ഇതില്‍ ഏറ്റവും ഉയര്‍ന്നത്.

വരുമാനം തിരിച്ചറിയല്‍, ആസ്തി വർഗീകരണം, വായ്പാ മാനദണ്ഡങ്ങള്‍, എന്‍പിഎ അക്കൗണ്ടുകളിലെ വ്യതിചലനം, ഉപഭോക്തൃ കാര്യം എന്നിവയില്‍ ആര്‍ബിഐ പുറപ്പെടുവിച്ച ചില നിർദേശങ്ങള്‍ പാലിക്കാത്തതിനാണ് സിറ്റി യൂണിയന്‍ ബാങ്ക് ലിമിറ്റഡിന് 66 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുള്ളത്.

ചില നിര്‍ദേശങ്ങള്‍ പാലിക്കാത്തതിന് കനറാ ബാങ്കില്‍ നിന്ന് 32.30 ലക്ഷം രൂപ പിഴയും ആര്‍ബിഐ ഈടാക്കിയിട്ടുണ്ട്. ബാങ്കിങ് ഇതര ധനകാര്യ കമ്പനികളുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകള്‍ പാലിക്കാത്തതിന് ഒഡീഷയിലെ റൂര്‍ക്കേലയിലെ ഓഷ്യന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് ലിമിറ്റഡിന് 16 ലക്ഷം രൂപ പിഴ ചുമത്തി.

ഓരോ കേസിലും, പെനാല്‍റ്റികള്‍ റെഗുലേറ്ററി വ്യവസ്ഥകള്‍ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും സ്ഥാപനങ്ങള്‍ അവരുടെ ഇടപാടുകാരുമായി ഏര്‍പ്പെട്ടിരിക്കുന്ന ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ആര്‍ബിഐ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *