ദേവികുളങ്ങര ക്ഷേത്രോത്സവത്തിനിടെ പൊലീസുകാർക്ക് മർദനം; മൂന്നു പേർ അറസ്റ്റിൽ
ദേവികുളങ്ങര ക്ഷേത്രോത്സവത്തിനിടെ പൊലീസ് ഉദ്യോഗസ്ഥരെ മർദിച്ചെന്ന പരാതിയിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു.കായംകുളം സ്വദേശികളായ സുമേഷ്(31), രൂപേഷ് കൃഷ്ണൻ(19), അഖിൽ(26) എന്നിവരാണ് അറസ്റ്റിലായത്.പ്രതികളെ റിമാൻഡ് ചെയ്തു.
കായംകുളം പൊലീസ് സ്റ്റേഷനിലെ രണ്ട് സിപിഒമാർക്കാണ് മർദനമേറ്റത്.കായംകുളം ദേവികുളങ്ങര ക്ഷേത്രത്തിൽ കെട്ടുകാഴ്ചക്കിടെയാണ് സംഘർഷം ഉണ്ടായത്. കെട്ടുകാഴ്ച കടന്നുപോകുന്നതിനാൽ ഉച്ചയ്ക്ക് 2.30 തൊട്ട് വൈദ്യുതി നിർത്തി വെച്ചിരുന്നു. രാത്രി എട്ടുമണിയായിട്ടും വൈദ്യുതി പുനഃസ്ഥാപിക്കാത്തതിൽ നാട്ടുകാർ പൊലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് സിപിഒമാരായ പ്രവീൺ, സതീഷ് എന്നിവർ സ്ഥലത്തെത്തി വൈദ്യുതി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും. തുടർന്ന് കെട്ടുക്കാഴ്ചയുടെ സംഘാടകരും ചിലരുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. പിന്നാലെ 15 ഓളം വരുന്ന സംഘം പൊലീസുകാരെ മർദിക്കുകയായിരുന്നു.
സംഭവത്തിൽ കണ്ണിനും മുഖത്തും ഗുരുതര പരുക്കേറ്റ സിപിഒ പ്രവീണിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സതീഷ് കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ പൊലീസ് 15 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.