മൈക്രോ ഫിനാൻസ് സംഘങ്ങളുടെ ഭീഷണി:യുവതി അത്മഹത്യചെയ്തു.

തൃശൂർ: മൈക്രോ ഫിനാൻസ് സംഘങ്ങളുടെ ഭീഷണി കൊടുങ്ങല്ലൂരിൽ യുവതി ജീവനൊടുക്കി. എറിയാട് യു ബസാർ പാലമുറ്റം കോളനിയിൽ വാക്കാശ്ശേരി ഷിനി രതീഷാണ് (34)മരിച്ചത്. ഇന്ന് രാവിലെ വീട്ടിലെത്തിയ മൈക്രോ ഫിനാൻസ് സംഘങ്ങളുടെ പ്രതിനിധികൾ ഷിനിയെ പണം നൽകണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു.
അവധി ചോദിച്ചിട്ടും ഇവർ വീട്ടിൽ നിന്ന് പോകാൻ കൂട്ടാക്കാതെ ഇരുന്നതോടെ യുവതി വീട്ടിലെ കിടപ്പ് മുറിയിൽ കയറി ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. കിടപ്പുമുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയ യുവതിയെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരണപ്പെടുകയായിരുന്നു.