തൊഴിലുറപ്പിന് ഒപ്പിട്ട് നേരെ മനുഷ്യച്ചങ്ങലയ്ക്ക്: 3 മേറ്റുമാർക്ക് സസ്പെൻഷൻ
പത്തനംതിട്ട: തൊഴിലുറപ്പ് ജോലിക്കായി ഒപ്പിട്ട ശേഷം ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങലക്ക് പോയ 3 മേറ്റുമാർക്ക് സസ്പെൻഷൻ. പത്തനംതിട്ട പള്ളിക്കൽ പഞ്ചായത്തിലെ മേറ്റുമാരെയാണ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്.
ജനുവരി 20ന് പള്ളിക്കൽ പഞ്ചായത്തിലെ 20-ാം വാർഡിലാണ് സംഭവം നടന്നത്. മൂന്ന് സൈറ്റുകളിൽ നിന്നായി എഴുപതോളം തൊഴിലാളികള്‍ പ്രവൃത്തി സ്ഥലത്തെത്തി എന്‍എംഎംഎസ് മുഖേനയും മസ്റ്റർ റോൾ വഴിയും ഹാജർ രേഖപ്പെടുത്തിയ ശേഷം മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കാൻ പോയെന്നായിരുന്നു പരാതി. തൊഴിലുറപ്പ് ജോലിക്ക് മേൽനോട്ടം വഹിക്കേണ്ട 3 പേർ ഉള്‍പ്പെടെയാണ് ഹാജർ രേഖപ്പെടുത്തി ഫോട്ടോ എടുത്ത ശേഷം ഡിവൈഎഫ്ഐയുടെ മനുഷ്യ ചങ്ങലയ്ക്ക് പോയതെന്നാണ് വിവരം.
ബിജെപിയും കോൺഗ്രസും നൽകിയ പരാതിയിൽ ഓംബുഡ്സ്മാന് ബിഎൽഒയെക്കൊണ്ട് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇതോടെയാണ് മേറ്റുമാർക്കെതിരെ നടപടിയെടുക്കുകയായിരുന്നു. ഇതേ കുറ്റം ചെയ്ത 70 തൊഴിലാളികളുടെയും ആന്നെ ദിവസത്തെ വേതനം കുറയ്ക്കണം എന്നും ഓംബുഡ്സ്മാൻ ഉത്തരവിൽ പറയുന്നു.