പുണ്യസ്നാനത്തിനായി പതിനായിരങ്ങൾ ! കുംഭമേളയ്‌ക്ക് ഗംഭീര തുടക്കം

0

പ്രയാഗ്‌രാജ്: തീർത്ഥാടകരുടെ ലോകത്തെ ഏറ്റവും വലിയ സംഗമഭൂമിയായ മഹാകുംഭമേള, പ്രയാഗ്‌രാജിൽ ഗംഗ, യമുന, ദേവകൽപമായ ശരസ്വതി നദികൾ സംഗമിക്കുന്ന സംഗമത്തിൽ ഇന്ന് രാവിലെ ആരംഭിച്ചു. തീർഥാടക സംഗമമായ മഹാ കുംഭമേളയ്‌ക്ക് പൗഷ് പൂർണിമ ദിനത്തിലെ ആദ്യത്തെ പുണ്യസ്‌നാനത്തോടെ തുടക്കമായി.

പുലർച്ചെ, നടന്ന ‘ഷാഹി സ്‌നാൻ’ ചടങ്ങിനായി വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമത്തിന് സമീപമാണ് മഹാ കുംഭമേള നടക്കുന്നത്.ഔദ്യോഗികകണക്കനുസരിച്ചു, ഇന്നലെ മാത്രം പ്രയാഗ്‌രാജിലെ സംഗമത്തിൽ ഏകദേശം 50 ലക്ഷം പേർ പുണ്യസ്നാനം നടത്തി

അടുത്ത ഒന്നര മാസത്തിനുള്ളിൽ ഏകദേശം 35 കോടി ആളുകളുടെ പങ്കാളിത്താണ് മഹാ കുംഭമേളയില്‍ പ്രതീക്ഷിക്കപ്പെടുന്നത്. ശനിയാഴ്‌ച മുതൽ കുറഞ്ഞത് 85 ലക്ഷം പേരെങ്കിലും സംഗമസ്ഥാനത്ത് സ്‌നാനത്തിനെത്തിയിരുന്നു. ശനിയാഴ്‌ച 35 ലക്ഷം പേരാണ് സ്‌നാനം ചെയ്‌തത്, 50 ലക്ഷം പേർ ഞായറാഴ്‌ചയും പുണ്യസ്‌നാനം നടത്തി.

“ഇന്ത്യയുടെ കാലാതീതമായ ആത്മീയ പൈതൃകത്തെ ഉൾക്കൊള്ളുന്ന മഹാ കുംഭമേള വിശ്വാസവും ഐക്യവും ആഘോഷിക്കുന്നതാണെന്നാണ് മോദി തന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.

“ഭാരതീയ മൂല്യങ്ങളെയും സംസ്‌കാരത്തെയും വിലമതിക്കുന്ന കോടിക്കണക്കിന് ആളുകൾക്ക് വളരെ സവിശേഷ ദിനം!. വിശ്വാസത്തിന്‍റെയും ഭക്തിയുടെയും സംസ്‌കാരത്തിന്‍റെയും പവിത്രമായ സംഗമത്തിൽ എണ്ണമറ്റ ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്ന മഹാ കുംഭം 2025 പ്രയാഗ്‌രാജിൽ ആരംഭിക്കുന്നു. ഇന്ത്യയുടെ കാലാതീതമായ ആത്മീയ പൈതൃകത്തെ ഉൾക്കൊള്ളുന്ന മഹാ കുംഭമേള വിശ്വാസവും ഐക്യവും ആഘോഷിക്കുന്നു” – നരേന്ദ്ര മോദി കുറിച്ചു.

12 വർഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന പൂർണ കുംഭമേളയാണ് ഇക്കുറി മഹാ കുംഭമേളയായി ആഘോഷിക്കുന്നത്. ജനുവരി 14 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാ കുംഭമേള നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ നേരത്തെ തന്നെ പൂര്‍ത്തായക്കിയതായി അധികൃതര്‍ അറിയിച്ചിരുന്നു. കുംഭമേള വിജയിപ്പിക്കാൻ സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നതായി ഉത്തര്‍പ്രദേശ് സർക്കാരും വ്യക്തമാക്കി.

45 ദിവസം നീണ്ടുനിൽക്കുന്ന മേളയ്‌ക്കായി സംസ്ഥാന ബജറ്റ് 7,000 കോടി രൂപയാണെന്ന് ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി മനോജ് കുമാർ സിംഗ് ഞായറാഴ്‌ച പറഞ്ഞിരുന്നു. കഴിഞ്ഞ കുംഭമേളയിൽ 24 കോടി തീർഥാടകരാണുണ്ടായത്. ഇത്തവണത്തേത് മഹാ കുംഭമേളയാണ്.

തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ എൻ.ഡി.ആർ.എഫ് ടീമുകളും ഉത്തർപ്രദേശ് പൊലീസിന്റെ വാട്ടർ പൊലീസ് യൂണിറ്റുകളും നിയോഗിക്കപ്പെട്ടിണ്ടുണ്ട് .മഹാകുംഭമേളയുടെ വ്യോമാകാഴ്ചയുടെ ഭംഗി ആസ്വദിക്കാനായി ഇത്തവണ ഹെലികോപ്റ്റർ സവാരിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹെലികോപ്റ്റർ യാത്രകളുടെ നിരക്ക് ഓരോ വ്യക്തിക്കും ₹1,296 ആയി കുറച്ചിട്ടുണ്ട്. ജനുവരി 13 മുതൽ ആരംഭിക്കുന്ന എട്ടു മിനിറ്റ് ദൈർഘ്യമുള്ള ഹെലികോപ്റ്റർ സവാരി കുംഭമേഖല ഉൾപ്പെടുന്ന പ്രയാഗ്‌രാജ് നഗരം വ്യത്യസ്ത ദൃശ്യത്തിൽ അനുഭവിക്കാൻ ടൂറിസ്റ്റുകൾക്ക് അവസരം നൽകുന്നു.മഹാകുംഭമേളയിൽ പങ്കെടുക്കുന്നവർക്കായി മൂന്ന് ആശുപത്രികൾ ഭദോഹി ജില്ലയിലെ ഔറായ്, ഗോപിഗഞ്ച്, ഉഞ്ച് പോലിസ് സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുണ്ട്. ഈ സൗകര്യങ്ങൾ ജനുവരി 14 മുതൽ പൂർണമായും പ്രവർത്തനസജ്ജമാകും.ഞായറാഴ്ച കുംഭമേള നടക്കുന്ന സ്ഥലത്തിന് സമീപമായി സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിന്റെ പ്രതിമ സ്ഥാപിച്ചതിനെത്തുടർന്ന് വിവാദം പൊട്ടിപ്പുറപ്പെട്ടു. ചില സന്യാസിമാർ ഇതിനെതിരെ എതിർപ്പുമായി മുന്നോട്ട് വന്നു. ഏകദേശം 3 അടി ഉയരമുള്ള ഈ പ്രതിമ, മുലായം സിംഗ് യാദവ് സ്മൃതി സേവാ സൻസ്ഥാൻ സെക്ടർ 16-ൽ സ്ഥാപിച്ചിരിക്കുന്ന ക്യാമ്പിന് സമീപമാണ് ഉയർത്തിയിരിക്കുന്നത്‌.മേള സ്ഥലത്തുനിന്ന് ഇതുവരെ അതിക്രമ സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

 

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *