വിട നൽകാൻ ആയിരങ്ങൾ: വിഎസിൻ്റെ വീട്ടിലേക്ക് ജനപ്രവാഹം

0
vs

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ഭൗതിക ശരീരം ഇന്നലെ അർധരാത്രിയോടെ തിരുവനന്തപുരത്തെ മകൻ്റെ വീട്ടിലെത്തിച്ചു. വിശ്രമജീവിതം ആരംഭിച്ചത് മുതൽ വിഎസ് ഇവിടെയാണ് താമസിച്ചിരുന്നത്.

നേരത്തെ എകെജി സെൻ്ററിൽ പൊതുദർശനത്തിനായി എത്തിച്ച വിഎസിനെ ‘കണ്ണേ കരളേ വിഎസേ’ എന്ന മുദ്രാവാക്യത്തോടെയാണ് പ്രവർത്തകർ യാത്രയാക്കിയത്. രാത്രി വൈകിയും പ്രിയ സഖാവിനെ ഒരു നോക്ക് കാണാൻ ആയിരങ്ങളാണ് എകെജി പഠന കേന്ദ്രത്തിൽ എത്തിച്ചേർന്നത്. രാത്രി 11.30ഓടെ പൊതുദർശനം അവസാനിപ്പിച്ചതായി നേതാക്കൾ അറിയിച്ചു. നിശ്ചയിച്ച സമയത്തിൽ നിന്നും ഏറെ വൈകിയാണ് മകൻ്റെ വീട്ടിലേക്ക് വിഎസിനെ എത്തിക്കാനായത്. എകെജി സെൻ്റർ മുതൽ വേലിക്കകത്ത് വീടുവരെ പ്രവർത്തകർ ആംബുലൻസിനെ അനുഗമിച്ച് അന്ത്യാഭിവാദ്യമർപ്പിച്ചു.

വിഎസിൻ്റെ ഭൗതിക ശരീരം ഇന്ന് രാവിലെ 9 മുതൽ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. കവടിയാറിലെ വീട്ടിൽ നിന്ന് ഭൗതിക ശരീരം രാവിലെ ദർബാർ ഹാളിലെത്തിക്കും.

ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ല കമ്മിറ്റി ഓഫിസിലെ പൊതുദർശനത്തിനു ശേഷം വൈകുന്നേരത്തോടെ വലിയ ചുടുകാട്ടിൽ സംസ്കാരം നടത്താനാണ് തീരുമാനം. പൊതുദർശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.ഭൗതിക ശരീരം സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലേക്ക് കൊണ്ടുപോവുക സമര ഗേറ്റിലൂടെയായിരിക്കും. വിഎസ് നിരവധി സമരങ്ങൾക്ക് നേതൃത്വം കൊടുത്ത ഇടത്തിലൂടെ അവസാനമായി വിഎസിനെ കൊണ്ടുപോകും.

ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര 2025 ജൂലൈ 22-ന് ഉച്ചയ്ക്ക് 2 മണിക്ക് ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം ആരംഭിക്കും. ഈ വിലാപയാത്ര കടന്നുപോകുന്ന പ്രധാന സ്ഥലങ്ങൾ ഇവയാണ്:

പാളയം, പിഎംജി, പട്ടം, കേശവദാസപുരം, ഉള്ളൂർ, പേരൂർക്കട, ശാസ്തമംഗലം, ചാവടിമുക്ക്, പാങ്ങപ്പാറ, കാര്യവട്ടം, കഴക്കൂട്ടം, വെട്ടുറോഡ്, കണിയാപുരം, പള്ളിപ്പുറം, മംഗലപുരം, കോരാണി, തുടർന്ന് ആറ്റിങ്ങലിലെ മുസ്ലിംമുക്ക്, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലൂടെ കടന്നുപോകും. അതിനുശേഷം കഴകൂട്ട്, ആലംകോട്, കടയ്ക്കാവൂർ, കല്ലമ്പലം, നാവായിക്കുളം, 28-ാം മൈൽ, കടമ്പാട്ടുകോണം എന്നിവിടങ്ങളിലൂടെ വിലാപയാത്ര മുന്നോട്ട് നീങ്ങും.മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ പൊതുദർശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ ഏഴ് മണി മുതലാണ് നിയന്ത്രണം നിലവിൽ വരിക. സെക്രട്ടേറിയറ്റ് ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കില്ലെന്ന് പൊലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

നഗരത്തിൽ ഗതാഗത നിയന്ത്രണം

വിഎസിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തുന്നവർ പുളിമൂട്, ഹൗസിങ് ബോർഡ് ജങ്ഷൻ, രക്തസാക്ഷി മണ്ഡപം എന്നിവിടങ്ങളിൽ ഇറങ്ങിയ ശേഷം ദർബാർ ഹാളിലേക്ക് പോകണം. പൊതുദർശനത്തിനായി വരുന്നവരുടെ ചെറിയ വാഹനങ്ങൾ യൂണിവേഴ്സിറ്റി കാമ്പസ്, വെള്ളയമ്പലം വാട്ടർ അതോറിറ്റി പാർക്കിങ് ഗ്രൗണ്ട്, ജിമ്മി ജോർജ് സ്റ്റേഡിയം ഗ്രൗണ്ട്, ടാഗോർ തിയേറ്റർ ഗ്രൗണ്ട്, തൈക്കാട് പിറ്റിസി ഗ്രൗണ്ട് എന്നിവിടങ്ങളിലായി പാർക്ക് ചെയ്യണം. വലിയ വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്ര ഗ്രൗണ്ടിലും കവടിയാറിലെ സാൽവേഷൻ ആർമി ഗ്രൗണ്ടിലും പൂജപ്പുര ഗ്രൗണ്ടിലുമായി പാർക്ക് ചെയ്യണം. ഇവിടെയല്ലാതെ പ്രധാന റോഡിലും ഇടറോഡിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *