ചിതൽ തിന്നാത്ത ആ കത്തുകൾ എന്നെ കാത്തിരുന്നു”മാനസമൈന എന്ന വിളി പിന്നെ എന്നെ വേദനിപ്പിച്ചില്ല,

ഓര്‍മയിലെ ആദ്യത്തെ കത്തെഴുത്തുകാഴ്ച മനോഹരമായ ഒരനുഭൂതിയായി ഇന്നും മനസ്സിലുണ്ട്. അപ്പയാണ് ആ കത്തെഴുത്തുകാരന്‍. വീടിന്റെ മുകള്‍നിലയിലെ കിഴക്കേ അറ്റത്തുള്ള മുറിയിലിരുന്നാണ് എഴുത്ത്. ആ മുറിയുടെ ജനലിനോട് ചേര്‍ന്നാണ് മേശയിട്ടിരുന്നത്. മേശപ്പുറത്ത് സ്‌കെയിലും പെന്‍സിലും പലനിറ മഷിയുള്ള ഹീറോപേനകളും പുസ്തകം പൊതിയാനുള്ള കട്ടിയുള്ള ബ്രൗണ്‍പേപ്പറും ഇന്‍ലന്റും കവറുകളും പശയും സ്റ്റാമ്പുകളും ഒരു കമ്പിയില്‍ കോര്‍ത്തുവെച്ച നിലയില്‍ അപ്പയ്ക്ക് വന്ന കത്തുകളും അടുക്കും ചിട്ടയിലും സൂക്ഷിച്ചിരുന്നു. അവിടെയിരുന്നാണ് അപ്പ എനിക്ക് പാഠംപുസ്തകങ്ങള്‍ പൊതിഞ്ഞു തന്നിരുന്നത്. ആ മേശയുടെ പൂര്‍ണമായ നിയന്ത്രണം അപ്പയ്ക്കായിരുന്നു. മറ്റാരും അതിലുള്ള ഒരു സാമഗ്രികളിലും തൊട്ടുപോകരുതെന്ന് കര്‍ശനമായി വിലക്കിയിരുന്നു.
വലിയ സൗഹൃദവലയമുള്ള ഒരാളായിരുന്നില്ല അപ്പ. വളരെ കുറച്ചു കൂട്ടുകാരെ ഉണ്ടായിരുന്നുള്ളൂ. വിദേശത്തും സ്വദേശത്തും ജീവിക്കുന്ന അവരുമായി കത്തുകളിലൂടെ ഊഷ്മളമായ ബന്ധം പുലര്‍ത്താന്‍ അപ്പ ശ്രദ്ധിച്ചിരുന്നു. അവരോടുള്ള അമിത സ്‌നേഹംകൊണ്ടാണോ എന്തോ ഓരോ കത്തും വളരെ കാര്യമായി ഒരുപാട് സമയമെടുത്താണ് എഴുതിയിരുന്നത്. കോടമഞ്ഞിറങ്ങുന്ന രാത്രികളില്‍ അത്താഴം കഴിഞ്ഞ് ഗേറ്റ് പൂട്ടി പല്ലുതേപ്പും കഴിഞ്ഞ് കിഴക്കേ മുറിയിലേക്ക് അപ്പ പോകുന്നത് കണ്ടാല്‍ അത് കത്തെഴുതാനാണെന്ന് എനിക്കറിയാം. എന്താണ് കത്തെന്നൊന്നും അറിയില്ലെങ്കിലും ഒരു പൂച്ചക്കുട്ടിയെപ്പോലെ ഞാനും പുറകില്‍ കൂടും.
സ്വെറ്ററിട്ട് മഫ്‌ളര്‍കൊണ്ട് തലയും ചെവികളും മൂടിക്കെട്ടി കൈയില്‍ തണുപ്പ് കൊള്ളാതിരിക്കാന്‍ വൂളന്‍ കൈയുറയുമിട്ട് ജനലും തുറന്നിട്ടാണ് ഇരിക്കുക. മുറിയ്ക്കുള്ളില്‍ സൂചി വീണാല്‍ പോലും കേള്‍ക്കാവുന്നത്ര നിശബ്ദതയായിരിക്കും. വളരെ നിഗൂഢഭാവത്തോടെ ഇരുന്നുള്ള അപ്പയുടെ ആ കത്തെഴുത്ത് കാണാന്‍ എനിക്കിഷ്ടമായിരുന്നു. ആ നേരത്ത് ആരും അവിടേക്ക് കയറിച്ചെല്ലാനോ ഒച്ചയുണ്ടാക്കാനോ പാടില്ല എന്നുള്ളതുകൊണ്ട് മറ്റാരും അതുവഴി വരുമായിരുന്നില്ല. മേശയുടെ അരികില്‍ പ്ലാസ്റ്റിക് വയറുകൊണ്ട് നെയ്ത ഒരു ചെറിയ കട്ടിലുണ്ടായിരുന്നു. അതില്‍ സ്‌നേഹസേനയിലെ ചിത്രങ്ങള്‍ മറിച്ചു നോക്കിയും അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ ശ്രമിച്ചുകൊണ്ടും ഞാന്‍ കിടക്കും. ആ കിടപ്പിലും പ്രധാന ശ്രദ്ധ അപ്പയുടെ എഴുത്തിലായിരിക്കും.
മൂടല്‍മഞ്ഞ്, പെരുന്നാള്‍ വിളക്കുകള്‍ പോലെ ഓക്കുമരങ്ങളെ പൊതിഞ്ഞുനില്‍ക്കുന്ന മിന്നാമിനുങ്ങുകള്‍, കാപ്പിപ്പൂക്കളുടെ മത്തു പിടിപ്പിക്കുന്ന ഗന്ധം, ദൂരെയും അടുത്തുമെന്ന് തോന്നിപ്പിക്കും വിധം മ്ലാവുകളുടെ ദീനമായ കരച്ചില്‍, ആനകളുടെ ചിന്നംവിളി, കുറുക്കന്മാരുടെ ഓരിയിടല്‍, മുനിയപ്പന്‍ കോവിലിന്റെ ഇടിഞ്ഞ മതിലിനരികില്‍ ഇരുന്നുള്ള പിത്തന്റെ ഉടുക്കു കൊട്ടല്‍, ഇടയ്ക്കിടെയുള്ള കാറ്റിന്റെ അലര്‍ച്ച… ഈ ശബ്ദങ്ങള്‍ക്ക് നടുവില്‍ കുട്ടികളെപ്പോലെ ചുണ്ടുകൂര്‍പ്പിച്ചുവെച്ചിരുന്ന് ഇന്‍ലന്റ് നിവര്‍ത്തിവെച്ച് അതില്‍ സ്‌കെയിലും പെന്‍സിലും ഉപയോഗിച്ച് ശ്രദ്ധാപൂര്‍വം നിറയെ വരകളിട്ട് നീലയോ കറുപ്പോ മഷിപ്പേന ഉപയോഗിച്ച് വരകളില്‍ രണ്ടിലും മുട്ടിച്ച് ഉരുട്ടിയുരുട്ടി വളരെ സമയമെടുത്താണ് ഓരോ വാക്കും എഴുതുക.
എഴുത്ത് പൂര്‍ത്തിയായാല്‍ പല നിറമുള്ള മഷികള്‍കൊണ്ട് ഇന്‍ലന്റ് നിറയെ ചിത്രങ്ങള്‍ വരയ്ക്കും. ഗോഡ് ഈസ് ലവ്വില്‍ തുടങ്ങി സ്വന്തം ചാക്കോച്ചനില്‍ അവസാനിക്കുന്ന ആ കത്തുകളിലെ കൃത്യതയും സൂക്ഷ്മതയും കണ്ടാല്‍, ”അച്ചടിച്ച പോലെ ഉരുണ്ടു മനോഹരമായ അക്ഷരങ്ങളും വര്‍ണചിത്രങ്ങളുംകൊണ്ടുമാത്രമേ എനിക്ക് കത്തെഴുതാവൂ,” എന്ന് ആരൊക്കെയോ ആജ്ഞാപിച്ചിട്ടുണ്ടെന്നു തോന്നും. ആ മട്ടിലാണ് അപ്പ അത് ചെയ്തിരുന്നത്. അപ്രകാരം കത്തെഴുതുന്ന മറ്റൊരാളെ പിന്നീടൊരിക്കലും ഞാന്‍ കണ്ടിട്ടില്ല.
ആദ്യകാലങ്ങളില്‍ അപ്പയും എന്നെപ്പോലെ പകര്‍ത്തെഴുതുകയാവും എന്നാണ് ഞാന്‍ ധരിച്ചിരുന്നത്. എനിക്ക് ടു ലൈനും ഫോര്‍ ലൈനും എഴുതാന്‍ ഒട്ടും ഇഷ്ടമായിരുന്നില്ല. കടംകഴിക്കും പോലെ വേഗം എഴുതിത്തീര്‍ക്കുകയാണ് പതിവ്. അതുകൊണ്ട് അപ്പയുടെ ആ അര്‍പ്പണബോധം കാണുമ്പോള്‍ വിരസതയും ഒപ്പം കൗതുകവും തോന്നും. അതുകൊണ്ട് കഴുത്തുവരെ കമ്പിളിപ്പുതപ്പും മൂടി അപ്പ അത് പൂര്‍ത്തിയാക്കുന്നതും നോക്കി ഉറങ്ങാതെ കിടക്കും.
”എന്തിനാ അപ്പ ടു ലൈന്‍ എഴുതുന്നത്?”ഒരിക്കല്‍ അപ്പയോട് ഞാന്‍ ചോദിച്ചു.
”ടു ലൈനല്ല കത്തെഴുതുകയാണ്,”അപ്പ തിരുത്തി.
”കത്തെന്നു വെച്ചാലെന്താ?”
”കൂട്ടുകാരുടെ വിശേഷം തിരക്കി എഴുതുന്നതാ,”ജോലിക്കിടെ ഇനി കൂടുതലൊന്നും ചോദിക്കണ്ട എന്ന മട്ടില്‍ അത്രയും പറഞ്ഞ് അപ്പ കത്ത് പൂര്‍ത്തിയാക്കി അഡ്രസ്സ് എഴുതി അവിടെ നിന്നും പോയി. എന്റെ ഉള്ളില്‍ അപ്പ പറഞ്ഞത് അങ്ങനെതന്നെ കിടന്നു. കത്തെഴുതുന്നത് കൂട്ടുകാരുടെ വിശേഷം തിരക്കിയാണെങ്കില്‍ കത്തെഴുതാന്‍ മിനിമം ഒരു കൂട്ടുകാരനോ കൂട്ടുകാരിയോ എങ്കിലും വേണം എന്ന ബോധ്യം ഉണ്ടായി. പിന്നീട് അപ്പ എന്തു വിശേഷങ്ങളാണ് കൂട്ടുകാരോട് തിരക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയായി. പക്ഷേ, അതറിയാന്‍ വഴിയുണ്ടായിരുന്നില്ല. കത്തെഴുതിയ ഉടനെ അപ്പ ഇന്‍ലന്റ് ഒട്ടിച്ചുവെക്കുമായിരുന്നു.
കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അപ്പയ്ക്ക് വന്നിട്ടുള്ള കത്തുകളുടെ ഉള്ളടക്കം അറിയണമെന്ന് താല്‍പ്പര്യം തോന്നി. മറ്റുള്ളവരുടെ കത്തുകളും ഡയറിയും വായിക്കരുത് എന്നുള്ള കര്‍ശന നിര്‍ദേശം വീട്ടില്‍ പൊതുവെ ഉണ്ടായിരുന്നെങ്കിലും കത്തില്‍ എന്താവും എഴുതിയിരിക്കുക എന്നറിയാനുള്ള കൊതികൊണ്ട് കമ്പിയില്‍ കോര്‍ത്തുവെച്ചിട്ടുള്ള കത്തുകളില്‍ ഒന്ന് ആരും കാണാതെ എടുത്തു വായിച്ചു. ഏറ്റവും മുകളില്‍ ഇരുന്നത് ഇന്ദിരാന്റിയുടെ കത്താണ്. അവരെ എനിക്കറിയാം. ആന്റിയും കുടുംബവും ബോംബെയിലാണ്. വര്‍ഷത്തിലൊരിക്കല്‍ ഞങ്ങളുടെ വീട്ടിലേക്ക് വരാറുണ്ട്. ആന്റിയുടെ ഭര്‍ത്താവ് സോമനങ്കിള്‍ അപ്പയുടെ അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹം മരിച്ചതിനുശേഷവും ആന്റി അപ്പയുമായി ആ സൗഹൃദം നിലനിര്‍ത്തുന്നുണ്ടായിരുന്നു.
”ദൈവം സ്‌നേഹമാകുന്നു.
എത്രയും പ്രിയപ്പെട്ട ചാക്കോച്ചാ, സുഖമല്ലേ? എനിക്കിവിടെ സുഖമാണ്. അവിടെ മഴയുണ്ടോ? ഇവിടെ മഴയില്ല… തുടങ്ങി എന്ന്, സ്വന്തം സഹോദരി, ഇന്ദിരനായര്‍ എന്നവസാനിക്കുന്ന ആ കത്തില്‍ ബോംബെയിലെ അവരുടെ ജീവിതത്തിന്റെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും പ്രതിസന്ധികളും പ്രതീക്ഷകളും അത്ര മനോഹരമല്ലാത്ത കൈപ്പടയില്‍ കയറ്റിറക്കങ്ങളോടെ എഴുതിവെച്ചിരുന്നു. ഒപ്പം അമ്മയേയും ഞങ്ങളെയും തിരക്കാനും ഇന്ദിരാന്റി മറന്നിരുന്നില്ല.
ഒളിച്ചും പാത്തും തപ്പിത്തടഞ്ഞുമുള്ള ആ കത്തുവായനകള്‍ വളരെ രസകരമായിത്തോന്നി. ആരും വായിക്കില്ലെന്നു ധരിച്ച് കമ്പിയില്‍ കോര്‍ത്തുകിടന്നിരുന്ന കത്തുകള്‍ക്കും സന്തോഷം തോന്നിയിരിക്കാം. വായനയില്‍ പല കാര്യങ്ങളും ശ്രദ്ധയില്‍ വന്നു. എല്ലാ കത്തുകളുടേയും ഉള്ളടക്കം ഒരുപോലെയായിരുന്നില്ല. ഘടനയിലും കൈയക്ഷരത്തിലും ഓരോന്നും വ്യത്യാസപ്പെട്ടിരുന്നു. ഇന്ദിരാന്റി വളരെ വ്യക്തിപരമായ കാര്യങ്ങളാണ് എഴുതിയിരുന്നതെങ്കില്‍ ദേവദാസങ്കിള്‍ ജോലിക്കാര്യങ്ങളാണ് കൂടുതലും എഴുതിയിരുന്നത്.
കാര്‍ത്തികേയന്‍ മാമന്‍ വോളിബോള്‍ കളിയെക്കുറിച്ചും അടുത്ത വരവിന് കരിപ്പെട്ടി ശര്‍ക്കര കൊണ്ടുവരുന്നതിനെക്കുറിച്ചുമായിരുന്നു എഴുതിയിരുന്നതെങ്കില്‍ സുലൈമാനങ്കിള്‍ കുടകിലെ മുന്തിരികൃഷിയെക്കുറിച്ചും അതിന്റെ കഷ്ടപ്പാടുകളെക്കുറിച്ചുമാണ് എഴുതിയിരുന്നത്. പിന്നെയും മൂന്നു നാലു പേരുടെ കത്തുകള്‍ കൂടിയുണ്ടായിരുന്നു.
എല്ലാ കത്തുകളിലും പൊതുവായി അവിടെ സുഖം, ഇവിടെയും സുഖം എന്ന വരികളും വീട്ടുകാരുടെ സുഖവിശേഷങ്ങളും ഉണ്ടായിരുന്നു. എന്നാല്‍, ഒരു കത്തിലും അപ്പയുടെ കത്തുകളിലേതുപോലെ പലനിറ ചിത്രങ്ങളോ രണ്ടു വരി മുട്ടിച്ചുള്ള എഴുത്തോ കണ്ടില്ല. തിരക്കുപിടിച്ചുള്ള എഴുത്തുകളായിരുന്നു എല്ലാം. മിക്ക കത്തുകളും ആവര്‍ത്തനങ്ങളായി തോന്നി. അതില്‍ ഇന്ദിരാന്റിയുടെ കത്തില്‍ മാത്രമാണ് ചില പ്രത്യേകതകള്‍ ഉണ്ടായിരുന്നത്. അവര്‍ ഓരോ തവണയും വളരെ ആത്മാര്‍ഥമായി അപ്പയോട് ഹൃദയം പകര്‍ന്നിരുന്നു. ചില പ്രതിസന്ധികളില്‍ അപ്പയുടെ അഭിപ്രായങ്ങള്‍ അവര്‍ സ്വീകരിക്കുന്നുണ്ടായിരുന്നു. പ്രണയമല്ലാത്ത ഒരടുപ്പവും സ്‌നേഹവും ആ കത്തുകളില്‍ നിറഞ്ഞുനിന്നിരുന്നു.
നിരന്തരമായുള്ള ആ കത്തുവായനകളാണ് ആര്‍ക്കെങ്കിലും ഒരു കത്തെഴുതണമെന്ന തീവ്രമായ ആഗ്രഹം ഉള്ളില്‍ നിറച്ചത്. എല്ലാവരേയും പോലെ, ഇന്‍ലന്റില്‍ ഒരു കത്തെഴുതി ചുവന്ന പോസ്റ്റ് ബോക്‌സില്‍ കൊണ്ടിടാനും ആഴ്ചകള്‍ക്കുശേഷം കാക്കിക്കുപ്പായമിട്ട പോസ്റ്റ്മാന്‍ ചേട്ടന്‍ അതിനുള്ള മറുപടിയുമായി വരുന്നത് കാത്തിരിക്കാനും ഞാനും ആഗ്രഹിച്ചിരുന്നു. പക്ഷേ, അക്കാലത്ത് ഈശോയല്ലാതെ ഹൃദയം പകരാന്‍ എനിക്ക് മറ്റൊരു കൂട്ടുകാരനോ കൂട്ടുകാരിയോ ഇന്‍ലന്റ് വാങ്ങാനുള്ള പണമോ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് അപ്പ തരാറുള്ള കാലാവധി കഴിഞ്ഞ പഴയ ഡയറികളിലും റഫ്ബുക്കിന്റെ താളുകളിലും ഈശോയ്ക്കും ചില സങ്കല്‍പ്പ സുഹൃത്തുക്കള്‍ക്കും നിരവധി കത്തുകള്‍ എഴുതിയത്. ആ കത്തുകള്‍ എഴുതാന്‍ രഹസ്യമായി അപ്പയുടെ പലനിറ മഷിപ്പേനകള്‍ ഞാന്‍ ഉപയോഗിച്ചു. ചിത്രങ്ങളും ഉരുണ്ട അക്ഷരങ്ങളുംകൊണ്ട് ഓരോന്നും ഏറ്റവും മനോഹരമാക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തു.
എന്തിനാണ് ആളുകള്‍ കത്തുകള്‍ എഴുതുന്നത്? ജീവിതത്തില്‍ കത്തുകള്‍കൊണ്ടുള്ള പ്രയോജനം എന്താണ്? ആരൊക്കെ ആര്‍ക്കൊക്കെയാവും കത്തുകള്‍ എഴുതുക? എത്ര തരം കത്തുകള്‍ ഉണ്ടായിരിക്കും എന്നിങ്ങനെ കത്തുകളെ ചുറ്റിപ്പറ്റിയുള്ള ഒരുപാട് ചോദ്യങ്ങള്‍ കൗമാരകാലത്തിന് മുമ്പേ ഉള്ളില്‍ സ്വാഭാവികമായി ഉണ്ടായിവന്നു. അപ്പയെ മാത്രമല്ല അയല്‍വക്കത്തെ അങ്കിള്‍മാര്‍, ആന്റിമാര്‍, ചേട്ടന്മാര്‍, ചേച്ചിമാര്‍, അപ്പൂപ്പന്‍മാര്‍, അമ്മൂമ്മമാര്‍ തുടങ്ങി ഓരോരുത്തരെയും രഹസ്യമായി ഞാന്‍ നിരീക്ഷിച്ചു തുടങ്ങി.