തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനം; തോമസ് ഐസക്കിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

0

പത്തനംതിട്ട: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘനം പരാതിയിൽ, പത്തനംതിട്ട മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന് നോട്ടീസ്. തിരഞ്ഞെടുപ്പ് ഭരണാധികാരിയായ പത്തനംതിട്ട ജില്ലാ കളക്ടർ ഈ കാര്യത്തിൽ തോമസ് ഐസക്കിനോട്‌ വിശദീകരണം തേടിയിരിക്കുകയാണ്. മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കാനാണ് തോമസ് ഐസക്കിന് ജില്ലാ കളക്ടര്‍ നോട്ടീസിലൂടെ നിർദ്ദേശം നല്‍കിയിരിക്കുന്നത്.

കുടുംബശ്രീ വഴിയുള്ള വായ്പ വാഗ്ദാനം, കെ. ഡിസ്ക് വഴി തൊഴിൽദാന പദ്ധതി എന്നിവയെ കുറിച്ചുള്ള തോമസ് ഐസക്കിന്റെ പ്രചാരണങ്ങളിലാണ് പരാതിയുമായി യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്. പരാതിയിന്മേൽ ജില്ലാ കളക്ടര്‍ വിശദീകരണം തേടിയതിലൂടെ ചട്ടലംഘനം വ്യക്തമായെന്ന് പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്‍റ് എ സുരേഷ് കുമാര്‍ പറയുന്നു.

തോമസ് ഐസക്കിന്റെ പ്രഖ്യാപനങ്ങളിൽ പരാതിയുമായി യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലും ജില്ലാ കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയിലാണിപ്പോള്‍ ജില്ലാ കളക്ടര്‍ വിശദീകരണം തേടിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്നാണ് പ്രധാനമായും പരാതിയിൽ പറയുന്നത്. കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, ഹരിത കർമ സേന പ്രവർത്തകർ എന്നിവരെ പ്രചാരണത്തിന് ഉപയോഗിക്കുന്നു എന്നും ആരോപണമുണ്ട്. അതേസമയം യുഡിഎഫിന്‍റെ ആരോപണങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ലെന്നായിരുന്നു ഇടതുപക്ഷത്തിന്റെ വിശദീകരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *