ഇത്തവണ ഫീൽഡിങ്ങിലും വിസ്മയിപ്പിച്ച് പാണ്ഡ്യ; റിഷാദിനെ പുറത്താക്കിയത് ‘പതിറ്റാണ്ടിന്റെ ക്യാച്ചെ’ന്ന് ആരാധകർ
ന്യൂഡൽഹി∙ ഗ്വാളിയറിൽ നടന്ന ബംഗ്ലദേശിനെതിരായ ഒന്നാം ട്വന്റി20യിൽ ബാറ്റിങ്ങിലാണ് ഹാർദിക് പാണ്ഡ്യ വിസ്മയം തീർത്തതെങ്കിൽ, ദിവസങ്ങൾക്കിപ്പുറം ന്യൂഡൽഹിയിൽ നടന്ന രണ്ടാം ട്വന്റി20യിൽ താരം വിസ്മയിപ്പിച്ചത് അസാമാന്യ ഫീൽഡിങ് മികവിലൂടെ! രണ്ടാം ട്വന്റി20യിൽ ബംഗ്ലദേശ് താരം റിഷാദ് ഹുസൈനെ പുറത്താക്കാൻ ബൗണ്ടറിക്കു സമീപംവച്ച് പാണ്ഡ്യയെടുത്ത അസാധ്യ ക്യാച്ചാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം.ഇന്ത്യ ഉയർത്തിയ 222 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബംഗ്ലദേശ് ബാറ്റു ചെയ്യുന്നതിനിടെ, 14–ാം ഓവറിലാണ് സംഭവം.
കൂട്ടത്തകർച്ചയ്‌ക്കിടെ മായങ്ക് യാദവ്, റിയാൻ പരാഗ് എന്നവർക്കെതിരെ തുടർച്ചയായ ഓവറുകളിൽ ബൗണ്ടറി നേടി റിഷാദ് ഹുസൈന്റെ തിരിച്ചടി. ഇതിന്റെ തുടർച്ചയായി 14–ാം ഓവറിൽ വരുൺ ചക്രവർത്തിക്കെതിരെ സിക്സറിനുള്ള ശ്രമം.ഓവറിലെ മൂന്നാം പന്തിൽ വൈഡ് ലോങ് ഓണിലൂടെ ബൗണ്ടറിക്കായിരുന്നു ശ്രമം. ഉയർന്നെത്തിയ പന്തു ലക്ഷ്യമാക്കി ഡീപ് മിഡ്‌വിക്കറ്റിൽനിന്ന് ബൗണ്ടറിക്കരികിലൂടെ പാണ്ഡ്യ ഓടിയെത്തി. ഓട്ടത്തിനിടെ ഇരുകൈ കൊണ്ടും പന്തു പിടിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
എങ്കിലും വലതുകൈയ്യിൽ കുരുങ്ങിയ പന്ത് അസാധ്യമായ രീതിയിൽ പാണ്ഡ്യ കയ്യിലൊതുക്കുകയായിരുന്നു. മാത്രമല്ല, പന്തുമായി ഗ്രൗണ്ടിൽ വീണെങ്കിലും പിടിവിടാതെ സൂക്ഷിക്കുകയും ചെയ്തു.ഈ സമയം മറുവശത്ത് നിന്ന് പന്ത് ലക്ഷ്യമാക്കി ഓടിയെത്തിയ അഭിഷേക് ശർമ, പാണ്ഡ്യയുടെ വരവുകണ്ട് വഴിമാറിക്കൊടുക്കുകയും ചെയ്തു. പാണ്ഡ്യയുടെ കഠിനാധ്വാനവും കായികക്ഷമതയും തെളിയിക്കുന്ന ക്യാച്ചാണിതെന്ന അഭിനന്ദനവുമായി ഒട്ടേറെപ്പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്.