‘ഈ സർക്കാരിനെ വിശ്വസിച്ച് സ്ത്രീകൾ എങ്ങനെ മൊഴി കൊടുക്കും; നിയമസഭ കൗരവസഭയായി മാറുകയാണോ?’
തിരുവനന്തപുരം ∙ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടി വൈകിപ്പിച്ചതുമായി ബന്ധപ്പെട്ട് കെ.കെ.രമ എംഎൽഎ നല്‍കിയ അടിയന്തരപ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ച സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഈ വിഷയം ചോദ്യമായി ഉന്നയിച്ചപ്പോള്‍ സബ്മിഷനായി അവതരിപ്പിക്കാന്‍ പറഞ്ഞത് സ്പീക്കറാണ്. ഇപ്പോള്‍ ചോദ്യത്തിനും മറുപടി നല്‍കില്ല അടിയന്തരപ്രമേയത്തിന് അനുമതി നല്‍കുകയും ഇല്ല എന്ന സ്ഥിതിയാണ്. സര്‍ക്കാര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല.
സ്പീക്കറുടെ തീരുമാനം സഭാ കീഴ്‌വഴക്കങ്ങള്‍ക്കു വിരുദ്ധമാണെന്നും സഭവിട്ട് പുറത്തുവന്ന ശേഷം പ്രതിപക്ഷ നേതാവ് പറഞ്ഞു.‘‘കേരളത്തിലെ സ്ത്രീകളെ ഗൗരവമായി ബാധിക്കുന്ന വിഷയം സഭയില്‍ ചര്‍ച്ച ചെയ്തില്ലെങ്കില്‍ പിന്നെ എവിടെയാണ് ചര്‍ച്ച ചെയ്യുക. കേരളത്തിന്റെ നിയമസഭ കൗരവസഭയായി മാറുകയാണോ. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചത് ഞെട്ടല്‍ ഉളവാക്കുന്ന കാര്യമാണ്’’ – സതീശന്‍ പറഞ്ഞു.റിപ്പോര്‍ട്ട് പുറത്തുവിടുമ്പോള്‍ സുപ്രീംകോടതി മാര്‍ഗനിര്‍ദേശം പാലിക്കണമെന്നു മാത്രമാണ് ജസ്റ്റിസ് ഹേമ പറഞ്ഞത്.
അതിനെയാണ് റിപ്പോര്‍ട്ട് പറുത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞുവെന്ന് മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും സഭയെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വ്യാഖ്യാനിക്കുന്നത്. ലൈംഗികാതിക്രമങ്ങളുടെ പരമ്പര നടന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. എന്നിട്ട് നാലര വര്‍ഷം സര്‍ക്കാര്‍ ഇതു കൈയില്‍വച്ചു. അത് നിയമവിരുദ്ധമാണ്. ലൈംഗികാതിക്രമം നടന്നുവെന്ന് അറിഞ്ഞാല്‍ എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്തിയില്ലെങ്കില്‍ അത് ഒളിച്ചുവച്ചവര്‍ക്ക് ആറു മാസം തടവുശിക്ഷ നല്‍കണമെന്നാണ് നിയമം പറയുന്നത്.
ഇക്കാര്യം ഒളിപ്പിക്കുക വഴി ക്രിമിനല്‍ കുറ്റമാണ് മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും ചെയ്തിരിക്കുന്നതെന്നും സതീശൻ ചൂണ്ടിക്കാട്ടി.മൊഴി കൊടുക്കാന്‍ ആരും തയാറാകുന്നില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആദ്യം മുതല്‍ തന്നെ സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഈ സര്‍ക്കാരിനെ എങ്ങനെ സ്ത്രീകള്‍ വിശ്വസിക്കും. ഇരകള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നെങ്കില്‍ എല്ലാവരും വന്നു മൊഴി കൊടുക്കുമായിരുന്നു. ഇപ്പോള്‍ ഇരകളെയും വേട്ടക്കാരെയും ഒരുമിച്ച് ഇരുത്തി കോണ്‍ക്ലേവ് നടത്താന്‍ പോവുകയാണെന്നും സതീശൻ ആരോപിച്ചു.