തിരുവോണം ബമ്പർ ഭാഗ്യക്കുറി പ്രകാശിപ്പിച്ചു :ഒന്നാം സമ്മാനം: 25 കോടി രൂപ, ടിക്കറ്റ് വില:500

തിരുവനന്തപുരം: ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി പ്രകാശിപ്പിച്ചു. ഒന്നാം സമ്മാനമായി 25 കോടി രൂപ നൽകുന്ന ഭാഗ്യക്കുറിയുടെ പ്രകാശനം തിരുവനന്തപുരം സെക്രട്ടേറിയറ്റ് പി.ആർ. ചേംബറിൽ നടന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു.
500 രൂപ ടിക്കറ്റ് വിലയുള്ള ഈ വർഷത്തെ തിരുവോണം ബമ്പർ സെപ്റ്റംബർ 27-ന് ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുക്കുക. പ്രകാശന ചടങ്ങിൽ സംസാരിച്ച മന്ത്രി കെ.എൻ. ബാലഗോപാൽ, കേരളത്തിലെ ലോട്ടറി സംവിധാനം ഏകദേശം ഒരു ലക്ഷത്തോളം പേരുടെ വരുമാനമാണെന്ന് ചൂണ്ടിക്കാട്ടി. തിരുവോണം ബമ്പറിലൂടെ 125 കോടിയിലധികം രൂപ സമ്മാനമായി നൽകുമെന്നും മന്ത്രി പറഞ്ഞു.
ഒന്നാം സമ്മാനം: 25 കോടി രൂപ,സമാശ്വാസ സമ്മാനം: 5 ലക്ഷം രൂപ വീതം 9 പേർക്ക്
രണ്ടാം സമ്മാനം: 5 കോടി രൂപ,മൂന്നാം സമ്മാനം: ഓരോ സീരിസിലും ഒരു കോടി രൂപ (ആകെ 10 സീരിസ്)
നാലാം സമ്മാനം: അവസാന അഞ്ചക്കത്തിന് 1 ലക്ഷം രൂപ വീതം 90 പേർക്ക്,അഞ്ചാം സമ്മാനം: അവസാന നാലക്കത്തിന് 5,000 രൂപ വീതം 72,000 പേർക്ക് (80 തവണ നറുക്കെടുപ്പ്)
ആറാം സമ്മാനം: അവസാന നാലക്കത്തിന് 3,000 രൂപ വീതം 48,600 പേർക്ക് (54 തവണ നറുക്കെടുപ്പ്)
ഏഴാം സമ്മാനം: അവസാന നാലക്കത്തിന് 2,000 രൂപ വീതം 66,600 പേർക്ക് (74 തവണ നറുക്കെടുപ്പ്)
എട്ടാം സമ്മാനം: അവസാന നാലക്കത്തിന് 1,000 രൂപ വീതം 2,10,600 പേർക്ക് (234 തവണ നറുക്കെടുപ്പ്)
ലോട്ടറിയടിച്ചാൽ വാഗ്ദാനം ചെയ്യുന്ന മുഴുവൻ തുകയും വിജയിക്ക് ലഭിക്കില്ല. ആദായനികുതി വിഹിതവും സർചാർജും ഏജൻ്റ് കമ്മിഷനും കഴിച്ചുള്ള തുകയാണ് ഭാഗ്യക്കുറി വിജയിക്ക് ലഭിക്കുകയെന്ന് ലോട്ടറി വകുപ്പ് വ്യക്തമാക്കുന്നു.ഏജൻ്റ് കമ്മിഷൻ: 25 കോടി രൂപ ഒന്നാം സമ്മാനത്തിന്, അതിൻ്റെ 10 ശതമാനം വരുന്ന രണ്ടര കോടി രൂപ ഏജൻ്റ് കമ്മിഷനായി നൽകും. ഇതോടെ, ഭാഗ്യവാന് ലഭിക്കേണ്ട സമ്മാനത്തുക 22.5 കോടി രൂപയായി കുറയും.ആദായനികുതി (TDS): 10 ലക്ഷത്തിൽ കൂടുതൽ വരുമാനം ലഭിക്കുന്നവർക്ക് 30 ശതമാനം ആദായനികുതി ബാധകമാണ്. 22.5 കോടി രൂപയിൽ നിന്ന് 30 ശതമാനം ടി.ഡി.എസ് ഇനത്തിൽ കുറയ്ക്കും. ഇത് ആറു കോടി എഴുപത്തഞ്ച് ലക്ഷം രൂപ വരും. ഈ തുക ലോട്ടറി വകുപ്പ് നേരിട്ട് ആദായ നികുതിയായി അടയ്ക്കും.50 ലക്ഷത്തിനു മുകളിൽ വരുമാനമുള്ളവർ ആദായനികുതി നിയമപ്രകാരം സർചാർജ് അടയ്ക്കാൻ ബാധ്യസ്ഥരാണ്. ഇവിടെ സമ്മാനത്തുക 15 കോടിക്ക് മുകളിലായതിനാൽ, വിജയിയുടെ പേരിൽ 37 ശതമാനം സർചാർജ് ഒടുക്കേണ്ടി വരും. ഏകദേശം രണ്ടര കോടി രൂപ സർചാർജ് ഇനത്തിൽ പിടിക്കുമെന്നും ലോട്ടറി വകുപ്പ് വിശദീകരിച്ചു.
അങ്ങനെ, 25 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിക്കുന്നയാൾക്ക് നികുതികളും കമ്മിഷനും കുറച്ചശേഷം, ഏകദേശം 13 കോടിയിലധികം രൂപയായിരിക്കും അക്കൗണ്ടിൽ എത്തുക. വലിയൊരു തുകയാണെങ്കിൽ പോലും, വാഗ്ദാനം ചെയ്യുന്ന തുക നേരിട്ട് ലഭിക്കില്ല എന്നതിനെക്കുറിച്ച് ജനങ്ങൾഅറിഞ്ഞിരിക്കേണ്ടതുണ്ടെന്ന് ലോട്ടറി വകുപ്പ് ഓർമ്മിപ്പിക്കുന്നു.