ബിജെപിയെ വെട്ടിലാക്കി ‘തിരുവിതാംകൂർ’ തട്ടിപ്പ്; ‘നേതാക്കളെ വിശ്വസിച്ചു, വഞ്ചിക്കുമെന്ന് കരുതിയില്ല’
തിരുവനന്തപുരം∙ ‘‘ഇനിയുള്ള കാലം അല്ലലില്ലാതെ കഴിയാമെന്നു കരുതിയാണ്, റിട്ടയര്‍മെന്റിന് കിട്ടിയ കാശും കൈയിലെ സമ്പാദ്യവുമെല്ലാം ചേര്‍ത്ത് അവിടെ നിക്ഷേപിച്ചത്. ഇതിപ്പോ അതെല്ലാം നഷ്ടമാകുമെന്നാണ് തോന്നുന്നത്. ഒരു ജീവിതകാലം മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ പണം തിരികെ കിട്ടാന്‍ ഇപ്പോള്‍ പൊലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങേണ്ട അവസ്ഥയാണ്. മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടെ വിശ്വസിച്ചു പോയി. നമ്മളെ അവര്‍ വഞ്ചിക്കുമെന്ന് കരുതിയില്ല. എന്റെ പേരൊന്നും കൊടുക്കരുതേ. നടന്നു പോകുമ്പോള്‍ ഒരു വണ്ടി കൊണ്ടുവന്ന് തട്ടിച്ചാല്‍ തീര്‍ന്നില്ലേ.’’ – തിരുവനന്തപുത്തെ തിരുവിതാംകൂര്‍ സഹകരണ സംഘത്തില്‍ പണം നിക്ഷേപിച്ച ഒരു വീട്ടമ്മയുടെ വാക്കുകളാണിത്.
സഹകരണ സംഘത്തിലെ കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന പരാതി തലസ്ഥാനത്ത് ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്. ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെട്ട സഘത്തിലെ നിക്ഷേപകരാണ് നിക്ഷേപത്തുക തിരികെ ലഭിക്കുന്നില്ലെന്ന് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ബിജെപിയുടെ നിയന്ത്രണത്തിലുള്ള തിരുവിതാംകൂര്‍ സഹകരണ സംഘത്തിന്റെ തകരപ്പറമ്പ് ശാഖയിലാണ് 10 കോടിയിലധികം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടന്നിരിക്കുന്നത്. പണം തിരികെ ആവശ്യപ്പെട്ട നിക്ഷേപകരെ പല അവധികള്‍ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു.
കഴിഞ്ഞ മാസം 22ന് ഭരണസമിതിയുടെ കാലാവധി കഴിഞ്ഞതോടെ അധികൃതര്‍ കൈമലര്‍ത്തി. ഇതോടെ നിക്ഷേപകര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. രേഖകള്‍ ഇല്ലാതെ ലക്ഷങ്ങള്‍ വായ്പ നടത്തിയതുള്‍പ്പെടെ വലിയ ക്രമക്കേടുകളാണ് നടന്നിരിക്കുന്നതെന്നാണ് സഹകരണ വകുപ്പിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മുതിര്‍ന്ന ബിജെപി നേതാക്കളെ വിശ്വസിച്ചാണ് പണം നിക്ഷേപിച്ചതെന്ന് നിക്ഷേപകരില്‍ പലരും പറയുന്നു. 2004ല്‍ ആണ് സംഘം പ്രവര്‍ത്തനം ആരംഭിച്ചത്. മണക്കാട്, ശാസ്തമംഗലം, കണ്ണമ്മൂല എന്നിവിടങ്ങളില്‍ ശാഖകളുണ്ട്. നിക്ഷേപകരില്‍ പലരും ബിജെപി പ്രവര്‍ത്തകരാണെങ്കിലും പണം തിരികെ കിട്ടാതെ വലയുകയാണ്.
തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണ് പൊലീസ്. ഇതുവരെ 7 കേസുകൾ പൊലീസ് റജിസ്റ്റർ ചെയ്തു നിലവില്‍ 85 പേരാണ് ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ശനിയാഴ്ച രാവിലെ ഫോര്‍ട്ട് സിഐ നിക്ഷേപകരെ സ്‌റ്റേഷനിലേക്കു വിളിപ്പിച്ചു. പണം നഷ്ടപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തി വരുംദിവസങ്ങളില്‍ കൂടുതല്‍ എഫ്‌ഐആറുകള്‍ റജിസ്റ്റര്‍ ചെയ്യുമെന്ന് സിഐ അറിയിച്ചു. റിട്ടയര്‍മെന്റ് ആനുകൂല്യം ലഭിച്ച പണം ഉള്‍പ്പെടെ ജീവതകാലത്തെ മുഴുവന്‍ സമ്പാദ്യവും തിരുവിതാംകൂര്‍ സഹകരണ സംഘത്തില്‍ നിക്ഷേപിച്ചവരാണ് ഇപ്പോള്‍ മുതലും പലിശയും നഷ്ടമായി ദുരിതത്തിലായിരിക്കുന്നത്. 50 ലക്ഷം രൂപ മുതല്‍ നിക്ഷേപിച്ചിട്ടുള്ളവര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്.
പിഎഫ്, ഗ്രാറ്റുവിറ്റി എന്നിവയില്‍ നിന്നുള്ള തുകയാണ് പലരും നിക്ഷേപിച്ചത്. യാതൊരു ഈടുമില്ലാതെ നടപടി ക്രമങ്ങള്‍ പാലിക്കാതെ ലക്ഷക്കണക്കിനു രൂപ പലര്‍ക്കും വായ്പ നല്‍കിയതാണ് സംഘത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കിയതെന്നാണ് നിക്ഷേപകരുടെ പരാതി. വായ്പ എടുത്തവരില്‍ പലരും പണം തിരിച്ചടയ്ക്കാതെ വന്നതോടെ ബാധ്യത പെരുകുകയായിരുന്നു. ഭരണസമിതി അംഗങ്ങള്‍ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ വരുത്തിയ ഗുരുതര വീഴ്ച കാരണം സംഘത്തിന് 32 കോടിരൂപ സാമ്പത്തിക നഷ്ടമുണ്ടായെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. നഷ്ടം ബന്ധപ്പെട്ട കാലയളവിലെ ഭരണസമിതി അംഗങ്ങളില്‍ നിന്നു പലിശസഹിതം ഈടാക്കണമെന്നും സഹകരണ അസി.റജിസ്ട്രാര്‍ ഓഫിസിലെ ഇന്‍സ്‌പെക്ടര്‍ എം.എസ്.ദേവസേനന്‍ നായര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ജീവനക്കാരുടെ നിയമനത്തിലും സ്ഥാനക്കയറ്റത്തിലും ക്രമക്കേടുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സംഘത്തിലെ ധൂര്‍ത്തും സാമ്പത്തിക അച്ചടക്കമില്ലായ്മയുമാണ് പ്രതിസന്ധികള്‍ക്കു കാരണം. ഭരണവകുപ്പില്‍നിന്ന് അംഗീകാരം ലഭ്യമാക്കാതെ കലക്ഷന്‍ ഏജന്റുമാരെ നിയോഗിച്ച് ഭീമമായ കമ്മിഷന്‍ നല്‍കി. ക്രമവിരുദ്ധമായി പലിശയിളവ് നല്‍കി വന്‍തുക നഷ്ടപ്പെടുത്തി, ആവശ്യമായ രേഖകള്‍ വാങ്ങാതെ ലക്ഷങ്ങള്‍ ബിസിനസ് വായ്പയായി നല്‍കി, പല വായ്പകളും കാലാവധി കഴിഞ്ഞിട്ടും കൃത്യമായി തിരിച്ചടച്ചില്ല തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നു.
പണം നഷ്ടമായ നിക്ഷേപകരുടെ പരാതിയില്‍ സൊസൈറ്റി പ്രസിഡന്റിനെ ഒന്നും സെക്രട്ടറിയെ രണ്ടും പ്രതികളാക്കിയാണ് ഫോര്‍ട്ട് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബോര്‍ഡ് അംഗങ്ങള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സഹകരണ വകുപ്പും അന്വേഷണം ആരംഭിച്ചു. സ്റ്റാച്യു സ്വദേശി ടി.സുധാദേവി (77)യുടെ പരാതിയിലാണ് ആദ്യം കേസ് എടുത്തത്. ഇവര്‍ക്ക് 8.5 ലക്ഷം രൂപയാണ് നഷ്ടമായത്. 2017 മാര്‍ച്ച് 4 മുതല്‍ ഇവര്‍ പലതവണകളായി പണം നിക്ഷേപിച്ചു. കഴിഞ്ഞ ഏപ്രില്‍ 28ന് നിക്ഷേപത്തിന്റെ കാലാവധി പൂര്‍ത്തിയായെങ്കിലും പണം തിരികെ നല്‍കിയില്ല.
വെള്ളനാട് സ്വദേശി ദിനചന്ദ്രന് 20 ലക്ഷം രൂപയും വഞ്ചിയൂര്‍ ചിറക്കുളം സ്വദേശി വി.എസ്.ദിവ്യയ്ക്ക് 4.70 ലക്ഷം രൂപയും ലഭിക്കാനുണ്ട്. പണം നഷ്ടമായ 92 പേര്‍ ചേര്‍ന്നു വാട്‌സാപ് ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. നിലവില്‍ അഡ്മിനിസ്‌ട്രേറ്ററുടെ ഭരണത്തിലാണ് സൊസൈറ്റിയെന്നും ഭരണസമിതി അംഗങ്ങള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. കേസുകള്‍ റജിസ്റ്റര്‍ ചെയ്ത ശേഷം അന്വേഷണം ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറാനാണ് സാധ്യത. 3 കോടി രൂപയില്‍ കൂടുതലുള്ള സാമ്പത്തികത്തട്ടിപ്പ് കേസുകള്‍ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കേണ്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫോര്‍ട്ട് പൊലീസ് കമ്മിഷണര്‍ക്കു റിപ്പോര്‍ട്ട് നല്‍കും.
∙ നിക്ഷേപത്തട്ടിപ്പിന്റെ വ്യാപ്തി 15 കോടിസഹകരണ സംഘത്തിലെ നിക്ഷേപത്തട്ടിപ്പിന്റെ വ്യാപ്തി 15 കോടിയിലേക്ക്. പൊലീസ് കമ്മിഷണർ ഓഫിസിലും ഫോർട്ട് പൊലീസ് സ്റ്റേഷനിലും ലഭിച്ച പരാതികൾ പരിശോധിച്ചാണ് പൊലീസ് തുക നിർണയിച്ചത്. ഇതുവരെ പരാതികളിലായി 7 കേസുകൾ പൊലീസ് റജിസ്റ്റർ ചെയ്തു. ഇവർക്കു മാത്രമായി 1.5 കോടിയോളം രൂപയാണ് നഷ്ടമായതെന്നും 75 പരാതികളിൽ കൂടി കേസ് റജിസ്റ്റർ ചെയ്യുമ്പോൾ തട്ടിപ്പ് 15 കോടി കടക്കുമെന്നും പൊലീസ് പറഞ്ഞു. അതേസമയം, ബിജെപി നേതാക്കളായ ഭരണസമിതി അംഗങ്ങളുടെ പേര് ഒഴിവാക്കിയാണ് 7 കേസുകളിലും എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിജെപി നേതാവായ സംഘം പ്രസിഡന്റിനെ ഒന്നും സെക്രട്ടറിയെ രണ്ടും പ്രതികളാക്കി മുൻ ഭരണസമിതിയിലെ 11 പേർക്ക് എതിരെയാണ് കേസ്. ബിജെപി നേതാവ് എം.എസ്.കുമാർ (പ്രസി), മുൻ കൗൺസിലർ ജി.മാണിക്യം (വൈസ് പ്രസി), എം.ശശിധരൻ, എസ്.ഗോപകുമാർ, കെ.ആർ.സത്യചന്ദ്രൻ, എസ്.ഗണപതി പോറ്റി, ജി.ബിനുലാൽ, സി.എസ്.ചന്ദ്രപ്രകാശ്, ടി.ദീപ, കെ.എസ്.രാജേശ്വരി, ചന്ദ്രിക നായർ എന്നിവരാണു മുൻ ഭരണസമിതി അംഗങ്ങൾ. കഴിഞ്ഞ മാസം 22ന് ഭരണസമിതിയുടെ കാലാവധി കഴിഞ്ഞു. അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാണ് സൊസൈറ്റി. തട്ടിപ്പിന്റെ വ്യാപ്തി കൂടിയതിനെത്തുടർന്നു അന്വേഷണം ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറും. 3 കോടി രൂപയിൽ കൂടുതലുള്ള സാമ്പത്തിക തട്ടിപ്പ് കേസുകൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കേണ്ടത്.
∙ ജാമ്യ വ്യവസ്ഥകൾ പാലിക്കാതെ ലക്ഷങ്ങൾ വായ്പതിരുവിതാംകൂർ സഹകരണ സംഘത്തിൽ ലക്ഷങ്ങൾ വായ്പയായി വിതരണം ചെയ്തത് മതിയായ ജാമ്യ വ്യവസ്ഥകൾ പാലിക്കാതെയെന്ന് സഹകരണ വകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ട്. വായ്പകൾക്ക് അധിക പലിശയിളവ് നൽകൽ, നിയമനങ്ങളിലെ ക്രമക്കേട് തുടങ്ങി പലവിധ കാരണങ്ങളാൽ സംഘത്തിന് 32 കോടി രൂപയുടെ സാമ്പത്തിക നഷ്ടം സംഭവിച്ചു. ചെക്കും ജാമ്യ കടപത്രവും മാത്രം ഈടായി സ്വീകരിച്ചാണു വായ്പകൾ നൽകിയത്. ബിസിനസ് വായ്പ ഇനത്തിൽ 6.70 ലക്ഷം രൂപയും സിഎസ് വായ്പ പലിശയിനത്തിൽ 10.77 ലക്ഷം രൂപയും പലിശയിളവ് നൽകി സംഘത്തിന് 17.47ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാക്കി. എംഡിഎസ് വായ്പ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ ഉൾപ്പെടുത്തി പലിശ ഇളവ് നൽകിയതു വഴി സംഘത്തിന് 3.48 ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടവും സംഭവിച്ചു. ഭീമമായ നഷ്ടത്തിൽ പ്രവർത്തിക്കുന്ന സംഘത്തിന്റെ ചെലവ് നിയന്ത്രിക്കണമെന്ന് വകുപ്പ് പലതവണ നിർദേശം നൽകിയിട്ടും ഇതു പാലിച്ചില്ല. മിസലേനിയസ് എക്സ്പെൻസ് 10.79 ലക്ഷം, പരസ്യം 15.60 ലക്ഷം, പ്രിന്റിങ് ആൻഡ് സ്റ്റേഷനറി, കലണ്ടർ അച്ചടി എന്നിവയ്ക്കായി 6.32 ലക്ഷം രൂപയും ചെലവഴിച്ചു. ജീവനക്കാരുടെ നിയമനത്തിലും ഉദ്യോഗക്കയറ്റത്തിലും ക്രമക്കേടുണ്ടെന്നും ഓഡിറ്റിൽ കണ്ടെത്തി.
അധിക തസ്തിക സൃഷ്ടിച്ച് ഫീഡർ കാറ്റഗറിക്കു വിരുദ്ധമായി പ്രമോഷൻ നൽകുകയും ചെയ്തു. ജോയിന്റ് റജിസ്ട്രാറുടെ തുടർച്ചാനുമതി ഇല്ലാതെയാണ് ശാഖകൾ പ്രവർത്തിക്കുന്നത്. 2009–10 മുതൽ സംഘത്തിന്റെ നിക്ഷേപ, വായ്പ അനുപാതം 80 ശതമാനത്തിൽ താഴെയാണ്. ഓഡിറ്റിങിന് വിധേയമായ അവസാന 16 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ സംഘത്തിന്റെ ആസ്തിയിൽ ഓരോവർഷവും ക്രമാനുഗതമായ മൂല്യശോഷണം സംഭവിച്ചിട്ടുണ്ട്. സംഘത്തിലെ ധൂർത്തും സാമ്പത്തിക അച്ചടക്കമില്ലായ്മയും ഭരണകെടുകാര്യസ്ഥതയും ആണ് ഇതിനു കാരണം. എസ്റ്റാബ്ലിഷ്മെന്റ് ആൻഡ് കണ്ടിൻജന്റ് ഇനങ്ങളിൽ ഭീമമായ തുകയാണ് ഓരോ വർഷവും ചെലവഴിച്ചിരിക്കുന്നത്. സംഘത്തിന്റെ സാമ്പത്തിക നഷ്ടം ബന്ധപ്പെട്ട കാലയളവിലെ ഭരണസമിതി അംഗങ്ങളിൽ നിന്നു പലിശ ഈടാക്കണമെന്നും സഹകരണ അസിസ്റ്റന്റ് റജിസ്ട്രാർ ഓഫിസിലെ ഇൻസ്പെക്ടർ എം.എസ്.ദേവസേനൻ നായർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
∙ കലക്‌ഷൻ ഏജന്റിന് കമ്മിഷൻ 4.11 കോടി രൂപസഹകരണ വകുപ്പിന്റെ അനുമതി ഇല്ലാതെ നിയമിച്ച കലക്‌ഷൻ ഏജന്റുമാർക്കു 2011 മുതൽ 2023 വരെ കമ്മിഷനായി നൽകിയതു മാത്രം 4.11 കോടി രൂപയെന്നു റിപ്പോർട്ട്. 3.22 കോടിരൂപ ഹെഡ് ഓഫിസും 16.86 ലക്ഷം രൂപ ശാസ്തമംഗലം ശാഖയും 15 ലക്ഷം രൂപ കണ്ണമ്മൂല ശാഖയും 56 ലക്ഷം രൂപ മണക്കാട് ശാഖയും ചെലവഴിച്ചു. വകുപ്പിന്റെ അനുമതി ഇല്ലാതെ ഹെഡ് ഓഫിസിലും ശാഖകളിലും ക്രമവിരുദ്ധമായിട്ടാണ് കലക്‌ഷൻ ഏജന്റുമാരെ നിയോഗിച്ചത്. സംഘത്തിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്താതെ ഭരണ സമിതി ഒട്ടേറെ കലക്‌ഷൻ ഏജന്റുമാരെ നിയമിക്കുകയും പൊതുഫണ്ട് ഉപയോഗിച്ച് കമ്മിഷൻ നൽകുകയും ചെയ്തു. കലക്‌ഷൻ ഏജന്റുമാരുടെ അറ്റൻഡൻസ് എഴുതി സൂക്ഷിക്കാത്തതിനാൽ എത്ര പേരുണ്ടെന്ന് ഓഡിറ്റിൽ കണ്ടെത്താനായിട്ടില്ല.
ജോയിന്റ് റജിസ്ട്രാറുടെ ഉത്തരവ് പ്രകാരം മണക്കാട് ശാഖ പ്രവർത്തിപ്പിക്കുന്നതിനു അനുമതി ലഭിച്ചിരുന്നു. ശാഖയുടെ പ്രവർത്തനം ഒരു വർഷത്തേക്കാണെന്നും പ്രവർത്തനം വിലയിരുത്തിയ ശേഷം തുടർച്ചാനുമതി നൽകാമെന്നുമായിരുന്നു വ്യവസ്ഥ. എന്നാൽ റജിസ്ട്രാർ തുടർച്ചാനുമതി നൽകാത്ത ശാഖ തുടർന്നും പ്രവർത്തിപ്പിച്ചു. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടും ശാഖയുടെ പ്രവർത്തനം അവസാനിപ്പിച്ചില്ല. ശാഖ മാറ്റി സ്ഥാപിക്കുന്നതിനായി പൊതുഫണ്ടിൽ നിന്നു 3 ലക്ഷം രൂപയും ഹെഡ് ഓഫിസ് മാറുന്നതിനായി 6 ലക്ഷം രൂപയും ചെലവഴിച്ചു. മറ്റു വരുമാന മാർഗങ്ങളൊന്നും കണ്ടെത്താതെ അംഗങ്ങളുടെ നിക്ഷേപത്തിൽ നിന്നാണ് ഇതിനെല്ലാം പണം വകമാറ്റിയത്. അനുമതി ഇല്ലാതെ ഡ്രൈവർ തസ്തികയുണ്ടാക്കി 3 ലക്ഷം രൂപ ശമ്പളത്തിനായി ചെലവഴിക്കുകയും ചെയ്തു.