തിരുവനന്തപുരത്തെ ജലപ്രതിസന്ധി അഞ്ചാം ദിവസത്തിലേക്ക് കടക്കുന്നു, നിരാശ മൌണ്ട്
തിരുവനന്തപുരം ∙ നഗരത്തിലെ കുടിവെള്ളപ്രശ്നം അഞ്ചാം ദിവസവും പൂർണമായും പരിഹരിക്കാനായില്ല. ഒരൊറ്റ പൈപ്പ് മാറ്റിയതിന്റെ പേരിൽ തിരുവനന്തപുരം നഗരത്തിലെ 5 ലക്ഷത്തോളം ജനങ്ങൾക്കു 4 ദിവസം ജലഅതോറിറ്റി വെള്ളം നിഷേധിച്ചിരുന്നു. ഞായറാഴ്ച രാത്രി പത്തോടെ പൈപ്പ് ശരിയാക്കി പമ്പിങ് തുടങ്ങിയിട്ടും തലസ്ഥാനത്തു പലയിടത്തും ഇനിയും വെള്ളം എത്തിയിട്ടില്ല. ജനങ്ങൾ വെള്ളമില്ലാതെ അലയുകയാണ്.
ജലവിതരണം ഭാഗികമായി പുനഃസ്ഥാപിച്ചെന്നു കോർപറേഷൻ അറിയിച്ചു. ആറ്റുകാൽ, ഐരാണിമുട്ടം എന്നിവിടങ്ങളിൽ വെള്ളമെത്തി. ഉച്ചയോടെ പ്രശ്നത്തിനു പരിഹാരമാകും എന്നാണു പ്രതീക്ഷ. ജലവിതരണ പ്രശ്നത്തിനെതിരെ സത്യഗ്രഹം നടത്തുമെന്നു കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർമാർ അറിയിച്ചു. പ്രശ്നം പൂർണമായി പരിഹരിക്കുന്നതുവരെ 50 വാഹനങ്ങളിൽ കോർപറേഷൻ പരിധിയിൽ ജലവിതരണം ഉണ്ടായിരിക്കുമെന്നു മേയർ ആര്യ രാജേന്ദ്രൻ വ്യക്തമാക്കി.
കുടിവെള്ള പ്രശ്നം പരിഹരിക്കാത്തതിൽ രൂക്ഷവിമർശനവുമായി വി.കെ.പ്രശാന്ത് എംഎൽഎ രംഗത്തെത്തി. ‘‘ജലവകുപ്പിനു വീഴ്‍ച പറ്റി. പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ നിയമിക്കണം എന്നാവശ്യപ്പെട്ടു മന്ത്രി റോഷി അഗസ്റ്റിനു കത്ത് നൽകും. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. നേമത്തു പണി നടത്താൻ നഗരം മുഴുവൻ വെള്ളംകുടി മുട്ടിക്കണോ?’’– വി.കെ.പ്രശാന്ത് ചോദിച്ചു. ഉച്ചയോടെ എല്ലായിടത്തും വെള്ളമെത്തുമെന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
നഗരവാസികൾ കുടിവെള്ളം കിട്ടാതെ ദുരിതമനുഭവിച്ചതിൽ മന്ത്രി റോഷി അഗസ്റ്റിൻ ഖേദം പ്രകടിപ്പിച്ചിരുന്നു. രാത്രിയോടെ എല്ലായിടത്തും വെള്ളമെത്തുമെന്നു മന്ത്രി ഉറപ്പ് പറഞ്ഞെങ്കിലും വാഗ്ദാനം പാഴായി. തിരുവനന്തപുരം- നാഗര്‍കോവില്‍ പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി ജഗതി സിഐടി റോഡിലുള്ള പ്രധാന പൈപ്പാണ് മാറ്റി സ്ഥാപിച്ചത്. അവിചാരിതമായുണ്ടായ പ്രശ്നങ്ങൾ പ്രതിസന്ധി സൃഷ്ടിച്ചെന്നാണ് ഔദ്യോഗികവാദം. ജനം വീടു പൂട്ടി നാടുവിട്ടപ്പോൾ, മന്ത്രി മന്ദിരങ്ങളിലും എംഎൽഎ ഹോസ്റ്റലിലും വെള്ളത്തിനു തടസ്സമുണ്ടായില്ല. കോർപറേഷനിലെ പകുതിയോളം വാർഡുകളിലാണു വെള്ളം മുടങ്ങിയത്.
നഗരത്തിലെ ജലവിതരണം മുടങ്ങിയതിനെത്തുടർന്ന് തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് കലക്ടർ അവധി പ്രഖ്യാപിച്ചു. സ്കൂളുകളിലെ പരീക്ഷകൾ മാറ്റി. അവധിയുള്ള സ്കൂളുകളിലെ ഓണപ്പരീക്ഷ 13ന് നടത്തും. കേരള സർവകലാശാല നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കോളജുകളിലെ പ്രവേശന നടപടികൾക്കു മാറ്റമില്ല